ബമാകോ: മുസ്ലീംഭീകരസംഘടനകളില് നിന്ന് മാലിയിലെ ചരിത്രനഗരമായ തിംബുക്ത് ഫ്രഞ്ച് സൈന്യം പിടിച്ചെടുത്തു. 1988 ല്‍ ലോക പൈതൃകനഗരങ്ങളുടെ പട്ടികയില്‍ തിംബുക്തിനെയും ഉള്‍പ്പെടുത്തിയിരുന്നു. ഭീകരരുടെ ശക്തികേന്ദ്രമായിരുന്ന തിംബുക്ത് വിമാനത്താവളത്തിന്റെ നിയന്ത്രണവും ഫ്രഞ്ച് സേന പിടിച്ചെടുത്തു. ഭീകരരില്‍ നിന്ന് തിംബുക്ത് തിരിച്ചുപിടിക്കാനായി ഫ്രഞ്ച്-മാലി സേനകള്‍ സംയുക്തമായി പോരാട്ടം ശക്തമാക്കിയിരുന്നു. തിംബുക്ത് ഉള്‍പ്പെടെ മാലിയിലെ പ്രധാനകേന്ദ്രങ്ങള്‍ പിടിച്ചെടുത്തതായി ഫ്രഞ്ച് കേണല്‍ തിയറി ബുക്കാര്‍ഡ് അറിയിച്ചു.
അതേസമയം, നഗരം വിടുന്നതിന് മുമ്പ് ഭീകരര്‍ ആയിരക്കണക്കിന് പൗരാണിക രേഖകള്‍ ഉള്‍പ്പെടുന്ന ലൈബ്രറി തീ വച്ചു നശിപ്പിച്ചു. ഏഴ് ലക്ഷത്തോളം രേഖകളാണ് ഇവിടെയുണ്ടായിരുന്നത്. അഹമ്മദ് ബാബാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് റിസേര്‍ച്ചിലെ ലൈബ്രറിയാണ് ഭീകരര്‍ തീയിട്ട് നശിപ്പിച്ചത്. തിംബുക്തിന്റെ നൂറ്റാണ്ടുകളുടെ ചരിത്രം രേഖപ്പെടുത്തുന്ന കയ്യെഴുത്ത് രേഖകളാണ് കത്തിനശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവയില്‍ ചിലത് പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടവയാണ്.
ഭൗമശാസത്രം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ് നഷ്ടമായതെന്ന് തിംബുക്ത് മേയര്‍ ഒസ്മാനേ ഹല്ലേ പറഞ്ഞു. അധികാരം കയ്യടക്കിയ ഭീകരര്‍ യുനസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളും നശിപ്പിച്ചിരുന്നു. നശിപ്പിക്കപ്പെട്ടവയില്‍ 955 ല്‍ അന്തരിച്ച പുരോഹിതനായ സിദി മഹ്മെയ്ദുവിന്റെ ശവകുടീരവും ഉള്‍പ്പെടുന്നെന്ന് യുനസ്കോ ഭാരവാഹികള്‍ പറഞ്ഞു. ഇസ്ലാം മതത്തെ ലംഘിച്ച് ദൈവത്തിന് പകരം പുരോഹിതന്മാരെ ആരാധിക്കാന്‍ പ്രേരണ നല്‍കുമെന്നതിനാലാണ് ശവകുടീരം നശിപ്പിച്ചതെന്ന് അല്‍ഖ്വയ്ദയുമായി ബന്ധപ്പെട്ട ഭീകരസംഘടനയുടെ വക്താവ് പറഞ്ഞു.
മാലി തലസ്ഥാനമായ ബമാകോയിലുണ്ടായ അട്ടിമറി ശ്രമത്തെത്തുടര്‍ന്നാണ് വടക്കന്‍ മേഖലയുടെ നിയന്ത്രണം മതമൗലികവാദികളായ മുസ്ലീം ഭീകരര്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ഏപ്രിലിലാണ് ഭീകരസംഘടനകള്‍ ഈ മേഖലയുടെ നിയന്ത്രണം കൈക്കലാക്കിയത്. ഭീകരരെ തുരത്തി ഇവര്‍ കയ്യടക്കിയ പ്രദേശം തിരികെ പിടിക്കാന്‍ മാലി സഹായം അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് ഫ്രഞ്ച് സൈന്യം രംഗത്തെത്തിയത്. ആഫ്രിക്കന്‍ യൂണിയനും അമേരിക്കയും ഫ്രഞ്ച് സേനക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഭീകരര്‍ കയ്യടക്കിയ കിടാല്‍ നഗരം തിരിച്ചെടുക്കുക എന്നതാണ് ഫ്രഞ്ച് സേനയുടെ അടുത്ത ലക്ഷ്യം. ഫ്രഞ്ച് സേനയെ സഹായിക്കാന്‍ ആഫ്രിക്കന്‍ യൂണിയന് 5700 സേനാംഗങ്ങളെ അയക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: