ഇസ്ലാമാബാദ്: മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ നിന്നുള്ള ജുഡീഷ്യല്‍ സംഘം ഫെബ്രുവരി പകുതിയോടെ ഇന്ത്യയിലെത്തും. ഇത് രണ്ടാം തവണയാണ് സംഘം കേസുമായി ബന്ധപ്പെട്ട് കൂടുകല്‍ തെളിവുകള്‍ക്കായി രാജ്യത്തെത്തുന്നത്. കേസില്‍ മൂന്ന് ഉദ്യോഗസ്ഥരെ വിസ്തരിക്കാന്‍ ഇന്ത്യ അനുമതി നല്കിയ സാഹചര്യത്തിലാണ് സംഘം വീണ്ടുമെത്തുന്നത്. ജുഡീഷ്യല്‍ സംഘം അധികം താമസിയാതെ മുംബൈയിലേക്ക് തിരിക്കുമെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് പറഞ്ഞു. കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. എന്നാല്‍ സംഘം മുംബൈയിലെത്തുന്ന കൃത്യമായ തീയതി മാലിക് വ്യക്തമാക്കിയില്ല.
കഴിഞ്ഞ മാര്‍ച്ചില്‍ പാക് അന്വേഷണസംഘം മുംബൈയിലെത്തി തെളിവ് ശേഖരിച്ചിരുന്നെങ്കിലും ഇത് പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി തള്ളുകയായിരുന്നു. മുംബൈ ആക്രമണത്തിലെ പ്രതികളായ ലഷ്ക്കറെ ഭീകരന് സഖീര്‍ റഹ്മാന് ലഖ്വി ഉള്‍പ്പെടെ ഏഴ് പേരുടെ വിചാരണ നടക്കുന്ന കോടതിയാണ് സംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളിയത്. കേസില്‍ സാക്ഷികളായി നാല് ഉദ്യോഗസ്ഥരെ വിസ്താരം നടത്താന്‍ സംഘത്തിന് കഴിയാഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ അനുനയചര്‍ച്ചകളുടെ ഭാഗമായി കഴിഞ്ഞ ഡിസംബറിലാണ് ഈ ഉദ്യോഗസ്ഥരെ വിസ്തരിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം മുംബൈയിലെത്തിയ അതേ സംഘത്തെ തന്നെയായിരിക്കും ഇത്തവണയും അയക്കുന്നതെന്ന് റഹമാന് മാലിക് പറഞ്ഞു. സംഘം പുറപ്പെടുന്നതിന് മുന്നോടിയായി നിയമനടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനമിറക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. അന്വേഷണസംഘത്തിന് മുംബൈയില്‍ കൂടുതല്‍ തെളിവെടുപ്പിന് അനുമതി ലഭിച്ചതില്‍ മാലിക് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഉള്‍പ്പെടെയുള്ളവരോട് നന്ദി പറഞ്ഞു. ഭീകരതയെ തുരത്താന്‍ ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നല്ല സൂചനയാണിതെന്നും പാക് ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. കേസില്‍ പാക്കിസ്ഥാനില്‍ നടക്കുന്ന വിചാരണ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: