റിപ്പബ്ലിക് ദിനത്തിന്റെ തലേന്നാള്‍ വൈകുന്നേരത്തെ വാര്‍ത്തകേള്‍ക്കാന്‍ ടെലിവിഷനു മുന്നിലിരിക്കുമ്പോള്‍ കുറച്ചു പേരുടെയങ്കിലും മനസ്സില്‍ നിറഞ്ഞത് വലിയ പ്രതീക്ഷകളായിരുന്നിരിക്കണം. അന്നാണ് കേന്ദ്ര സര്‍ക്കാര്‍ പദ്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ആഴ്ചകള്‍ക്കു മുമ്പ് പദ്മപുരസ്കാരങ്ങളെക്കുറിച്ച് ഈ പംക്തിയില്‍ പ്രതിപാദിച്ചിരുന്നു. അക്കാര്യങ്ങള്‍ ആവര്‍ത്തിക്കുകയല്ല ചെയ്യുന്നത്. എന്നാല്‍ പദ്മപുരസ്കാരങ്ങളെക്കുറിച്ച് ഒരിക്കല്‍കൂടി പറയാതിരിക്കാന്‍ കഴിയുന്നില്ല. റിപ്പബ്ലിക് ദിനത്തിന്റെ തലേന്നാള്‍ ചാനല്വാര്ത്തയ്ക്കു മുന്നിലിരുന്ന് കണ്ണുതുറപ്പിച്ചത് പദ്മപുരസ്കാരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവരാണ്.
രഞ്ജിത്തിന്റെ ‘പ്രാഞ്ചിയേട്ടന് ആന്റ് ദി സെയ്ന്റ്’ എന്ന പ്രശസ്ത ചലച്ചിത്രത്തില്‍ പദ്മപുരസ്കാരത്തിനായി കോടികള്‍ കോഴ കൊടുത്ത ശേഷം ടെലിവിഷന്‍ പെട്ടിക്കുമുന്നിലിരുന്ന് വാര്‍ത്തയ്ക്കു കാതോര്‍ക്കുകയും തന്റെ പേര് ഇപ്പോള്‍ വാര്‍ത്തയില്‍ കേള്‍ക്കാമെന്ന് ആഗ്രഹിക്കുകയും എന്നാല്‍ പേരു വരാതിരുന്നപ്പോള്‍ ശബ്ദം നിലച്ച് പുറകിലേക്ക് മലയ്ക്കുകയും ചെയ്ത അരിപ്രാഞ്ചി എന്ന കഥാപാത്രത്തെയാണ് ഓര്‍മ്മ വന്നത്. ഇക്കഴിഞ്ഞ 25ന് ടെലിവിഷനു മുന്നിലിരുന്ന് വാര്‍ത്തകേട്ട ശേഷം നിരാശരായി ഹൃദയം നിലച്ച എത്രയോ ആള്‍ക്കാരുണ്ടാകും. എന്തായാലും 41 പേര് ഉണ്ടാകുമെന്നതാണ് സത്യം. കാരണം കേരളം പദ്മ പുരസ്കാരത്തിനായി ദില്ലിക്ക് അയച്ചത് 42 പേരുടെ പട്ടികയാണ്. അതില്‍ 41 പേരെയും കേന്ദ്ര സര്‍ക്കാര്‍ നിഷ്കരുണം തഴഞ്ഞു.
നടന് മധുവിന് പദ്മഭൂഷണ്‍ പുരസ്കാരം നല്‍കണമെന്നും മറ്റുള്ള 41 പേര്‍ക്ക് പദ്മശ്രീ നല്‍കണമെന്നുമായിരുന്നു കേരളസര്‍ക്കാര്‍ കേന്ദ്രത്തിനു ശുപാര്‍ശ നല്‍കിയത്. കേരളത്തിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചില്ലെന്നു മാത്രമല്ല, പദ്മഭൂഷണ്‍ നല്‍കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട നടന് മധുവിന് പദ്മശ്രീയാക്കി വെട്ടിക്കുറക്കുകയും ചെയ്തു. നടന് മധുവിനെ അപമാനിച്ച കേന്ദ്രസര്‍ക്കാര്‍ കേരളീയരെ മുഴുവന്‍ നാണംകെടുത്തി.
കഴിവില്ലാത്തവരും ആദരിക്കപ്പെടുകയും പുരസ്കൃതരാകുകയും ചെയ്യുന്നകാലമാണിതെന്ന് എല്ലാപേര്‍ക്കും അറിയാം. അത്തരക്കാര്‍ പുരസ്കാരങ്ങള്‍ സംഘടിപ്പിക്കുന്നതെങ്ങനെയാണെന്നതും പരസ്യമാണ്. കമ്പോളത്തില്‍ ലേലം ചെയ്യാനോ വില്പനയ്ക്കോ വച്ചിരിക്കുന്നപോലെയാണിന്ന് പരമോന്നത ബഹുമതികള്‍. അല്ലെങ്കില്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍ സ്വന്തക്കാര്‍ക്ക് വീതംവയ്ക്കാനുള്ള ‘സാധനങ്ങളാ’ക്കി പുരസ്കാരങ്ങളെ മാറ്റി. കേരളത്തില്‍ നിന്ന് മുമ്പ് പദ്മശ്രീ കിട്ടിയവരെക്കുറിച്ചും ഇപ്പോള്‍ മധുവിനൊപ്പം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പദ്മശ്രീയും അതിനു മുകളിലുമൊക്കെയുള്ള പുരസ്കാരങ്ങള്‍ കിട്ടിയവരെക്കുറിച്ചുമൊന്നും അധികം പറയുന്നില്ല. പലതും സംഘടിപ്പിച്ചതെങ്ങനെയാണെന്നത് പരസ്യമായപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ചില നിര്‍ദ്ദേശങ്ങള്‍ കേരളത്തിനു മുന്നില്‍ വച്ചത്.
സംസ്ഥാനം പദ്മപുരസ്കാരത്തിനായി നല്കുന്ന പേരുകള്‍ തയ്യാറാക്കുന്നത് അതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ തീരുമാനത്തിന് അനുസരിച്ചാകണമെന്നതായിരുന്നു പ്രധാന നിര്‍ദ്ദേശം. അത് പാലിക്കപ്പെട്ടില്ല. മാത്രമല്ല, ഇത്തവണയും പട്ടികയില്‍ കടന്നുകൂടാന്‍ പുരസ്കാര മോഹികളുടെ തള്ളിച്ചയുമുണ്ടായി. എല്ലാവരും ഭരിക്കുന്നസര്ക്കാരിന്റെയും നേതാക്കളുടെയും ഇഷ്ടക്കാരായിരുന്നു. അവരുടെ പേരുകള്‍ കുത്തിനിറച്ച് ഒരു ജംബോ പട്ടിക ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ച് കേന്ദ്രത്തിനയച്ചു.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോടു നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ കേരളം പാലിക്കാതിരുന്നതാണ് ഇവിടെനിന്ന് അയച്ച പേരുകള്‍ തഴയപ്പെടാന്‍ ഇടയാക്കിയത്. വിദഗ്ധ സമിതിയോ പരിശോധനകളോ ഇല്ലാതെ പതിവു പരിപാടിയായാണ് കേരളം പട്ടിക സമര്‍പ്പിച്ചത്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും വ്യക്തി താല്പര്യങ്ങളുമൊക്കെ പേരുകള്‍ തയ്യാറാക്കുന്നതില്‍ കടന്നു വന്നു. പട്ടികയില്‍ ഇടം നേടിയവര്‍ക്കൊന്നും പുരസ്കാരം ലഭിക്കാനുള്ള യോഗ്യതയുണ്ടായിരുന്നില്ല. യോഗ്യതയുള്ള കുറച്ചു പേര് ഈ പട്ടികയിലായിപ്പോയതിനാല് മാത്രം തഴയപ്പെടുകയും ചെയ്തു.
കേരളം നല്കിയ പട്ടികയില്‍ ഒന്നാമത്തെ പേരുകരാനായി മധു ഉണ്ടായിരുന്നു. മധു എന്ന വലിയ കലാകാരനെ സാംസ്കാരിക കേരളവും സര്‍ക്കാരുകളും കാലങ്ങളായി അവഗണിക്കുകയായിരുന്നു. മഹാനായ ആ നടനോടുകാട്ടുന്ന അവഗണനകള്‍ക്കെതിരെ ചെറുതെങ്കിലും ചില ശബ്ദങ്ങള്‍ പലകോണുകളില്‍ നിന്ന് ഉയര്‍ന്നു വന്നപ്പോഴാണ് അദ്ദേഹത്തെ പദ്മഭൂഷണ്‍ ബഹുമതിക്കായി പട്ടികയിലുള്‍പ്പെടുത്തിയത്.
അര്‍ഹതയും കഴിവുമുള്ളവരെ അനാദരിക്കുന്ന സമീപനം സര്‍ക്കാരുകളുടെ പതിവാണ്. മധുവും അക്കൂട്ടത്തില്‍ അനാദരവിന് ഇരയായി. പത്മ പുരസ്കാരങ്ങള്‍ മുന്‍കാലങ്ങളില്‍ സംഘടിപ്പിച്ച നിരവധിയാളുകളുണ്ട്. അപ്പോഴൊന്നും മധുവിനെ ആരും പരിഗണിച്ചില്ല. മലയാള സിനിമയില്‍ നിന്നുതന്നെ ഇളമുറക്കാര്‍ക്കു വരെ പത്മപുരസ്കാരം ലഭിച്ചപ്പോഴും മധു തഴയപ്പെടുകയായിരുന്നു. ഒരു പുരസ്കാരത്തിനായും ആരുടെയും മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്നയാളല്ല മധു. ജനുവരി 25ന് ചാനല്വാര്ത്തയ്ക്കു മുന്നില്‍ അദ്ദേഹം കാത്തിരുന്നതുമില്ല. പദ്മശ്രീയെങ്കിലും കിട്ടാന്‍ തനിക്ക് യോഗ്യതയുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ ഉയരം വെളിപ്പെടുത്തുന്നതാണ്.
മധുവിന് എല്ലാപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ടാകുമെന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ കരുതിയിരിക്കുന്നത്. അതവരുടെ ആഗ്രഹങ്ങളില്‍ നിന്ന് രൂപപ്പെട്ട അറിവാണ്. മധുവെന്ന നടന് എല്ലാ പുരസ്കാരങ്ങളും ലഭിക്കണമെന്ന ആഗ്രഹം. നാട്ടിന് പുറങ്ങളില്‍ ചില പരിപാടികള്‍ക്ക് മധുവിനെ ക്ഷണിച്ചുകൊണ്ടു പോകുന്നവര്‍ സദസ്സിന് അദ്ദേഹത്തെ പരിചയപ്പെടുത്തുമ്പോള്‍ പദ്മശ്രീ മധു എന്നാണ് പറയാറുള്ളത്. മധുവിന് ഇതുവരെ പദ്മശ്രീ ലഭിച്ചിട്ടില്ലെന്ന് അവര്‍ക്കറിയില്ല. പദ്മശ്രീ ലഭിക്കുന്നതിനെക്കാള്‍ എത്രയോ വലുതാണ് സാധാരണക്കാരുടെ ഇടയില്‍ അത് ലഭിക്കേണ്ട വ്യക്തി എന്ന നിലയില്‍ കിട്ടുന്ന അംഗീകാരം. അതു കൊണ്ട് പദ്മപുരസ്കാരങ്ങള്‍ ലഭിക്കാത്തതില്‍ തനിക്ക് ഒരിക്കലും വിഷമം തോന്നിയിട്ടില്ലന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
വെള്ളിത്തിരയില്‍ മധുവിന്റെ അന്‍പതാം വര്‍ഷമാണിത്. ഈ അവസരത്തില്‍ അദ്ദേഹത്തിനു കേരളം നല്കുന്ന ആദരവാകണമായിരുന്നു പദ്മപുരസ്കാരം. 1962 ഏപ്രില്‍മെയ് മാസത്തില്‍ ഡല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞ് അദ്ദേഹം രാമു കാര്യാട്ടിന്റെ ‘മൂടുപട’?ത്തില്‍ അഭിനയിക്കാനാണ് ആദ്യമെത്തുന്നത്.
എന്നാല്‍ എന്‍.എന്‍.പിഷാരടിയുടെ ‘നിണമണിഞ്ഞ കാല്‍പ്പാടുകളു’ടെ ഷൂട്ടിങ്ങാണ് ആദ്യം ആരംഭിച്ചത്. തൊട്ടടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഈ ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയും ചെയ്തോടെ നടന് മധു മലയാള സിനിമയുടെ ഭാഗമായി. അരനൂറ്റാണ്ട് പിന്നിട്ടിട്ടും തളരാത്ത ആവേശത്തോടെ അദ്ദേഹം ഇന്നും ക്യാമറയ്ക്കു മുന്നില്‍ നില്ക്കുന്നു. മലയാള സിനിമാ തറവാട്ടിലെ കാരണവരുടെ വേഷമാണ് ഇന്ന് അദ്ദേഹത്തിനുള്ളത്. മധുവിന്റെ രംഗപ്രവേശത്തോടെ മലയാള സിനിമാചരിത്രം മധുവിന്റെ തന്നെ ചരിത്രമാകുന്നതും മലയാളി കണ്ടു. ആദ്യമായി സ്വര്‍ണമെഡല്‍ നേടിയ രാമു കാര്യാട്ടിന്റെ ‘ചെമ്മീനി’ലെ പരീക്കുട്ടി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മധുവായിരുന്നു. മലയാളത്തിലെ ആദ്യത്തെ ഹൊറര്‍ ചിത്രമെന്ന ഖ്യാതി നേടിയ, എ. വിന്‍സന്റ് സംവിധാനം ചെയ്ത ‘ഭാര്‍ഗവീനിലയ’ത്തിലെ മുഖ്യവേഷത്തിലെത്തിയതും അദ്ദേഹം. മലയാള സിനിമയെ പൂര്‍ണമായും ഔട്ട്ഡോര്‍ ഷൂട്ടിങ്ങിന്റെ മനോഹാരിത പഠിപ്പിച്ച പി.എന്‍.മേനോന്റെ ‘ഓളവും തീരവും’ എന്ന ചിത്രത്തിലെ നായകവേഷവും മധുവിനു ലഭിച്ചു. മലയാള സിനിമയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ എന്ന ചിത്രത്തിലും മധുവായിരുന്നു പ്രധാനകഥാപാത്രം.
നിര്‍മാതാവും സ്റ്റുഡിയോ ഉടമയും സംവിധായകനുമായ ആദ്യ മലയാള നായക നടനും മധുവാണ്. മികച്ച നാടകങ്ങളും നോവലുകളും ചലച്ചിത്രങ്ങളാക്കിയതിന്റെ ക്രെഡിറ്റും അദ്ദേഹത്തിനുള്ളതാണ്. മധു ആദ്യം നിര്‍മിച്ചു സംവിധാനം ചെയ്ത ‘സതി’, ജി. ശങ്കരപ്പിള്ളയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു.
കൈനിക്കര കുമാരപിള്ളയുടെ മാതൃകാമനുഷ്യന്, ‘മാന്യശ്രീ വിശ്വാമിത്രന്’എന്ന പേരിലും, പി.ആര്. ചന്ദ്രന്റെ ‘അക്കല്ദാമ’ അതേ പേരിലും അദ്ദേഹത്തിന്റ മിഥ്യ എന്ന നാടകം ‘കാമം ക്രോധം മോഹം’ എന്ന പേരിലും മധു ചലച്ചിത്രമാക്കി. സി. രാധാകൃഷ്ണന്റെ തേവിടിശ്ശി (പ്രിയ), ജി. വിവേകാനന്ദന്റെ ഇല കൊഴിഞ്ഞ മരം (ഒരു യുഗസന്ധ്യ) എന്നിവയും മധുവിന്റെ മികച്ച ചലച്ചിത്രങ്ങളായിരുന്നു. വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍, ?നീതിപീഠം എന്ന പേരില്‍ ക്രോസ്ബെല്‍റ്റ് മണി സംവിധാനം ചെയ്തപ്പോഴും നായകനായതു മധു ആണ്. ഇന്നും മലയാളിയുടെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന പത്മരാജന്-ഐ.വി.ശശി ടീമിന്റെ ‘ഇതാ ഇവിടെ വരെ’യിലെ പെയിലി തുടങ്ങി മധു അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങള്‍.
ഇന്നു നിലവിലുള്ള ഏതു പുരസ്കാരത്തിനും ഏറ്റവും അര്‍ഹതയുള്ള വ്യക്തിയാണ് മധു. വൈകിയാണെങ്കിലും അദ്ദേഹത്തിന് പദ്മഭൂഷണ്‍ നല്കാന് കേരളം നല്കിയ ശുപാര്‍ശ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. എന്നാല്‍ കേരളം നല്കിയ ‘മാര്‍ക്ക്’ വെട്ടിക്കുറച്ച് കേന്ദ്രം മധുവിന് പദ്മശ്രീ നല്കാന് തീരുമാനിച്ചത് അദ്ദേഹത്തെ അപമാനിക്കല്‍ തന്നെയാണ്. അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ താല്പര്യം പദ്മശ്രീ സ്വീകരിക്കരുതെന്നാണ്. അങ്ങനെയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ മധുവെന്ന നടന്റെ കഴിവുകളെയും യോഗ്യതയെയും കുറച്ചു കണ്ട കേന്ദ്രസര്‍ക്കാരിലെ പുരസ്കാര നിര്‍ണ്ണയ വിദഗ്ധര്‍ക്ക് മറുപടി നല്‍കാനാകില്ല. മഹാനായ ആ നടനെ അനാദരിക്കലാണ് പദ്മശ്രീ. പുരസ്കാരം വാങ്ങേണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ വാങ്ങാതിരിക്കാം എന്നാണ് മധു വ്യക്തമാക്കിയത്. അങ്ങനെ മധുവിനെക്കൊണ്ട് പറയിക്കാനുള്ള ആര്‍ജ്ജവം സംസ്ഥാന സര്‍ക്കാര്‍ കാട്ടണം. അല്ലെങ്കില്‍ മലയാളികളെ മുഴുവന്‍ അപമാനിക്കലാകും അത്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: