ആലുവ: ശിവരാത്രി മണപ്പുറത്ത് അന്യമത പ്രചാരണത്തിന് അനുമതി നല്‍കുകയും കയ്യേറി നശിപ്പിക്കാന്‍ അവസരമൊരുക്കുകയും ചെയ്ത ആലുവ നഗരസഭക്കെതിരെ ബഹുജനരോഷമിരമ്പി.
ഹിന്ദു ക്ഷേത്രസ്വത്തുക്കള്‍ കയ്യേറുകയെന്ന രഹസ്യ അജണ്ടയാണ് ആലുവ ശിവരാത്രി മണപ്പുറത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍ കുറ്റപ്പെടുത്തി. ശിവരാത്രി മണപ്പുറം കയ്യേറി നശിപ്പിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നഗരസഭയിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആലുവ സര്‍ക്കാര്‍ ആശുപത്രി ജംഗ്ഷനില്‍നിന്ന് ആരംഭിച്ച ബഹുജനമാര്‍ച്ച് പമ്പ് ജംഗ്ഷനില്‍വച്ച് ഡിവൈഎസ്പി ആര്. സലീമിന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പൊതുനിരത്തില്‍ കുത്തിയിരുന്നു. 1915 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടത്തിയ വിജ്ഞാപനത്തില്‍ ക്ഷേത്രം തനതുഭൂമി എന്ന് രേഖപ്പെടുത്തിയതിന്റെ രേഖകള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.വി. ബാബു ആവശ്യപ്പെട്ടു. ക്ഷേത്രഭൂമികള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. പട്ടംതാണുപിള്ള സര്‍ക്കാര്‍ 1961 ല്‍ പുറപ്പെടുവിച്ച വിധിയുമൊക്കെ കാണിക്കുന്നത് ഇത് ദേവസ്വംഭൂമിയാണെന്നാണ്.
മഹാദേവന്റെ ജഡയായി സങ്കല്‍പ്പിക്കുന്ന മണപ്പുറം അന്യാധീനപ്പെടാനോ അശുദ്ധമാക്കാനോ ഒരു ശക്തിയെയും അനുവദിക്കില്ല. ഫെബ്രുവരി 1 ന് അന്യസമുദായം നടത്തുന്ന ശിവരാത്രി മണപ്പുറത്തെ പരിപാടി തടയുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം.എ. ബ്രഹ്മരാജ്, പി. വിജയന്, കെ.പി. സുരേഷ്, എന്‍.ആര്. സുധാകരന്, ബൈജു എടത്തല, എ.സി. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: