കേരള നവോത്ഥാനത്തിന്റെ അമരക്കാരില്‍ പ്രധാനിയായിരുന്നു ശ്രീ സദാനന്ദസ്വാമികള്‍. ആദ്ധ്യാത്മികതയെ നവോത്ഥാനത്തിന്റെ ആയുധമാക്കിയ കര്‍മ്മയോഗിയായിരുന്നു സ്വാമികള്‍. ആദ്ധ്യാത്മിക സംസ്കാരം വളര്‍ത്തുന്നതിന് ‘ചിത്സഭ’ രൂപീകരിച്ച സ്വാമികള്‍ കണ്ണൂര്‍ മുതല്‍ കന്യാകുമാരി വരെ കാല്‍നടയായി പര്യടനം നടത്തി. 1895 കാലത്താണ് സ്വാമികള്‍ പൊതുപ്രവര്‍ത്തനരംഗത്തു പ്രത്യക്ഷപ്പെട്ടത്. അന്ന് സ്വാമിക്ക് വെറും 18 വയസ്സുപ്രായമായിരുന്നു.
കേരളത്തില്‍ നിന്നും അപ്രത്യക്ഷനായ ഈ യോഗി തമിഴ്നാട്ടില്‍ രാമനാഥപുരത്തുളള തായുമാനവര്‍ സ്വാമികളുടെ സമാധിസ്ഥലത്ത് കുറച്ചുകാലം താമസിച്ചശേഷം, “ജ്ഞാനിയാര് മല”യിലെ ഗുഹയില്‍ തപസ്സനുഷ്ഠിച്ചു. അദ്ദേഹമാണ്, കൊട്ടാരക്കര സദാനന്ദാശ്രമം സ്ഥാപിച്ച അവധൂതഗുരു ആയത്.
സ്വാമികള്‍ 1877(കുംഭമാസം 13-ാംതിയതി) ചിറ്റൂരില്‍ തത്തമംഗലത്ത് ജനിച്ചു. രാമനാഥമേനോന്‍ എന്നായിരുന്നു പേര്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ‘ദിവ്യദര്ശനമുണ്ടാവുകയും, നാടുവിട്ട് തമിഴ്നാട്ടിലെ ഒരു ആശ്രമത്തില്‍ എത്തിച്ചേരുകയും ചെയ്തു. ശാസ്ത്രങ്ങളും, യോഗജ്ഞാനങ്ങളും അഭ്യസിച്ച് ബ്രഹ്മനിഷ്ഠനായിത്തീര്ന്നു. മടങ്ങിവന്ന അദ്ദേഹം, കുറച്ചു കാലം മൗനവ്രതം അനുഷ്ഠിച്ചു. കേരളത്തിലെ മിക്ക കരകളിലും സഞ്ചരിച്ച് ബ്രഹ്മനിഷ്ഠാമഠങ്ങള് സ്ഥാപിക്കുകയും ജനങ്ങളില്‍ ആദ്ധ്യാത്മിക ബോധം പ്രദാനം ചെയ്യുകയും ചെയ്തു.
പട്ടികജാതി സമുദ്ധാരണത്തിന് മുഖ്യപങ്കുവഹിച്ച നവോത്ഥാന നായകനായിരുന്നു ശ്രീ സദാനന്ദസ്വാമികള്‍. അതിനുവേണ്ടി പട്ടികജാതിക്കാരെ സംഘടിപ്പിച്ച് ചിത്സഭ രൂപീകരിച്ചു. ചിത്സഭയുടെ കേന്ദ്രസ്ഥാപനം സദാനന്ദപുരം അവധൂതാശ്രമമായിരുന്നു.
സഭയുടെ രക്ഷാധികാരി ശ്രീമൂലംതിരുനാള്‍ മഹാരാജാവായിരുന്നു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് അയിത്തത്തിനെതിരായി സദാനന്ദസ്വാമികള്‍ നടത്തിയ പ്രസംഗം കേട്ടാണ്, സ്വാമികളെ ശ്രീ അയ്യങ്കാളി, വെങ്ങാനൂരേക്ക് ക്ഷണിച്ചത്. അവിടെ ചെന്ന് പട്ടികജാതി ജനങ്ങളെ സംഘടിപ്പിച്ച് തിരുവനന്തപുരം മുതല്‍ കന്യാകുമാരിവരെ നിരവധി ചിത്സഭായൂണിറ്റുകള് ആരംഭിക്കുകയും, അവരുടെ സമത്വത്തിനും, മനുഷ്യാവകാശത്തിനും, സ്വാതന്ത്ര്യത്തിനും പ്രവര്‍ത്തിക്കാന്‍ സ്വാമികള്‍, അയ്യങ്കാളിയുമൊത്ത് നേതൃത്വം നല്‍കുകയും ചെയ്തു.
അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമഹാസമ്മേളനത്തിന് നേതൃത്വം കൊടുത്തുകൊണ്ട് നവോത്ഥാനത്തിന് പുത്തന്‍ ഉണര്‍വും നല്കി. സമീപസ്ഥലങ്ങളില്‍ സഞ്ചരിച്ചുകൊണ്ട് ‘പടയണി’ തുടങ്ങിയ ‘ദുരാചാരങ്ങള്‍’ നിര്‍ത്തലാക്കാനും പരിശ്രമിച്ചു.
എന്‍എസ്എസിന്റെ ആദ്യകാല നേതാക്കളായ പ്രാക്കുളം പത്മനാഭപിളള, മുന്‍ഷി പരമുപിളള, മാധവന്‍തമ്പി തുടങ്ങിയവര്‍ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ സ്വാമികളെ സഹായിച്ചിരുന്നു. തമിഴ്നാട്, സിലോണ്‍, കല്‍ക്കട്ട, ബോംബെ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വാമികള്‍ക്കു അനവധി ആരാധകര്‍ ഉണ്ടായിരുന്നു. ആശ്രമപ്രവര്ത്തനത്തിന് ഇവര്‍ സ്വാമികളെ സഹായിച്ചു.
ഒരു സിദ്ധവൈദ്യന് കൂടിയായിരുന്ന സ്വാമികള്‍ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു ഔഷധത്തോട്ടം ഉണ്ടാക്കുകയും, വൈദ്യശാല നടത്തുകയും ചെയ്തിരുന്നു. നെയ്ത്തുശാല,ഗോശാല,പാഠശാല, ക്ഷേത്രം എന്നിവയും ആശ്രമത്തില്‍ സ്ഥാപിച്ച് നവോത്ഥാനത്തിന്റെ ഭാഗമായി ജനസേവനം അനുഷ്ഠിച്ചുകൊണ്ടിരുന്നു.
ആദ്യമായി ധര്‍മ്മ പ്രഭാഷണം നടത്തുവാന്‍ തയ്യാറായ സന്യാസി എന്ന നിലയിലും സദാനന്ദസ്വാമികള്ക്ക് അദ്വിതീയമായ സ്ഥാനമാണുളളത്. തമിഴിലും മലയാളത്തിലും അനേകം ആദ്ധ്യാത്മഗ്രന്ഥങ്ങള് രചിച്ച് ജ്ഞാനദാനം ചെയ്തിട്ടുളള സ്വാമികള്‍ “സദാനന്ദവിലാസം” എന്നൊരു മാസികയും നടത്തിയിരുന്നു. മഹാപ്രസാദ് ആത്മാനന്ദസ്വാമികള്‍, ദയാനന്ദസ്വാമികള്‍, നിത്യാനന്ദസ്വാമികള്‍, ചിദാനന്ദസ്വാമികള്‍ തുടങ്ങിയവര്‍ സദാനന്ദസ്വാമികളുടെ ശിഷ്യപ്രമുഖരില്‍ ഉള്‍പ്പെടുന്നു.
1924 ല്‍, വെറും 47-ാം വയസ്സില്‍ സ്വാമികള്‍ ബ്രഹ്മലീനനായി. സദാനന്ദാശ്രമത്തില്‍ സ്വാമികളുടെ സമാധിക്ഷേത്രവും, അവിടെ പൂജകളും ആരാധനയും നടത്തിവരുന്നു. സ്വാമികളുടെ സന്ദേശം പരത്താനും, സ്വാമികള്‍ വിഭാവനം ചെയ്ത സാമൂഹ്യപ്രവര്‍ത്തനം തുടര്ന്നുകൊണ്ടുപോകാനും, ഇപ്പോഴുളള മഠാധിപതിയും, മുഖ്യ കാര്യദര്‍ശിയും സേവനം ചെയ്തു കൊണ്ടിരിക്കുന്നു. കേരള നവോത്ഥാനത്തിന് ശ്രീസദാനന്ദസ്വാമികള് മഹത്തായ സംഭാവനയാണ് നല്‍കിയിട്ടുളളത്. അതു തിരിച്ചറിയാന്‍ പുതിയ തലമുറകള്‍ തയ്യാറാകേണ്ടതാണ്.
** ശാസ്താംകോട്ട രാമചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: