കാര്‍ഗില്‍ യുദ്ധം സൃഷ്ടിച്ചത് പാക് സൈന്യമല്ല ഭീകരരാണെന്ന പാക്കിസ്ഥാന്റെ കള്ളപ്രചാരണം നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാലും നേരിയൊരു സംശയം ബാക്കി വയ്ക്കാന്‍ പാകിസ്ഥാന് ശ്രമിച്ചുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര സമൂഹത്തില്‍ പോലും ഇക്കാര്യം അവതരിപ്പിക്കാന്‍ പാക്കിസ്ഥാന് ശ്രദ്ധിച്ചതാണ്. 1999 മെയ് മുതല്‍ ജൂലായ് വരെയാണ് കാര്‍ഗില്‍ മേഖലയില്‍ കടന്നുകയറി പാക്കിസ്ഥാന് യുദ്ധവെറി കാട്ടിയത്. നല്ല രീതിയില്‍ തന്നെ തിരിച്ചടിക്കാന്‍ ഇന്ത്യക്കായി. ഭീകരരാണ് ഈ സാഹചര്യമുണ്ടാക്കിയതെന്ന് പ്രചരിപ്പിക്കുമ്പോഴും ഭീകരരെ നിയന്ത്രണരേഖ കടക്കാന്‍ അനുവദിച്ചതിന്റെ പേരില്‍ അന്താരാഷ്ട്രസമൂഹം പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയിരുന്നു. നുഴഞ്ഞുകയറിയവരെ കാശ്മീരി സ്വാതന്ത്ര്യ പോരാളികള്‍ എന്നു പേരിട്ടു വിളിച്ചുള്ള പാക്കിസ്ഥാന്റെ നയതന്ത്ര നീക്കവും ഫലവത്തായില്ല. പ്രതിരോധ വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം വെറും അടിസ്ഥാനപരിശീലനം മാത്രം സിദ്ധിച്ചിട്ടുള്ള കാശ്മീരി പോരാളികള്‍ക്ക് ഇത്തരത്തിലുള്ള ഉയര്‍ന്ന ഭൗമമണ്ഡലത്തില്‍ എത്തിച്ചേരാനോ അവിടെനിന്ന് ആക്രമണത്തെ പ്രതിരോധിക്കാനോ സാധ്യമല്ല. പാക്കിസ്ഥാന് കരസേന രണ്ട് സൈനികര്‍ക്ക് പാക്കിസ്ഥാന്റെ ഏറ്റവും ഉയര്‍ന്ന സൈനിക പുരസ്കാരമായ നിഷാന്ഇഹൈദറും 90 സൈനികര്‍ക്ക് ധീരതക്കുള്ള പുരസ്കാരവും നല്കി. അവയില്‍ ഭൂരിഭാഗവും മരണാനന്തര ബഹുമതിയായിട്ടായിരുന്നു. ഇതു പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന നടപടിയായിരുന്നു. ഇന്ത്യ ചോര്‍ത്തിയ ഒരു ഫോണ്‍ സംഭാഷണത്തില്‍ പാക്കിസ്ഥാന് കരസേനാ മേധാവി ഒരു പാക്കിസ്ഥാനി ജനറലോട് പിടി നമ്മുടെ കൈയ്യിലാണ് എന്നു പറയുന്നുണ്ട്. എന്നാല്‍ ആ തെളിവ് തികച്ചും കൃത്രിമമാണെന്ന് പാക്കിസ്ഥാന് വാദിച്ചിരുന്നു.
ഇന്ത്യന്‍ പ്രത്യാക്രമണത്തിന്റെ ശക്തി കൂടിക്കൊണ്ടിരുന്നപ്പോള്‍, ജൂലൈ നാലിനു പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ കാണാന്‍ ചെല്ലുകയും പിന്തുണ തേടുകയും ചെയ്തു. എന്നാല്‍ ക്ലിന്റന് രോഷപ്പെടുകയാണുണ്ടായത്. തന്റെ കഴിവുപയോഗിച്ച് ഭീകരവാദികളേയും സൈനികരേയും നിയന്ത്രണരേഖക്കുള്ളിലേക്ക് പിന്‍വലിക്കാനും ക്ലിന്റണ് ഷെരീഫിനോട് ആവശ്യപ്പെട്ടു. തന്റെ പുസ്തകത്തില്‍ ക്ലിന്റന് ‘ഷെരീഫിന്റെ നീക്കങ്ങള്‍ സംശയാസ്പദമായിരുന്നു’ എന്നു കുറിച്ചിട്ടുണ്ട്. കാരണം അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി ലാഹോറിലെത്തുകയും പരസ്പരചര്‍ച്ചവഴി പ്രശ്നം പരിഹരിക്കാമെന്നും സമ്മതിച്ചിരുന്നു. എന്നാല്‍ നിയന്ത്രണരേഖ ലംഘിക്കുന്നതു വഴി പാക്കിസ്ഥാന് ചര്‍ച്ചകളെ നശിപ്പിച്ചിരുന്നു എന്നാണ് ക്ലിന്റന്റെ അഭിപ്രായം. അതേസമയം തന്നെ നിയന്ത്രണരേഖ ലംഘിക്കാതിരിക്കാനും അങ്ങനെ സമ്പൂര്‍ണ്ണയുദ്ധമുണ്ടാകാതിരിക്കാനും ഇന്ത്യ കാട്ടിയ സംയമനത്തെ ക്ലിന്റണ് അനുമോദിക്കുകയും ചെയ്തു. മറ്റു ജി എട്ട് രാജ്യങ്ങളും കൊളോണ്‍ ഉച്ചകോടിയില്‍ ഇന്ത്യയെ പിന്തുണക്കുകയും പാക്കിസ്ഥാന്റെ നിയന്ത്രണരേഖാ ലംഘനത്തെ അപലപിക്കുകയും ചെയ്തു. യൂറോപ്യന്‍ യൂണിയനും നിയന്ത്രണരേഖയുടെ ലംഘനത്തെ എതിര്‍ത്തു. ചൈന പാക്കിസ്ഥാന്റെ സഖ്യകക്ഷിയാണെങ്കിലും പോരാളികളെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ വര്‍ദ്ധിച്ച അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനൊടുവില്‍ നവാസ് ഷെരീഫ് സൈനികരെ പിന്‍വലിക്കാന്‍ സമ്മതിച്ചു. സംയുക്തമായി നിയന്ത്രണരേഖയെ ബഹുമാനിക്കണമെന്നും ദ്വികക്ഷി ചര്‍ച്ചകള്‍ തുടരണമെന്നും ക്ലിന്റണും ഷെരീഫും പ്രഖ്യാപിച്ചതാണ്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുതന്നെ ഒരു വ്യാഴവട്ടം മുമ്പ് മാത്രം നടന്ന യുദ്ധ രഹസ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
കാര്‍ഗില്‍ യുദ്ധത്തില്‍ മുജാഹിദീന്‍ ഭീകരര്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും പാക് സൈനികരാണ് യുദ്ധത്തില്‍ പങ്കെടുത്തതെന്നും പാക് ചാരസംഘടനയായ ഐഎസ്ഐ മുന്‍ ലഫ്റ്റനന്റ് ജനറല്‍ ഷാഹിദ് അസീസ് ഇപ്പോള്‍ സംശയലേശമന്യേ വെളിപ്പെടുത്തിയിരിക്കുകയാണ്. കാര്‍ഗില്‍ യുദ്ധം അര്‍ത്ഥശൂന്യവും പാക്കിസ്ഥാന്റെ അബദ്ധകൃത്യവുമായിരുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നു. യുദ്ധത്തില്‍ നിന്ന് പാക്കിസ്ഥാന് ഒരു പാഠവും പഠിച്ചില്ലെന്നും ഐഎസ്ഐയുടെ അനാലിസിസ് വിംഗ് മേധാവിയായിരുന്ന ഷാഹിദ് അസീസ് കുറ്റപ്പെടുത്തി.
യുദ്ധത്തില്‍ മുജാഹിദീനുകള്‍ ഇല്ലായിരുന്നെന്നും ടേപ്പ് ചെയ്ത വയര്‍ലസ് സന്ദേശങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും അസീസ് പറഞ്ഞിരിക്കുന്നു. പാക്കിസ്ഥാനിലെ പ്രമുഖ പത്രമായ ‘ദി നേഷനി’ല്‍ എഴുതിയ ലേഖനത്തിലാണ് ഷാഹിദ് അസീസ് പാക്കിസ്ഥാന്റെ പെരുംനുണ തുറന്നുകാട്ടുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ചുള്ള കൂടുതല്‍ സത്യങ്ങള്‍ ഇനിയും അറിയാനുണ്ട്. പാക് സൈനികരുടെ വിലപ്പെട്ട രക്തം കാരണമില്ലാതെ ചിന്തുകയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. യുദ്ധം നടക്കുമ്പോള്‍ സൈനികമേധാവിയായിരുന്ന ജനറല്‍ പര്‍വേസ് മുഷാറഫിനെതിരെയും ഷാഹിദ് ശക്തമായ വിമര്‍ശനം നടത്തി. തെറ്റായ ചില ധാരണകളുടെ അടിസ്ഥാനത്തില്‍ ഒട്ടും തയ്യാറെടുപ്പില്ലാതെയാണ് കാര്‍ഗില്‍ യുദ്ധത്തിന് പദ്ധതിയിട്ടത്. പീരങ്കികള്‍ക്ക് ഇരയാകാന്‍ സൈനികരെ പറഞ്ഞയക്കുകയായിരുന്നെന്നും മുന്‍ ഐഎസ്ഐ ഉദ്യോഗസ്ഥന് പറഞ്ഞിരിക്കുന്നു. കാര്‍ഗില്‍ യുദ്ധത്തിന് പിന്നില്‍ മുജാഹിദീനുകളായിരുന്നെന്ന് സ്ഥാപിക്കാന്‍ പാക്കിസ്ഥാന് എല്ലായ്പ്പോഴും ശ്രമിച്ചതിനുള്ള തിരിച്ചടിയായി വേണം ഇതിനെ കാണാന്‍.
ഇന്ത്യന്‍ സൈനികരെ തുരത്തി സിയാച്ചിനില്‍ ആധിപത്യമുറപ്പിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു യുദ്ധം തുടങ്ങിയതെങ്കിലും മുമ്പു നടന്ന യുദ്ധങ്ങളിലെന്നപോലെ കാര്‍ഗില്‍ യുദ്ധത്തിലും നമ്മുടെ സൈന്യം വ്യക്തമായ മറുപടിയാണ് നല്‍കിയത്. പാക്കിസ്ഥാന് കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നതിന്റെ തെളിവാണ് ഇപ്പോഴും അതിര്‍ത്തിയില്‍ അവര്‍ നടത്തുന്ന ഒളിയുദ്ധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: