ന്യൂദല്‍ഹി: നീണ്ട ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശഷം സാമ്പത്തിക ലോകം ഉറ്റുനോക്കിയ ആ സുപ്രധാന തീരുമാനം റിസര്‍വ് ബാങ്ക് സ്വീകരിച്ചു. മുഖ്യവായ്പാ നിരക്കുകളായ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കാല് ശതമാനം കുറവാണ് ആര്‍ബിഐ വരുത്തിയിരിക്കുന്നത്. നിലവില്‍ എട്ട് ശതമാനമായിരുന്ന റിപ്പോ നിരക്ക് 7.75 ശതമാനമായി താഴും. റിവേഴ്സ് റിപ്പോ നിരക്ക് 6.75 ശതമാനവും ആകും. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനാനുപാത നിരക്കിലും കാല് ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഇത് നാല് ശതമാനമായി താഴും.
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ നിരക്ക്.
കരുതല്‍ ധനാനുപാതത്തില്‍ പിന്നെയും കുറവ് വരുത്തിയതിനെ തുടര്‍ന്ന് ബാങ്കിംഗ് മേഖലയിലേക്ക് 18,000 കോടി രൂപ അധികമായി ഒഴുകിയെത്തുമെന്നാണ് വിലയിരുത്തുന്നത്.
ആര്‍ബിഐ നിരക്കുകളില്‍ കുറവ് വരുത്തിയതോടെ ജനങ്ങളുടെ പലിശ ഭാരം കുറയുമെന്നാണ് വിലയിരുത്തുന്നത്. ഭവന, വാഹന, കോര്‍പ്പറേറ്റ്, വ്യക്തിഗത വായ്പകളുടെയെല്ലാം പലിശ നിരക്ക് കുറയും. 2012 ഏപ്രിലില്‍ ആണ് ഇതിന് മുമ്പ് റിസര്‍വ് ബാങ്ക് നിരക്കുകളില്‍ കുറവ് വരുത്തിയത്.
പണപ്പെരുപ്പ നിരക്ക് പരിമിതപ്പെടുത്തുന്നതിലൂടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കാന്‍ സാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി.സുബ്ബറാവു അഭിപ്രായപ്പെട്ടു. റീട്ടെയില്‍ മേഖലയില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുക, ഗാര് നടപ്പാക്കുന്നത് നീട്ടിവയ്ക്കുക, ഇന്ധന വില നിയന്ത്രണം ഭാഗികമായി എടുത്തുകളയുക തുടങ്ങിയ നടപടികള്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരക്കുകള്‍ കുറച്ചത് ശരിയായ തീരുമാനമാണെന്ന് ആസൂത്രണ കമ്മീഷന് ഡപ്യൂട്ടി ചെയര്മാന് മോണ്ടേക് സിംഗ് ആലുവാലിയയും അഭിപ്രായപ്പെട്ടു.
പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി മുഖ്യ വായ്പാ നിരക്കുകളില്‍ കുറവ് വരുത്താന്‍ പിന്നീട് ആര്‍ബിഐ തയ്യാറായിരുന്നില്ല. പണപ്പെരുപ്പ നിരക്ക് മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതിനെ തുടര്‍ന്നാണ് നിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറായത്.
മാത്രമല്ല, നിരക്കുകളില്‍ കുറവ് വരുത്താത്തത് ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന അവസ്ഥ വന്നതും പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ കാരണമായി.
നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.6 ശതമാനത്തിലെത്തുമെന്നാണ് നേരത്തെ ആര്‍ബിഐ വിലയിരുത്തിയിരുന്നത്.
എന്നാലിത് 5.5 ശതമാനമായി താഴ്ത്തി നിശ്ചയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 6.6 ശതമാനമായിരിക്കുമെന്നാണ് നേരത്തെ അനുമാനിച്ചിരുന്നത്. എന്നാലിത് 6.5 ശതമാനമായി കഴിഞ്ഞ ദിവസം താഴ്ത്തി നിശ്ചയിച്ചു.
പണപ്പെരുപ്പം ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ 7.5 ശതമാനത്തില്‍ താഴെയെത്തുമെന്നാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക രംഗത്ത് ഉണര്‍വേകുന്നതിനായി പരിഷ്കരണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക രംഗത്ത് സ്ഥിരത നിലനിര്‍ത്താന്‍ ദീര്‍ഘനാള്‍ വേണ്ടിവരുമെന്നാണ് കണക്ക്കൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: