ബത്തേരി: കടുവയുടെ ആക്രമണത്തില്‍ തഹസില്‍ദാരടക്കം നാല് പേര്‍ക്ക് പരിക്ക്. വയനാട്ടില്‍ വീണ്ടും കടുവയിറങ്ങിയതോടെ ജനം പരിഭ്രാന്തിയിലാണ്. ഇന്നലെ രാവിലെയായിരുന്നു കടുവ ജനവാസകേന്ദ്രത്തിലിറങ്ങിയത്. ബത്തേരി തഹസില്‍ദാര്‍ കെ.കെ.വിജയനടക്കം നാലുപേരെ കടുവഅക്രമിച്ചു. രാവിലെ 8.30ഓടെയാണ് ഓടപ്പള്ളം വടച്ചിറ ഭാഗത്ത് കടുവയിറങ്ങിയത്.
ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി തിരുനെല്ലി ആദിവാസി കോളനിയിലെ രാജന്റെ മകള്‍ ജിജിന(14)യെയാണ് കടുവ ആദ്യം ആക്രമിച്ചത്. തുടര്‍ന്ന് 11ഓടെ സമീപപ്രദേശത്തെ വീട്ടുമുറ്റത്ത് നിന്ന പൂതാടി ശ്രീനാരായണ സ്കൂളിലെ അധ്യാപകന് അമ്പാട്ട് കൃഷ്ണകുമാറിനെ കടുവ ആക്രമിക്കുകയായിരുന്നു. ഇവരെ രണ്ടുപേരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കൃഷ്ണകുമാറിന്റെ പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് വടച്ചിറക്കുന്നിലെ പൂര്‍ണചന്ദ്ര വീട്ടില്‍ പ്രൊഫ. ബാലഗോപാലിന്റെ കാപ്പിത്തോട്ടത്തില്‍ കടുവയെ വീണ്ടും കണ്ടെത്തി.
സൗത്ത് വയനാട് ഡി.എഫ്.ഒ പി ധനേഷ്കുമാറിന്റെ നേതൃത്വത്തില്‍ വനപാലകസംഘം കടുവയെ നിരീക്ഷിക്കുന്നതിനിടെയാണ് ഫോറസ്റ്റര്‍ രാജനെ കടുവ ആക്രമിച്ചത്. ഇദ്ദേഹത്തെ ബത്തേരി ഗവ. ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചു. രാവിലെ 8.30ന് കണ്ടെത്തിയ കടുവയെ നിരീക്ഷിക്കുകയല്ലാതെ മയക്കുവെടി വയ്ക്കാന്‍ ശ്രമം വൈകി മാത്രമാണ് ആരംഭിച്ചത്. വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയ ഈ സമയം കോഴിക്കോട്ടായിരുന്നു.
ഉച്ചയോടെ സ്ഥലത്തെത്തിയ അരുണ്‍ സക്കറിയയും വനപാലകരും പോലീസും തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 2.15ഓടെ ആദ്യത്തെ മയക്കുവെടി വച്ചു. എട്ടുവയസ്സ് പ്രായം വരുന്ന പെണ്‍കടുവ കിലോമീറ്ററുകളോളം ഓടുകയല്ലാതെ മയങ്ങിയില്ല. ഇതിനിടെ, തഹസില്‍ദാര്‍ കെ.കെ. വിജയനും ബത്തേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. അയ്യൂബ്, ബെന്നി കൈനിക്കല്‍ എന്നിവര്‍ ചേര്‍ന്ന് തോട്ടത്തിലൂടെ നടക്കുന്നതിനിടെയാണ് വാഴത്തോട്ടത്തില്‍നിന്നു കടുവ ചാടിവീണത്. 30 മീറ്ററോളം കുതിച്ചുചാടി തഹസില്‍ദാരെ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ജീവനുംകൊണ്ട് ഓടുന്നതിനിടെ അലറിവിളിച്ചു. തുടര്‍ന്ന് കടുവ തഹസില്‍ദാരെ വിട്ട് നടന്നകന്നു. ഗുരുതരമായി പരിക്കേറ്റ തഹസില്‍ദാര്‍ വിജയനെ ബത്തേരി സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യ മയക്കുവെടി വച്ച് ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടും കടുവ മയങ്ങാത്തതിനെ തുടര്‍ന്ന് വീണ്ടും മയക്കുവെടി വച്ചു. 3.45ഓടെയാണ് കടുവ മയങ്ങിവീണത്. തുടര്‍ന്ന് കടുവയെ കൂട്ടിലാക്കി തൃശൂരിലേക്ക് കൊണ്ടുപോയതായി വനം വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: