ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്ലിന്റെ മൂന്നാം പാദഅറ്റാദായം ഇടിഞ്ഞു. 2012 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം 72 ശതമാനം ഇടിഞ്ഞ് 284 കോടി രൂപയിലെത്തി. തുടര്‍ച്ചയായ പന്ത്രണ്ടാം പാദത്തിലും അറ്റാദായത്തിലുണ്ടായ ഇടിവ് അധികൃതര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഉയര്‍ന്ന പലിശ നിരക്കും വിദേശ വിനിമയ വിപണിയിലെ ചാഞ്ചാട്ടവും പുതിയ നികുതി വ്യവസ്ഥകളുമാണ് അറ്റാദായം ഇടിയാന്‍ കാരണമായി വിലയിരുത്തുന്നത്.
2011 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഭാരതി എയര്‍ടെല്ലിന്റെ അറ്റ ലാഭം 1,011 കോടി രൂപയായിരുന്നുവെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. രൂപയുടെ മൂല്യശോഷണം നിമിത്തം 316 കോടിയുടേയും അറ്റപലിശ ഇനത്തില്‍ 284 കോടിയുടേയും വിദേശവിനിമയ വിപണി ചാഞ്ചാട്ടത്തിലൂടെ 261 കോടി രൂപയുടെ നഷ്ടവും പുതുക്കിയ നികുതി വ്യവസ്ഥയിലൂടെ 109 കോടി രൂപയുടെ അധിക ചെലവും ഉണ്ടായതാണ് അറ്റാദായം ഇടിയാന്‍ കാരണമായി പറയുന്നത്.
അറ്റാദായം ഇടിഞ്ഞതിനെ തുടര്‍ന്ന് എയര്‍ടെല്ലിന്റെ ഓഹരികളിലും ഇടിവുണ്ടായി. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ കമ്പനിയുടെ മൊത്തം വരുമാനം 9.5 ശതമാനം ഉയര്‍ന്ന് 20,239 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 18,477 കോടി രൂപയായിരുന്നു. വിപണി സാഹചര്യമാണ് കഴിഞ്ഞ പാദങ്ങളില്‍ ഏറ്റവും വെല്ലുവിളിയുയര്ത്തിയതെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു.
ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കളുടെ എണ്ണം 262.27 ദശലക്ഷം ആയി ഉയര്‍ന്നു. എയര്‍ടെല്‍ ഉപഭോക്താക്കളില്‍ നിന്നുള്ള ശരാശരി മാസ വരുമാനത്തിലും ഇടിവുണ്ടായി. അതേസമയം ആഫ്രിക്കന്‍ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 15 ശതമാനം ഉയര്‍ന്ന് 6,170 കോടി രൂപയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: