ഇറ്റാവ: ദേശീയ സ്കൂള്‍ ഗെയിംസില്‍ കേരളം തുടര്‍ച്ചയായ പതിനാറാം കിരീടം ഉറപ്പിച്ചു. 24 സ്വര്‍ണവും 22 വെള്ളിയും 14 വെങ്കലവുമടക്കം 230 പോയിന്റുമായി കേരളം ബഹുദൂരം മുന്നിലാണ്. ഇന്ന് കേരളം ഒമ്പത് സ്വര്‍ണം കൂടി നേടി. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. കഴിഞ്ഞവര്‍ഷം ലുധിയാനയില്‍ നടന്ന കായികമേളയില്‍ കേരളം 29 സ്വര്‍ണം നേടിയിരുന്നു.
സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ച്കിലോമീറ്റര്‍ നടത്തത്തില്‍ ബിന്‍സിയുടെ സ്വര്‍ണത്തോടെയാണ് ഇന്ന് കേരളത്തിന്റെ കുതിപ്പ് തുടങ്ങിയത്. ജൂനിയര്‍ വിഭാഗത്തില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സൗമ്യ വര്‍ഗീസ്, സീനിയര്‍ വിഭാഗത്തില്‍ ആര്യ ടി.എസ് എന്നിവര്‍ സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ നസിമുദ്ദീന് സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ എമിതാ ബാബുവും സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ അബ്ദുള്ള അബൂബക്കറും സ്വര്‍ണം കരസ്ഥമാക്കി.
സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ കേരളത്തിന്റെ ജിനിമോള്‍ ജോയി ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 12.84 മീറ്റര്‍ ചാടിയാണ് ജിനിമോള്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. കേരളത്തിന്റെ തന്നെ അമിതാ ബേബി 2009ല്‍ സ്ഥാപിച്ച 12.66 മീറ്ററാണ് ജിനിമോള്‍ പഴങ്കഥയാക്കിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത ഇ.ആര് സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ ഹാര്‍മര്‍ ത്രോയില്‍ ആതിര മുരളീധരന് സ്വര്‍ണം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: