പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് നടന്നിരിക്കുന്ന നിയമലംഘനങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും അതുവരെ പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എഐസിസി അംഗവും മുന്‍ ആസൂത്രണ ബോര്‍ഡംഗവുമായി അഡ്വ. ഫിലിപ്പോസ് തോമസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കെജിഎസ് കമ്പനിക്ക് ലഭിച്ചിട്ടുള്ള അനുമതികളുടെ രേഖകള്‍ പരസ്യപ്പെടുത്താന്‍ കമ്പനി തയ്യാറാകണം. കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി ഇതുവരെയും ആറന്മുള വിമാനത്താവള പദ്ധതിക്ക് ലഭിച്ചിട്ടില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ എന്റോള്‍മെന്റ് ആക്ട് 1986 അനുസരിച്ചുള്ള വകുപ്പുകളുടെ നഗ്നമായ ലംഘനമാണ് ആറന്മുളയില് നടന്നിരിക്കുന്നതെന്നും ഫിലിപ്പോസ് തോമസ് പറഞ്ഞു.
വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് ആര്‍ഡിഒ മുതല്‍ താഴേക്കുള്ള റവന്യു ഉദ്യോഗസ്ഥന്മാരുടെ വീഴ്ചകളെക്കുറിച്ച് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ സി.രഘു സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്താന്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ രണ്ടു ശുപാര്‍ശകളും മറച്ചുവെച്ചുകൊണ്ട് വിമാനത്താവള പദ്ധതിക്ക് അനുമതി നല്കിയ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ദുരുദ്ദേശപരമാണെന്ന് അഡ്വ. ഫിലിപ്പോസ് തോമസ് പറഞ്ഞു.
കോട്ടയം വിജിലന്‍സ് കോടതി ആറന്മുള വിമാനത്താവള പദ്ധതിയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കെ ജി എസ് കമ്പനി ഏബ്രഹാം കലമണ്ണില്‍ നിന്നും വാങ്ങിയിട്ടുള്ള വസ്തുക്കളില്‍ പട്ടികജാതിക്കാരുടെ വസ്തുക്കളും ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യന്‍ പീനല്‍കോഡിലെ വകുപ്പുകള്‍ പ്രകാരം ആറന്മുള പോലിസ് ക്രിമിനല്‍ കേസ്സുകളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരള ഹൈക്കോടതി ആറന്മുളയില് നെല്‍വയലുകള്‍ നികത്തിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയമപ്രകാരമുള്ള അനുമതി വാങ്ങിയതിന് ശേഷമെ നടത്താവു എന്ന് 2005ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി നടത്തിയ തെളിവെടുപ്പിനും സ്ഥലം സന്ദര്‍ശനത്തിനും ശേഷം നല്കിയ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇപ്പോഴത്തെ മന്ത്രിസഭ തീരുമാനം നിയമലംഘകര്‍ക്ക് തുണയായി മാറുകയാണ്. ഇതുവരെ നടത്തിയിട്ടുള്ള നിയമലംഘനങ്ങള്‍ക്ക് വെളളപൂശാനാണ് സര്‍ക്കാര്‍ വിമാനത്താവള നിര്‍മ്മാണ കമ്പനിയില്‍ ഓഹരിയെടുത്തിരിക്കുന്നത്. ആറന്മുളയിലെ ജനങ്ങളുടെ പ്രതിഷേധത്തെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് അധികകാലം സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അഡ്വ ഫിലിപ്പോസ് തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: