വിവാദവും വാഗ്വാദവും കേരളത്തിലെ പതിവു കാഴ്ചകളാണ്. അരനൂറ്റാണ്ടിലധികമായി തുടരുന്ന ഈ ശൈലിക്ക് ഒരു മാറ്റവുമില്ല. മാറ്റത്തിനുവേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്നവര്‍പോലും പുതിയ ശൈലിയെക്കുറിച്ച് ചിന്തിക്കുന്നില്ല. വിവാദമാണ് വേര്, വാഗ്വാദമാണ് വളം എന്നാണവരുടെ വിശ്വാസം. ഏറ്റവും ഒടുവില്‍ കത്തിനില്‍ക്കുന്നത് ലാവ്ലിനും രമേശിനുവേണ്ടി ഉണ്ടാക്കിയ കരാറും. രമേശ് ചില്ലറക്കാരനല്ല. അഞ്ചെട്ടുവര്‍ഷമായി കെപിസിസിയുടെ അമരക്കാരന്. അതിനു മുമ്പ് എഐസിസിയുടെ സെക്രട്ടറി. അതിനും മുമ്പ് എന്എസ്യു പ്രസിഡന്റ്. രണ്ടുതവണ എംപി. ഇരുപത്താറാം വയസ്സില്‍ എംഎല്‍എയും രണ്ടുവര്‍ഷം കഴിഞ്ഞ് മന്ത്രിയുമായ രമേശ് വെറും മന്ത്രിയായി ഉമ്മന്‍ചാണ്ടിക്കു പിന്നില്‍ ഇരിക്കുന്നത് ‘ബിരിയാണി ചെമ്പില്‍ കഞ്ഞി’വെയ്ക്കുന്നതിന് സമമാണ്. ഇനി ആകുന്നെങ്കില്‍ മുഖ്യമന്ത്രിതന്നെയാകണം. മുഖ്യമന്ത്രിയാക്കാമെന്ന് സമ്മതംമൂളിയത് ഹൈക്കമാണ്ടാണെന്ന് ഏതാണ്ടിപ്പോള്‍ ഉറപ്പായി. ഉറപ്പുനല്‍കിയവര്‍ക്ക് ഒരു ഉറപ്പുമില്ലാത്ത അവസ്ഥയിലാണ്. അതിനെക്കാള്‍ ദുര്‍ബലമാണ് ലോക്കമാണ്ട്. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിക്ക് പകരം രമേശ് മുഖ്യമന്ത്രിയായാലും മെച്ചമെന്തെങ്കിലും പ്രതീക്ഷിക്കാവുന്നതല്ല. മച്ചിപ്പശുവിനെ തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ ഗുണമുണ്ടാകുമോ? നയമാണ് പ്രധാനം. കോണ്‍ഗ്രസ്സിന്റെ നയം എന്‍എസ്എസിന്റെയോ എസ്എന്‍ഡിപിയുടെയോ മറ്റ് ഹൈന്ദവ സംഘടനകളുടെയോ വാക്കുകേള്ക്കുന്നതല്ല. ഇവയെ അവഗണിച്ചാലും അപകടമില്ലെന്നവര്ക്കറിയാം. ഒറ്റയ്ക്കും തെറ്റയ്ക്കും ഒച്ചവച്ചാല്‍ ഗൗനിക്കാനാളുമുണ്ടാവില്ല. അത് തിരിച്ചറിഞ്ഞൊരു കാലമുണ്ടായിരുന്നു. അന്ന് ഭാരതകേസരി മന്നത്ത് പത്മനാഭന്റെ വാക്കുകള്‍ നെഹ്റുവിനെപ്പോലും ഭയപ്പെടുത്തിയതാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ വിവാദക്കാര്‍ക്ക് മന്നം നടത്തിയ പ്രസംഗം തന്നെ നല്ലൊരു മറുപുറമാണ്. അതിപ്രകാരം:
“നായര്‍ വളര്‍ന്ന് ഹിന്ദുവാകണമെന്നും, ഹിന്ദു വളര്‍ന്ന് മനുഷ്യനാകണമെന്നുമുള്ള നമ്മുടെ യത്നത്തിനെതിരായി ഏതെല്ലാം മണ്ഡുകങ്ങള്‍ എവിടെയെല്ലാമിരുന്നു മുരണ്ടാലും നാം അത് വകവയ്ക്കേണ്ട കാര്യമില്ല. ഇന്നത്തെ ഗവണ്മെന്റിനെ കയ്യടക്കി എന്തെല്ലാം ദുഷ്പ്രചരണങ്ങള്‍ നടത്തിയാലും നാം ഒട്ടും ചഞ്ചലപ്പെടേണ്ട കാര്യമില്ല. ഹിന്ദുസമുദായത്തെ ഉത്തുംഗപദവിയിലേയ്ക്കുയര്ത്താനും ഹിന്ദുക്കളുടെ പ്രശസ്ത പാരമ്പര്യം നിലനിര്‍ത്തുന്നതിനുമുള്ള യത്നത്തില്‍ നായര്‍ സമുദായം അവരുടെ പൊതുസ്വത്തുക്കളെല്ലാം മഹാമണ്ഡലത്തില്‍ ലയിപ്പിക്കാന്‍ ഒരുമ്പെട്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ജാതിവ്യത്യാസങ്ങള്‍ അധഃസ്ഥിതരായി തള്ളപ്പെട്ടിരുന്ന നമ്മുടെ പുലയ സഹോദരനെ നമ്മുടെയൊപ്പം നിറുത്തുവാന്‍ ഉദ്യമിക്കുന്ന ഈ അവസരത്തില്‍ ഞാന്‍ അത്യധികം അഭിമാനംകൊള്ളുന്നു. ഞാന്‍ അങ്ങനെ അഭിമാനം കൊള്ളുന്നില്ലെങ്കില്‍ ഞാന്‍ ഞാനല്ലാതായിത്തീരുകയാണ്. നമ്മുടെ ഈ മഹല്ശ്രമത്തില് നമ്മുടെ പൂര്വ്വികന്മാര് സ്വര്‍ഗത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പുരയ്ക്ക്ചുറ്റും തീ കത്തുന്നില്ലായിരുന്നെങ്കില് കുറച്ചുദിവസം കൂടി നിങ്ങളിരുന്നു കരഞ്ഞുകൊള്ളുവാന് ഞാന്‍ പറയുമായിരുന്നു. ഈ പ്രമേയം പാസാക്കുന്നതോടുകൂടി നാമും നായരത്വവും തമ്മിലുള്ള പ്രത്യേക ബന്ധങ്ങളെല്ലാം അവസാനിക്കുകയാണ്. ദേവസ്വംബില്ലിനു ചാക്കോയും ചാണ്ടിയും വോട്ടുചെയ്തതുപോലെ നിങ്ങളങ്ങു കൈപൊക്കി പിരിയുകയല്ല വേണ്ടത്. സകല ഹൈന്ദവ വിഭാഗങ്ങളും ഒന്നിച്ചുചേരുമ്പോള്‍ സൂര്യമണ്ഡലത്തേക്കാള് പ്രകാശമാനമായി തീരാന്‍ പോകുന്ന ഹിന്ദുമണ്ഡലം ഇന്നതിനെ എതിര്ത്തുനില്ക്കുന്നവരെപ്പോലും അതിന്റെ കൊടിക്കീഴില്‍ അണിനിരത്തുകതന്നെ ചെയ്യും. ഹിന്ദുമണ്ഡലമെന്ന കപ്പലില്‍ കയറാന്‍ 45ലക്ഷം ഹിന്ദുക്കളും ഇന്ന് ആഹ്വാനം ചെയ്യപ്പെടുകയാണ്.
കടലിലേക്ക് തിരിച്ചിരിക്കുന്ന ഈ കപ്പലിനെ ബോംബു ചെയ്യുവാന്‍ ചിലര്‍ പതിയിരുപ്പുണ്ട്. ആണുങ്ങളെപ്പോലെ ജീവിക്കുവാനാണ് ശ്രീകൃഷ്ണന് പടക്കളത്തില്വെച്ച് അര്ജുനനോടുപദേശിച്ചത്. ഇന്നത്തെ ഈ പ്രമേയം പാസാകുമ്പോള്‍ എല്ലാവരും ഒന്ന് സടകുടഞ്ഞ് നില്‍ക്കണം. ഭാര്യയെയുംകൊണ്ട് വന്നിട്ടില്ലാത്തവര്‍ തിരിയെ വീട്ടില്‍ ചെല്ലുമ്പോള്‍ ആളറിയാത്തവിധത്തിലുള്ള ആണത്തത്തോടുകൂടി വേണം ഇവിടെനിന്ന് പിരിഞ്ഞുപോകാന്‍. ഈ രാജ്യത്തെ ഹൈന്ദവരുടെ അനുകൂലമനോഭാവത്തില്മാത്രം വളര്‍ന്നു തഴച്ചു വന്നവരാണ്. കൃസ്ത്യാനികളും മുസ്ലീങ്ങളും എന്നുള്ളത് ചരിത്രം തെളിയിക്കുന്നു. ഹിന്ദുക്കളുടെ സൗമസ്യമില്ലാതിരുന്നെങ്കില് ഇന്നുകാണുന്ന ഇത്രയധികം പള്ളികളും ശവക്കോട്ടകളുമൊന്നും ഇവിടെയുണ്ടാവുകയില്ലായിരുന്നു. ആ പഴയ ചരിത്രസത്യങ്ങള്‍ അനുസ്മരിച്ചുകൊണ്ട് സഹോദരഭാവേന അവര്‍ പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുകയാണെങ്കില്‍ മാത്രമേ ഇവിടെ സര്വ്വസമുദായമൈത്രി വിജയിക്കാന്‍ പോകുന്നുള്ളൂ. ഇന്നത്തെ മട്ടൊന്ന് മാറുന്നത് നല്ലതാണെന്നവര്‍ മനസിലാക്കിയാല്‍ അത് ബുദ്ധിപൂര്‍വകമായിരിക്കും. അല്ലെങ്കില്‍ താനേ അത് മനസിലായിക്കൊള്ളും. നമ്മളൊന്ന് ഒരുമിച്ച് കൂടുന്നെന്ന് കേട്ടപ്പോള്‍ അവര്‍ക്കുള്ള വെപ്രാളമെന്തുമാത്രമായിരുന്നു. ഈയിടെ ചേപ്പാട്ടെല്ലാവരുംകൂടി കൂടുന്നു. കത്തോലിക്കനും മാര്‍ത്തോമാക്കാരനും യാക്കോബാക്കാരനുമെല്ലാമിവിടെ ഒന്നിച്ചു. അതിന് നമുക്ക് യാതൊരു വെപ്രാളവുമില്ല. ഹിന്ദു എന്നും മങ്ങിമയങ്ങിക്കിടക്കുകയാണ്. ദുഷ്പ്രചരണത്തിനത്യകം കമ്പിയും എഴുത്തുമെല്ലാമായി മണ്ഡലത്തിന് നേരെയിറങ്ങിയിരിക്കുകയാണ്.
ഹിന്ദുമതത്തില്‍ രാഷ്ട്രീയമില്ലെന്ന് വച്ചത് ഒരുത്തരെയും ഭയന്നല്ല. ഗവണ്മെന്റിനെ പേടിച്ചുമല്ല. വര്‍ഗീയതയെല്ലാം നമ്മിലാരോപിച്ചിരിക്കുകയാണ്. ഞാന്‍ തുറന്നുപറയുന്നു, ഈ രാജ്യത്ത് അല്‍പ്പമെങ്കിലും വര്‍ഗീയതയുണ്ടെങ്കില്‍ അത് സുറിയാനി കൃസ്ത്യാനിക്കും, വര്‍ഗീയത അല്പ്പമെങ്കിലുമില്ലാത്തത് ഹിന്ദുവിനും മാത്രമാണ്.
ഈ കഴിഞ്ഞ ഒരു ലക്കം മനോരമയില്‍ “വര്‍ഗീയത അവസാനിപ്പിക്കാന്‍ പട്ടേലിന്റെ ആഹ്വാനം”എന്നൊരു വെണ്ടക്കാ കണ്ടു. ഇതുകേട്ടാല്‍ തോന്നും സര്‍ദാര്‍ പട്ടേല്‍പോലും ഇവിടെ ഹിന്ദുക്കളിലാണ് വര്‍ഗീയതയെന്ന് കണ്ടിരിക്കുന്നു എന്നും മറ്റും. ഈ ഒരൊറ്റ തെളിവ്വെച്ചുകൊണ്ടുതന്നെ ഇവിടുത്തെ വര്ഗീയവാദികളാരെന്ന് തെളിയുന്നതാണ്.
ദേശീയത്വമുളളത് ഹിന്ദുവിന് മാത്രമാണ്. ദേശീയ വിദ്യാഭ്യാസം വേണമെന്ന് പറഞ്ഞതും, ഇന്ന് വാദിച്ചുകൊണ്ടിരിക്കുന്നവരും ഹിന്ദുക്കളാണ്. ലക്ഷക്കണക്കിന് പണം ചെലവ്ചെയ്ത് പണി തീര്‍ത്തു നടത്തിവരുന്ന നാലഞ്ച് കോളേജുകള്‍ ദേശീയവിദ്യാഭ്യാസത്തിനേല്പ്പിച്ചുകൊടുക്കുവാന് എന്‍എസ്എസ് തയ്യാറാണ്.
തെണ്ടിപ്പിരിച്ചുണ്ടാക്കിയ ഓരോ ഈഴവന്റെയും നായരുടെയും ഓരോ പൈസകൊണ്ട് പടുത്തുയര്‍ത്തിയിട്ടുള്ള ഈ മന്ദിരങ്ങള്‍ അവയുടെ ഉപകരണങ്ങളോടുകൂടി ദേശീയ വിദ്യാഭ്യാസത്തിന് വിട്ടുകൊടുക്കുവാന്‍ ഹിന്ദുക്കള്‍ തയ്യാറാണ്. എന്നിട്ടും നാം ദേശീയത്വം തീണ്ടാത്ത വര്‍ഗീയ വാദികളാണുപോലും. ഇന്ത്യന്‍ മന്ത്രിസഭയില്‍നിന്ന് ഡോ.ജോണ്‍ മത്തായി പിരിയുന്നതുമൂലം ഉണ്ടാകുന്ന ഒഴിവില്‍ ഒരു സുറിയാനി കൃസ്ത്യാനികളാണത്രെ ദേശീയക്കാര്‍. നാണം അല്പ്പമെങ്കിലുമുള്ളവരാണെങ്കില് ഇങ്ങനെ ആവശ്യപ്പെടുമായിരുന്നോ. പണ്ഡിത് നെഹ്റുവിനോ പട്ടേലിനോ പകരം ഒരു ഹിന്ദുവിനെ നിയമിക്കണമെന്ന് പറയത്തക്ക മൗഢ്യം ഹിന്ദുവിനില്ല. അവന് ദേശീയം മാത്രമേയുള്ളൂ”.
ഹൈക്കമാന്റിന്റെ നിസ്സംഗതയും എന്‍എസ്എസിന്റെ ഇന്നത്തെ നിലപാടുംമൂലം രമേശ് പുലിവാലു പിടിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഞാനിപ്പോള്‍ തന്നെ ‘താക്കോല്‍സ്ഥാന’ത്താണെന്ന് പറഞ്ഞ് പ്രതികരണം ചുരുക്കിയത്. പണ്ട് ജനതാ(ജി) നേതാവ് കെ.ഗോപാലനാണ് താക്കോലും സഞ്ചിയിലിട്ട് ഭരണക്കാരുടെ ഉറക്കം കെടുത്തിയത്. താക്കോല്‍ സ്ഥാനത്തിരിക്കുമ്പോള്‍ രമേശിന് ഉറക്കം നഷ്ടപ്പെടുന്നതല്ലാതെ മറ്റാര്‍ക്കും ഒരു അല്ലലും അലട്ടുമില്ല. ഉണ്ടായിരുന്നെങ്കില്‍ ലീഗ് നേതാവും ലോകസഭാംഗവുമായ ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞതിനെ തള്ളിപ്പറയുമായിരുന്നു. ‘മതപരമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വിലപേശുന്നതില്‍ യാതൊരു തെറ്റുമില്ല. ജാതിയും സമുദായവും യാഥാര്‍ത്ഥ്യമാണ്. അതിന് പ്രസക്തിയുണ്ട്. ന്യൂനപക്ഷ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ‘പള്ളിയിലിരുന്നാല്‍ മതി, നിസ്കരിച്ചാല്‍ മതി’ എന്ന സമീപനം അംഗീകരിക്കാനാവില്ല. എന്നാല്‍് ഇതിന്റെപേരില്‍ ചിലര്‍ അമിതാധികാര പ്രവണത കാണിക്കുന്നതില്‍ ലീഗ് എതിരാണ്. തങ്ങളുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അതനുസരിച്ച് ഭരിച്ചാല്‍ മതിയെന്നും ശാഠ്യം പിടിക്കുന്നതും മതനിരപേക്ഷതയ്ക്ക് എതിരാണ്. മന്ത്രിമാരുടെ എണ്ണം ഒന്നുകൂടിയാല്‍ രാജ്യം തകര്‍ന്നുപോകും എന്ന് ചിലര്‍ മുറവിളികൂട്ടുന്നു. മുസ്ലീംലീഗ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്’ എന്ന് ലീഗ് നേതാവ് പറഞ്ഞപ്പോള്‍ ഒരു മതേതര നേതൃത്വത്തിന്റെയും നാവനങ്ങിയിട്ടില്ല. ജാതിനേതാക്കള്‍ ഉറഞ്ഞു തുള്ളുകയാണെന്ന് കണ്ടെത്തിയ പിണറായി വിജയന്പോലും ലീഗിന്റെ അവകാശവാദത്തിന്റെ അപകടം മനസ്സിലാക്കിയിട്ടില്ല. ഹിന്ദുത്വമാണ് എല്ലാവര്ക്കും മതേതര വിരുദ്ധം. ഹിന്ദുവില്ലെങ്കില്‍ നായരില്ല. ഈഴവനില്ല. ഇത് തിരിച്ചറിഞ്ഞവരാണ് മന്നത്ത് പത്മനാഭനും ആര്‍ശങ്കറും. അവരുടെ വാക്കുകള്‍ കുഴിവെട്ടിമൂടാനുള്ള ഏത് ശ്രമവും ശവക്കുഴി ഒരുക്കുന്നതിന് സമമാകും.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: