സൂര്യനെല്ലി കേസില്‍ 36 പ്രതികളില്‍ 34 പേരെയും വെറുതെ വിട്ട കേരള ഹൈക്കോടതി വിധി റദ്ദാക്കി കേസില്‍ വീണ്ടും വാദം കേള്‍ക്കാന്‍ കേരളഹൈക്കോടതിയ്ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്കിയിരിക്കുന്നു. പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി മുഴുവന്‍ പ്രതികളും മൂന്നാഴ്ചയ്ക്കകം കീഴടങ്ങണമെന്നും ആറുമാസത്തിനകം കേസ് തീര്‍പ്പാക്കണമെന്നും നിര്‍ദ്ദേശം നല്കി. 1996 ലാണ് 42 പേര് ചേര്‍ന്ന് 16 വയസ്സുകാരിയെ പീഡിപ്പിച്ചത്. 2000 സപ്തംബര്‍ ആറിന് വിചാരണ കോടതി 35 പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിച്ചു. പ്രതികള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഒരാളെ ഒഴിച്ച് ബാക്കി 34 പേരെയും ഹൈക്കോടതി വെറുതെ വിടുകയാണ് ചെയ്തത്. കോടതിയുടെ ന്യായീകരണം പെണ്‍കുട്ടിയുടെ സമ്മതത്തോടെയുള്ള ലൈംഗിക വേഴ്ചയായിരുന്നു അതെന്നും അവള്‍ക്ക് വേണമെങ്കില്‍ രക്ഷപ്പെടാം എന്നുമായിരുന്നു. പെണ്‍കുട്ടിയെ ആദ്യം ബലാല്‍സംഗം ചെയ്ത ധര്മ്മരാജന് നല്കിയ ജീവപര്യന്തം ശിക്ഷ അഞ്ചുവര്‍ഷമായി ചുരുക്കുകയും ചെയ്തു. 2005 നവംബര്‍ 15 ന് സൂര്യനെല്ലി കേസ് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചെങ്കിലും ഇതുവരെ പരിഗണിച്ചില്ല. ഇപ്പോള്‍ ദല്‍ഹി കൂട്ട ബലാല്‍സംഗം നടന്ന പശ്ചാത്തലത്തില്‍ സ്ത്രീപീഡന കേസുകള്‍ക്കും അതിവേഗ കോടതി സ്ഥാപിക്കണമെന്നും വിചാരണ മൂന്നുമാസത്തില്‍ തീര്‍പ്പാക്കി വിധി നല്‍കണമെന്നുമുള്ള നിര്‍ദ്ദേശം വന്ന സാഹചര്യത്തിലാണ് കേസ് പുനര്വിചാരണയ്ക്കെടുത്തത്. എട്ടുവര്‍ഷമായി സുപ്രീംകോടതിയില്‍ സൂര്യനെല്ലിക്കേസ് കെട്ടിക്കിടക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ ചീഫ് ജസ്റ്റിസ് ആല്ത്തമാസ് കബിര്‍ അതൃപ്തിയും അമര്‍ഷവും രേഖപ്പെടുത്തി. ഒന്‍പതാം ക്ലാസുകാരിയായ സൂര്യനെല്ലി പെണ്‍കുട്ടിയാണ് ബസ്സിലെ കിളിയുമായി പ്രേമത്തിലായി ഒളിച്ചോടിയത്. 41 ദിവസങ്ങള്‍ക്ക് ശേഷം തളര്‍ന്ന് അവശയായ പെണ്‍കുട്ടി തിരിച്ചെത്തിയ ശേഷം രക്ഷിതാക്കള്‍ പോലീസില്‍ പരാതിനല്‍കി. 42 ദിവസങ്ങള്‍ക്കുള്ളില്‍ 40 പേര് പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
2000 സപ്തംബര്‍ ആറിന് പ്രത്യേക കോടതി 35 പേരെ കഠിന തടവിന് ശിക്ഷിക്കുകയും നാലുപേരെ വെറുതെ വിടുകയും ചെയ്തു. പക്ഷെ 2005 ല്‍ ഹൈക്കോടതി ധര്‍മ്മരാജനൊഴികെ എല്ലാവരേയും വെറുതെ വിട്ടു. ഈ വിധിയാണ് ഇപ്പോള്‍ സുപ്രീംകോടതി റദ്ദാക്കിയത്. സൂര്യനെല്ലി പെണ്‍കുട്ടിയ്ക്ക് സര്‍ക്കാര്‍ ഓഫീസില്‍ ഒരു പ്യൂണിന്റെ ജോലി നല്കി. പക്ഷെ ജോലി സ്ഥലത്തും പെണ്‍കുട്ടി കൂടുതല്‍ അപമാനത്തിനിരയാകുന്നു എന്ന വാര്‍ത്ത വന്നതിനിടയിലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ ഈ പ്രധാന വിധി വന്നിരിക്കുന്നത്. ഹൈക്കോടതി വിധിയില്‍ പെണ്‍കുട്ടിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്. കേസ് പരിഗണിക്കുന്നതില്‍ ഹൈക്കോടതിയ്ക്ക് സാങ്കേതികമായ പിഴവ് സംഭവിച്ചുവെന്നും വസ്തുതകള്‍ പരിഗണിച്ചു മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.സൂര്യനെല്ലി പെണ്‍കുട്ടിയെ പല സ്ഥലത്തും കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
ഉറക്ക ഗുളികകള്‍ നല്കിയ ശേഷമായിരുന്നു യാത്ര ചെയ്തിരുന്നത്. യാത്രയ്ക്കിടയില്‍ രക്ഷപ്പെടാമായിരുന്നില്ലേ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇപ്പോള്‍ സ്ത്രീപീഡന കേസുകള്‍ക്ക് പ്രത്യേക പരിഗണനയും പ്രത്യേക കോടതിയും വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ നീതി ലഭിയ്ക്കും എന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും എന്നും പ്രത്യാശിക്കാം. ഹൈക്കോടതി വിധി സമൂഹത്തില്‍ പൊതുവെ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു എന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യുവും പ്രസ്താവിക്കുകയുണ്ടായി. ഈ അരക്ഷിതാവസ്ഥക്ക് ഒരു തിരുത്താണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: