കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ ജോലി ലഷ്കറിതോയിബ നേതാവ് മുഹമ്മദ് സയീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് 26/11 കേസിലെ പ്രതി അജ്മല്‍ കസബിന് നല്കിയ പോലുള്ള ശിക്ഷ ഉറപ്പുവരുത്തുക എന്നതാണ്. എന്നാല്‍ അദ്ദേഹം ചെയ്തതോ ? സയീദില്‍ നിന്നും അഭിനന്ദനം ഏറ്റുവാങ്ങി. ഒന്നാന്തരം ഒറ്റയാള്‍ നേട്ടം.
ഇന്ത്യ ആവശ്യപ്പെടുന്ന ആക്രമണകാരിയായ ഭീകരവാദി സയീദ് പറഞ്ഞതോ “ഞങ്ങള്‍ ഇത്രകാലവും പറഞ്ഞുകൊണ്ടിരുന്നത് ഇന്ത്യന്‍ ആഭ്യന്തര മന്ത്രി ആവര്‍ത്തിച്ചിരിക്കുന്നു. നന്ദിയുണ്ട് ഷിന്‍ഡെ സാഹെബ്” എന്നാണ്. ഇത് കോണ്‍ഗ്രസിന് മെച്ചമുണ്ടാക്കുമോ ? ഇന്ത്യയുടെ മോശപ്പെട്ട ‘അപ്രതിരോധമന്ത്രി’യെ ഇത് പ്രതിരോധത്തിലാക്കുമോ ?
പാക്കിസ്ഥാനിലെ നിഷ്ഠുരരായ ക്രൂരന്മാര്ക്ക് ഷിന്‍ഡെയുടെ പ്രസ്താവന പ്രോത്സാഹജനകമാകുമോ ? രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് ഇത് നല്ല തുടക്കമാകുമോ ?
ഇതേകാലത്താണ് പാക്കിസ്ഥാന്റെ മനുഷ്യത്തമില്ലാത്ത സൈനികര്‍ രണ്ട് ഇന്ത്യന്‍ഭടന്മാരെ അതിര്‍ത്തിയില്‍ ക്രൂരമായി കശാപ്പ് ചെയ്തത്. ഷിന്‍ഡെ വളരെ തന്ത്രപൂര്‍വം തന്റെ നിരപരാധികളായ പൗരന്മാരെ ബലികൊടുത്ത് വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ച് പാക്കിസ്ഥാന് ആശ്വാസമേകി. സര്‍ക്കാര്‍ ജനങ്ങളുടെ ദേശീയവികാരം ഉപയോഗപ്പെടുത്തി തങ്ങളുടെ കരങ്ങള്‍ ശക്തമാക്കേണ്ടതായിരുന്നു. മാത്രമല്ല ഭീകരവാദത്തെ ശക്തമായി അടിച്ചമര്‍ത്തുമെന്നും പാക്കിസ്ഥാന്റെ തിന്മ അവസാനിപ്പിക്കുമെന്നും കോണ്‍ഗ്രസിന് പ്രഖ്യാപിക്കാമായിരുന്നു. എങ്കില്‍ രാഹുല്‍ഗാന്ധിക്ക് മികച്ച തുടക്കം ലഭിച്ചേനെ.
അതോടെ എല്ലാവര്ക്കും കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പിന്തുണയ്ക്കേണ്ടി വരുമായിരുന്നു. മഹത്തായ കടമ നിര്‍വഹിക്കുന്നതില്‍ അഭിമാനിതരായി യുവജനങ്ങള്‍ ഉത്സാഹഭരിതരായി കോണ്‍ഗ്രസുകാരായി മാറുമായിരുന്നു. എന്നാല്‍ നീചവും വെറുക്കപ്പെട്ടതും പ്രാകൃതവും ചീഞ്ഞതുമായ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് വിടുപണി ചെയ്ത് കോണ്‍ഗ്രസ് അവസരം പാഴാക്കി.
ഭീകരവാദമെന്നത് ഭീരുക്കളുടെ ആയുധമാണ്. അവര്‍ കൊള്ളക്കാരെ പോലെ നിരപരാധികളെയും സാധാരണജനങ്ങളെയും ആക്രമിച്ച് തങ്ങളുടെ രക്തരൂക്ഷിത സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കും.
ഭീകരവാദത്തിനും തീവ്രവാദത്തിനും തമ്മില്‍ ദേശകാലങ്ങളനുസരിച്ച് വ്യത്യാസങ്ങളുണ്ട്. നമ്മുടെ സ്വാതന്ത്ര്യസമര പ്രക്ഷോഭ കാലത്ത് മാതൃഭൂമിയുടെ മോചനത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടി പൊരുതിയവരെ വേറിട്ടു കാണണം. ഒരു സൈനികന് ശത്രുവധം നടത്താറുണ്ട്. ശരീരം മുഴുവന്‍ ബുള്ളറ്റുകള്‍ തറച്ച് മരണത്തിന് കീഴടങ്ങുന്ന സൈനികനെ ദേശത്തിനായി രക്തസാക്ഷിത്വം കൈവരിച്ചവനായാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഭീകരവാദിയെ ആക്രമണകാരിയായും ദേശദ്രോഹിയായും കൊലപാതകിയായുമാണ് കാണുക.
ഹിന്ദുക്കള്‍ ഒരിക്കലും അത്തരം പ്രവൃത്തി ചെയ്യുകയില്ല. ഇനി ഏതെങ്കിലും ഹിന്ദുനാമധാരി അത്തരത്തിലൊരു കര്‍മം ചെയ്താല്‍ അയാള്‍ ആ നിമിഷം തൊട്ട് ഹിന്ദു അല്ലാതാകും. അത്തരം നിയമവിരുദ്ധര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുന്നതില്‍ നിന്ന് ആഭ്യന്തരമന്ത്രിയെ ആര്‍എസ്എസോ ബിജെപിയോ എപ്പോഴെങ്കിലും തടഞ്ഞിട്ടുണ്ടോ ? രാജ്യത്തെ നിയമം ആരെങ്കിലും ലംഘിച്ചാല്‍, ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ അവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. ഈ രണ്ടുസംഘടനകളിലെയും ദേശാഭിമാനികള്‍ തീര്‍ച്ചയായും അതാണ് ആവശ്യപ്പെടുന്നത്. ഭീകരവാദം ഇല്ലാതാക്കാന്‍ നടപടികള്‍ സുതാര്യമാക്കുക, നിയമത്തിന് പരമോന്നത സ്ഥാനം നല്‍കുക, അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുക, രാജ്യത്തിനുള്ളിലെ ഭീകരവാദ ക്യാമ്പുകള്‍ നശിപ്പിക്കുക, അതിനായി പ്രത്യേകനിയമങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുക, പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കുക എന്നിവയാണ് വേണ്ടത്. എന്നാല്‍ ദേശീയവാദികളെ കുറ്റപ്പെടുത്തി ഇസ്ലാമിക ഭീകരവാദികളോട് സന്ധിചെയ്ത് തെളിവൊന്നുമില്ലാതെ ഇന്ത്യയെന്ന ആദര്‍ശത്തിന് കളങ്കമേല്‍പ്പിച്ചിരിക്കുകയാണ്.
ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഇരകളായ സമാധാനപ്രിയരായ ഹിന്ദുക്കളെ ഭീകരവാദികളെന്ന് മുദ്രകുത്തിയിരിക്കുകയാണ്. അവരുടെ ആരാധനാലയങ്ങള്‍ തീവച്ച്, കൊള്ളയടിച്ച് നശിപ്പിക്കപ്പെട്ടു. അവരുടെ സ്ത്രീകളുടെ മാനം കവര്‍ന്നു. വാളിന്റെ ബലത്തില്‍ കോടിക്കണക്കിന് ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തി. എന്നിട്ടും അവര്‍ സമാധാനം ആഗ്രഹിച്ച് ഒത്തുപോകുന്നു. അവരുടെ മാതൃഭൂമി വര്‍ഗീയമായി മുറിച്ചുമാറ്റപ്പെട്ടപ്പോഴും മതേതര ഭരണഘടന ആവിഷ്കരിക്കാന്‍ മുന്‍കയ്യെടുത്തു. അഹിന്ദുക്കള്‍ക്ക് പ്രത്യേക പരിഗണന നല്കി. ഇത് നമ്മുടെ തൊട്ടയല്പ്പക്കത്തുപോലും കാണാനില്ലാത്തതാണ്. എന്തിന് ഏറെ പുരോഗമിച്ച പാശ്ചാത്യ ദേശങ്ങളില്‍ പോലും ഇതുണ്ടായിട്ടില്ല.
കഴിഞ്ഞ സഹസ്രാബ്ദത്തില്‍ ഖൈബര്‍ ചുരം കടന്ന് അപരിഷ്കൃതവും കിരാതവുമായ നിരവധി ആക്രമണങ്ങള്‍ ഹിന്ദുക്കള്‍ക്കു നേരെ ഉണ്ടായി. പതിനായിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സംസ്കാരവും ഭാഷയും ആചാരാനുഷ്ഠാനങ്ങളും ജീവിതശൈലിയും സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ ധീരതയോടെ പൊരുതിയതിന് ചരിത്രം തന്നെ സാക്ഷിയാണ്. അവരുടെ ആദര്‍ശവും സാമൂഹ്യമൂല്യങ്ങളുമാണ് ഇന്നത്തെ ഇന്ത്യയിലെ അളവറ്റ സ്വാതന്ത്ര്യ ബോധത്തിനും നീതിക്കും ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും കാരണമായിരിക്കുന്നത്.
നിങ്ങള്‍ക്ക് ഇവിടെ സര്‍ക്കാരിനെതിരെ സംസാരിക്കാം. ഹിന്ദുദേവതകള്ക്കെതിരെ, ക്ഷേത്രാരാധനയ്ക്കെതിരെ പറയാം പ്രവര്‍ത്തിക്കാം. വിദേശഫണ്ടുകള്‍ സ്വീകരിച്ച് അവരിലെ ദരിദ്രരെയും നിരക്ഷരരെയും മതപരിവര്‍ത്തനം ചെയ്യാം. ഏതു വിഷയത്തെക്കുറിച്ചും പുസ്തകം രചിക്കാം. സൈന്യത്തിനെതിരെ നിലപാടെടുക്കാം, സ്ഫോടനങ്ങള്‍ നടത്താം. എന്നിട്ട് പാക്കിസ്ഥാനെ പ്രകീര്‍ത്തിക്കുകയും ചെയ്യാം. നിരീശ്വരവാദിയാകാം. അതുമല്ലെങ്കില്‍ സ്വയം ദൈവമാകാം. കടുത്ത വഹാബിയോ ദര്‍ഗകളില്‍ പോയി ചുവന്ന പട്ട് സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നവനോ ആകാം.
എന്തായാലും നിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. അവിശ്വാസത്തിനും ദൗര്‍ബല്യത്തിനും അപ്പുറത്ത് നമ്മള് മനോഹരമായി നിലകൊണ്ടു. മതഭ്രാന്ത് ഒരിക്കലും നമ്മുടെ മുഖ്യധാരാ പൊതുസമൂഹത്തെ നയിച്ചിട്ടില്ല. അല്ലായിരുന്നെങ്കില്‍ ഈ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ ഒരു ക്രിസ്ത്യാനിയെ അവരുടെ യഥാര്‍ഥ നേതാവായി അംഗീകരിക്കില്ലായിരുന്നു. പാര്‍ലമെന്റിന്റെ ഉപരിസഭയുടെ ചെയര്‍മാനായി ഒരു മുസ്ലീമിനെ സ്വീകരിക്കില്ലായിരുന്നു. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായി ഒരു ക്രിസ്ത്യാനിയെയും സെക്രട്ടറി ജനറലായി ഒരു മുസ്ലീമിനെയും ഇന്റലിജന്‍സ് ബ്യൂറോ ചീഫായി മറ്റൊരു മുസ്ലീമിനെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസായി മുസല്മാനെയും വാഴിക്കില്ലായിരുന്നു. ഇതിലൊന്നും ഒരു ഹിന്ദുവും പരാതിപ്പെട്ടിട്ടില്ല.
വരുന്ന 200 വര്‍ഷങ്ങളില്‍ അമേരിക്ക ഇതിന്റെ അടുത്തുപോലും വരില്ല. ഇത് ഇവിടെ നടക്കുന്നതിനു കാരണം ഹിന്ദുക്കള്‍ ഇവിടെ ഉള്ളതുകൊണ്ടാണ്. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ എന്നും ഭീകരവാദത്തെ നിരുത്സാഹപ്പെടുത്തിയിട്ടേ ഉള്ളൂ. ബഹുസ്വരതയ്ക്ക് ഏറ്റവും വലിയ ഉറപ്പ്, സ്വതന്ത്ര നിലപാടുകള്‍, സാര്‍വജനീനമായ നിയമപരിരക്ഷ, എല്ലാവര്ക്കും തുല്യനീതി, ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്കുന്ന പ്രത്യേക പരിഗണന ഇവയെല്ലാം രാജ്യത്തെ ഹിന്ദുജനത നല്കിയ സംഭാവനകളാണ്. ഭൂരിപക്ഷം കുറയുകയോ ന്യൂനപക്ഷമാകുകയോ ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ ഒരിക്കലും മനുഷ്യാവകാശം ലംഘിച്ചിട്ടില്ല. ഇത് ജമ്മു കാശ്മീരിലും ബംഗ്ലാദേശിലും പാക്കിസ്ഥാനിലും നമുക്കു കാണാന്‍ കഴിയും. ഈ സത്യം ശരിയായി ചിന്തിക്കുന്ന മുസ്ലീമിനും പാഴ്സിക്കും ജൂതനും മറ്റുള്ളവര്‍ക്കും സ്വീകാര്യമാണ്. എന്നാല്‍ ഷിന്‍ഡെ ഈ സത്യം മറന്ന് അദ്ദേഹത്തിന്റെ പാരമ്പര്യത്തെ തന്നെ തള്ളിപ്പറഞ്ഞിരിക്കുകയാണ്.
“ഉറക്കെ പറയൂ- നിങ്ങള്‍ ഹിന്ദുവാണെന്ന്” എന്നു പറഞ്ഞ് ഹിന്ദുത്വത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുത്ത വിശ്വവിഖ്യാതനായ ഹിന്ദു സന്ന്യാസി സ്വാമി വിവേകാനന്ദനെ ഷിന്‍ഡെ എന്നെങ്കിലും പഠിച്ചിട്ടുണ്ടോ ? ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നതിന്റെ അപകടത്തെപ്പറ്റി സ്വാമി വിവേകാനന്ദന് പറഞ്ഞത് ഷിന്‍ഡെക്ക് ഏറ്റുപറയാന്‍ ധൈര്യമുണ്ടോ ? ഹിന്ദുമതത്തില്‍ നിന്നും ഒരാള്‍ പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ഒരാളെ നഷ്ടപ്പെടുക മാത്രമല്ല ഒരു ശത്രു ജനിക്കുകകൂടി ചെയ്യുകയാണെന്ന് സ്വാമി വിവേകാനന്ദന് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഷിന്‍ഡെ ഒരിക്കലും വായിച്ചിട്ടുണ്ടാകുകയില്ല. അദ്ദേഹം സര്‍ക്കാരിനോടൊത്ത് വിവേകാനന്ദ സ്വാമിയുടെ ജന്മദിനം ആ സന്ന്യാസി ആരാണെന്നറിയാതെ ആഘോഷിക്കുകയാണ്.
രാജ്യതലസ്ഥാനത്ത് കലാപത്തിനിടെ 3000 സിഖുകാരെ ക്രൂരമായി ചുട്ടുകൊന്നെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവ് ദേശീയത, ദേശസ്നേഹം, മാതൃഭൂമിയോടുള്ള ആദരവ് എന്നിവയുടെ പര്യായമായ സംഘടനയെ കുറ്റപ്പെടുത്തുന്നതില്‍ അദ്ഭുതപ്പെടേണ്ടതില്ല. ഇതേ ആര്‍എസ്എസ് ആണ് സാര്‍വജനീനമായ അംഗീകാരം നേടിയ, ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ വാര്‍ത്തെടുത്തത്. ഇതേ ആര്‍എസ്എസ് ആണ് ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയെ വളര്‍ത്തിയെടുത്ത് ഭാരതീയ ജനസംഘത്തിന്റെ അധ്യക്ഷനാക്കിയത്. തുടര്‍ന്ന് മഹാത്മാഗാന്ധിയുടെ അനുഗ്രഹത്തോടെ, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ക്യാബിനറ്റില്‍ ഇദ്ദേഹത്തെയും ഉള്‍പ്പെടുത്തിയിരുന്നു.
ആര്‍എസ്എസിനോട് ആശയപരമായി എത്രതന്നെ വിയോജിക്കാനും നിങ്ങള്‍ക്ക് കഴിയും. എന്നാല്‍ അതിന്റെ അര്‍ഥം ഭരണവ്യവസ്ഥ ദുരുപയോഗപ്പെടുത്തി ആര്‍എസ്എസിനെതിരെ തെറ്റിദ്ധാരണാജനകവും വ്യാജവുമായ ആരോപണങ്ങളുന്നയിക്കാമെന്നാണോ ? കാവിനിറം ഇല്ലാതാക്കാന്‍ പറ്റിയ ഇടമാണ് ഇന്ത്യയെന്നാണോ ? ലോകത്തിന് ഇന്ത്യ നല്കിയ ആധ്യാത്മിക സംഭാവനകളെ എല്ലാവരും പ്രകീര്‍ത്തിക്കുന്നു. അതിനെ പ്രതിനിധീകരിച്ചത് സ്വാമി വിവേകാനന്ദന്, സ്വാമി ദയാനന്ദ സരസ്വതി, മഹാത്മാഗാന്ധി, ശ്രീ അരബിന്ദഘോഷ്, രമണമഹര്‍ഷി എന്നിവരാണ്. ഇവര്‍ ഇന്ത്യന്‍ നാഗരികതയ്ക്കും സാംസ്കാരിക പൈതൃകത്തിനും നല്കിയ സംഭാവനകള്‍ തുലനം ചെയ്യാവുന്നതല്ല. അത് സുശീല്‍കുമാര്‍ ഷിന്‍ഡെ പറയുന്നതു പോലെ നിലനിര്‍ത്തി വളര്ത്തണമെന്നാണോ ? ദ്വാരക മുതല്‍ തവാങ്ങ് വരെയും ലേ മുതല്‍ പോര്‍ട്ട് ബ്ലെയര്‍ വരെയും വ്യാപിച്ചിരിക്കുന്ന ഇന്ത്യന്‍ ഭാഷകളും പൈതൃകവും മൂല്യങ്ങളും ഉള്‍ക്കൊണ്ട് ഹിന്ദുത്വത്തില്‍ ഉറച്ചു നില്ക്കുന്ന ആര്‍എസ്എസ് ലക്ഷ്യമിടുന്നതു പോലെ വേണോ ?
ഈ ദേശത്തിന്റെ ഹിന്ദുത്വമെന്ന ആദര്‍ശം ശല്യമോ ബാധ്യതയോ ദേശത്തിന് ഭീഷണിയോ ആണോ ? അതോ ഇത് ദേശത്തിന്റെ ജീവവായുവും ദേശത്തെ ഐക്യപ്പെടുത്തുന്ന ആത്മാവുമാണോ ? അതിനെ അപമാനിച്ച്, മുറിവേല്‍പ്പിച്ച്, ആക്രമണങ്ങള്‍ക്ക് വിട്ടുകൊടുക്കണോ അതോ സംരക്ഷിച്ച് ആദരിക്കണോ ? നെഹ്റുവോ ഇന്ദിരാഗാന്ധിയോ ഒരിക്കലും സ്പര്‍ശിക്കുക പോലും ചെയ്യാത്ത മുസ്ലീംലീഗിന് നാണമില്ലാതെ കൈകൊടുത്ത് സ്വീകരിച്ചാനയിച്ച് ക്യാബിനറ്റില്‍ ഇരുത്തിയവര്‍ ഹിന്ദുസംഘടനകളെ അപമാനിക്കുന്നതെന്തിന് ?
ആര്‍എസ്എസിനെ ഒരിക്കല്‍ നിരോധിച്ച ഇന്ദിരാഗാന്ധി പോലും ഹിന്ദുക്കളെ ഇങ്ങനെ അപമാനിച്ചിട്ടില്ല. അവര്‍ ഒരു യഥാര്‍ഥ ഹിന്ദുവും ഹിന്ദു പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരുമായിരുന്നു. പക്ഷേ ഈ കോണ്‍ഗ്രസ് ആ പാരമ്പര്യം ഉപേക്ഷിച്ച് വിദേശിനയം പിന്തുടരുകയാണ്. ഹിന്ദുക്കള്‍ക്കെതിരെ എന്തുമാകാമെന്ന മനോഭാവമാണ് ഇത് വെളിപ്പെടുത്തുന്നത്. അത് രാമസേതുവിന്റെ കാര്യത്തിലായാലും സംസ്കൃതത്തിന്റെയോ സാംസ്കാരിക ചിഹ്നങ്ങളുടെയോ കാര്യത്തിലായാലും ശരി, അവയെ അസ്വസ്ഥമാക്കുന്ന സര്‍ക്കാര്‍ നയങ്ങളിലെ ധാര്‍ഷ്ട്യമാണ് പുറത്തുവരുന്നത്. ഇത് ദേശീയ ജീവിതത്തിന് ഗുണകരമാണോ പുതിയ നേതാവിന്റെ തുടക്കത്തിന് സ്വാഗതാര്‍ഹമാണോ എന്ന് ചിന്തിക്കട്ടെ.
** തരുണ്‍ വിജയ് (ബിജെപി എംപിയും വക്താവുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: