ഇളമുറത്തമ്പ്രാന് യുദ്ധസന്നദ്ധനായിക്കഴിഞ്ഞാല് പിന്നെ കഥയൊന്നും പറയേണ്ട. ഇല്ലാത്ത ആവേശം എവിടെന്നൊക്കെയോ പറന്നുവരും. ഒടിഞ്ഞുതൂങ്ങിയ മസിലുകളില്‍ പുതുരക്തത്തിന്റെ വര്‍ധിതവീര്യം പൊടുന്നനെ ഇരമ്പിപ്പായും. എന്തുചെയ്യാനും ഒരു ഉഷാറുണ്ടാവും. അത് ലോകത്തിന്റെ പൊതുസ്വഭാവമത്രേ. അതില്‍ ആരെങ്കിലും പരിഭവപ്പെട്ടിട്ടോ കന്നംതിരിവ് പറഞ്ഞിട്ടോ കാര്യമില്ല. ഉള്‍ക്കൊള്ളാന്‍ തയ്യാറാവുക. എങ്കിലേ ഉള്‍ക്കരുത്തോടെ മുന്നേറാന്‍ പറ്റൂ.
സര്‍ദാര്‍ജിയുടെ കാലം എന്നേ കഴിഞ്ഞുവെന്ന് സ്വന്തക്കാര് പോലും പരസ്യമായി പറഞ്ഞുതുടങ്ങിയിട്ട് കുറച്ചായി. എന്നാല്‍ നേരെചൊവ്വേ സന്ദര്‍ഭം കിട്ടാത്തതുകൊണ്ട് അതങ്ങനെ നീണ്ടുപോയി. ഇനിയും നീണ്ടാല്‍ പിന്നെ നീളേണ്ടിവരികയേ ഇല്ല എന്ന പരുവത്തില്‍ എത്തിയപ്പോഴാണ് ഒരു കണക്കിന് ഇളമുറത്തമ്പ്രാനെ വേഷംകെട്ടിച്ച് ഇറക്കാന്‍ തീരുമാനിച്ചത്. അതിന് ഒരു ചിന്തന്‍ ശിബിര്‍ വെക്കുകയും ചെയ്തു. ചിന്തിക്കാനുള്ളവരുടെ ശിബിരമാണോ, ചിന്ത കഴിഞ്ഞവരുടെ ശിബിരമാണോ എന്നൊന്നും ചോദിക്കരുത്. ഒന്ന് സമ്മതിച്ചുകൊടുക്കുക. പണ്ടത്തെ പാരമ്പര്യം വേദിയില്‍ പ്രതിഫലിച്ചു. എല്ലാവരും നിലത്ത് ഇരുന്നാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടു പോയത്.
എല്ലു തുളച്ചു പോവുന്ന തണുപ്പില്‍ ചിന്തന്‍ ശിബിര്‍ വഴി ഇത്തിരി തീകൂട്ടി മേലുകായാന് ആര്‍ക്കാണ് തോന്നാത്തത്. അങ്ങനെ മേലുകാഞ്ഞിരിക്കുമ്പോഴാണ് ഇളമുറത്തമ്പ്രാന് ആകെ രസം പിടിച്ചത്. ഇനിയും വൈകിക്കുന്നത് നല്ലതല്ലെന്ന് മാഡവും നിശ്ചയിച്ചുറപ്പിച്ചു. അങ്ങനെ കുടമാറ്റം നടന്നു. അതിന്റെ അലൗകിക സൗന്ദര്യപ്രഭയില്‍ പലര്‍ക്കും ബോധം പോയെന്നും അവര്‍ മറ്റേതൊക്കെയോ ലോകത്ത് എത്തിയെന്നും സിന്റിക്കേറ്റായ സിന്റിക്കേറ്റ് മാധ്യമങ്ങളൊക്കെ പ്രത്യേക കഥകള്‍ രചിച്ചിട്ടുണ്ട്. 2014 എന്നൊരു വര്‍ഷം ആയിരം കൈകള്‍കൊണ്ട് മാടിവിളിക്കുകയാണ്. അങ്ങനെയുള്ളപ്പോള്‍ മാറിനില്ക്കാന് പറ്റുമോ? തേരാപാരാ ജനങ്ങള്‍ക്കൊക്കെ ജീവിതം ശ്ശികഠിനമായിട്ടുണ്ട് എന്നത് നേരുതന്നെ. ഒറ്റയടിക്ക് വകവരുത്താതെ ഇഞ്ചിഞ്ചായി എങ്ങനെ കൊല്ലാം എന്ന കാര്യത്തില്‍ ഗവേഷണം നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഫലം 2014ല്‍ എങ്ങനെ വരുമെന്ന് തല്ക്കാലം വ്യക്തമല്ല. പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രഹരമാണ് വരുന്നതെങ്കില്‍ താങ്ങാനുള്ള ശേഷി സര്ദാര്ജിക്കില്ല. അതിന് യുവരക്തംതന്നെ വേണ്ടിവരും. (യുവരക്തം 30-40 വയസ്സിലോ 40-50 വയസ്സിലോ എന്നൊന്നും ചോദിച്ച് നേരം കളയണ്ട. തൊണ്ണൂറാം വയസ്സിലും യുവത്വം തുള്ളിത്തുളുമ്പുന്നവര് അനേകമുണ്ട്. അതിന്റെ മുസ്ലിപവര്‍ വേറെ)
ഇളമുറത്തമ്പ്രാന് പടക്കളം ഒന്ന് ഉഷാറാക്കിക്കൊടുക്കേണ്ട ചുമതല വൃദ്ധസിംഹങ്ങള്ക്കാണ്. ആയത് ഭംഗിയായി നിര്‍വഹിക്കാന്‍ ആഭ്യന്തരവകുപ്പുകാരന് സ്വമേധയാ തയ്യാറായതോടെ മറ്റുള്ളവരുടെ പണി തൊണ്ണൂറ്റിയാറരക്കാല് കഴിഞ്ഞു. ടിയാന് കണ്ടുപിടിച്ച സിദ്ധാന്തം ചിന്തന്‍ ശിബിര്‍ തീകായലിന് എത്തിയവരെ ഒട്ടൊന്നുമല്ല ത്രസിപ്പിച്ചത്. നാളിതുവരെയുണ്ടായിരുന്ന സകലമാന സംശയത്തിനും ഉത്തരം കിട്ടിക്കഴിഞ്ഞു. ഇന്ത്യാ മഹാരാജ്യത്ത് ഭീകരതവളര്‍ത്താന്‍ രണ്ടു സംഘടനകള്‍ കാര്യമായി ശ്രമിക്കുന്നുവത്രേ. അതിനായി ഭീകരപരിശീലന ക്യാമ്പുകളും സംഘടിപ്പിക്കുന്നു. തങ്ങള്‍ക്ക് ഇതു സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും കിട്ടിയിരിക്കുന്നു എന്നാണ് ടിയാന് വച്ചുകാച്ചിയത്.
ഇളമുറത്തമ്പ്രാന് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ സ്ഥലകാലബോധം നഷ്ടപ്പെടുന്നത് സ്വാഭാവികം. തീവ്രവാദത്തിന്റെ മൊത്തക്കച്ചവടക്കാര്‍ക്ക് ചെറുകിടവ്യാപാരികളെ സംഘടിപ്പിച്ചുകൊടുക്കാന്‍ കരാറെടുത്ത ഷിന്‍ഡെ പ്രഭൃതികളും ഈയടുത്ത് പാക്കിസ്ഥാന് സൈനികളുടെ ക്രൂരതയ്ക്കു മുമ്പില്‍ മുട്ടുവിറച്ച കേരളത്തില്‍നിന്നുള്ള ആഭ്യന്തരക്കാരനും ദേശസ്നേഹ സംഘടനകളെ ഉന്നം വെക്കുന്നത് അതിലും സ്വാഭാവികം. പാക്കിസ്ഥാന് നമ്മെ വഞ്ചിച്ചിട്ടില്ലെന്നാണ് കേരളത്തില്‍ നിന്നുള്ള ഷിന്‍ഡെയുടെ കൂട്ടുകാരന് പറഞ്ഞത്. ആശാന് അക്ഷരം ഒന്നു പിഴച്ചാല്‍ ശിഷ്യര്ക്കമ്പത്തൊന്ന് എന്നുണ്ടല്ലോ. അത് ഇവിടെയും പ്രസക്തം. തീവ്രവാദികളുടെ ശക്തിയില്‍ 2014ലെ അങ്കം ജയിക്കാന്‍ കോപ്പുകൂട്ടുന്നവര്‍ ഒന്നോര്‍ത്താല്‍ നന്ന്. ഇന്ത്യ ഇന്ത്യയായി നില്‍ക്കുന്നത് ആരോപണത്തിന്റെ കുന്തമെറിഞ്ഞ് പീഡിപ്പിക്കുന്ന ആ സംഘടനകളുടെ കൈയ്മെയ് മറന്നുള്ള പ്രവര്‍ത്തനം കൊണ്ടുതന്നെ. മൂന്നാംകിട രാഷ്ട്രീയക്കാരന്റെ തറവേലയ്ക്കുമുമ്പില് പകച്ചുപോകുന്നതല്ല മേപ്പടി സംഘടനകള്‍. അതിനെക്കുറിച്ചറിയണമെങ്കില്‍ ഇന്റലിജന്സുകാരുടെ കണക്കുപുസ്തകമല്ല പ്രപിതാമഹന്മാരുടെ ഓര്‍മപ്പുസ്തകമാണ് മറിച്ചു നോക്കേണ്ടത്.
ദല്‍ഹിയിലെ പെണ്‍കുട്ടിയുടെ ആത്മാവിന് ശാന്തികിട്ടുന്ന ചടങ്ങുകള്‍ പലതും കഴിഞ്ഞു. നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ റോക്കറ്റ് വേഗത്തില്‍ കുതിക്കുകയും ചെയ്യുന്നു. നമുക്ക് ആശ്വാസത്തിന് വകയുള്ളതാണ് പലതും. എന്നാല്‍ ആ സംഭവത്തിന് എത്രയോ മുമ്പ് പീഡിപ്പിക്കപ്പെട്ട്, ഇന്നും അനാഥാവസ്ഥയില്‍ ഒരു അന്യനാട്ടുകാരി നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നരകിക്കുന്നു. അവള്‍ക്കുവേണ്ടി സെക്രട്ടറിയേറ്റ് ഉപരോധമില്ല, മെഴുകുതിരി കത്തിക്കലില്ല, പ്രസ്താവനകളുമായി ഒപ്പിയാന്‍ കൂട്ടക്കാരും കരച്ചില് കവികളുമില്ല. ആ പാവത്തിന്റെ ദയനീയ കഥകളുമായി രംഗത്തുവരുന്നു മലയാള മനോരമ. അവരുടെ ഞായറാഴ്ച (ജനു. 20)യില്‍ നിങ്ങള്‍ക്കതു വായിക്കാം.
ഒരു ബംഗാളി പെണ്‍കുട്ടിയോട് കേരളം ചെയ്യുന്നത് എന്ന തലക്കെട്ടില്‍ അരുണ്‍ എഴുത്തച്ഛനാണ് പീഡനകഥ വിവരിക്കുന്നത്. 2011 ഡിസംബര്‍ 24ന് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്തുവെച്ചാണ് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനും അക്രമത്തിനും ഇരയായത്. ഇനി ഇത്തിരി അരുണ്‍ തന്നെ പറയട്ടെ: ഓടുന്ന വാഹനത്തില്‍ കാമവെറിയന്മാരാല്‍ ക്രൂരമായി പിച്ചിച്ചീന്തപ്പെടുകയായിരുന്നു അവളും. രക്ഷപ്പെടാന്‍ കിട്ടിയ അരനിമിഷത്തെ പഴുത് ഉപയോഗപ്പെടുത്തിയ ഇവള് ജീവിതത്തിലേക്ക് തിരികെവന്നു. എന്നിട്ടോ….? ആരെക്കണ്ടാലും നിലവിളിക്കാന്‍ മാത്രമറിയുന്ന ഒരു മനസ്സ് മാത്രമായി ഇവളുടേത്. വിചാരണ ഇനിയും ആരംഭിക്കാത്തതിനാല്‍ നാട്ടിലേക്കു മടങ്ങാന്‍ പറ്റാതെ ഇവള് ഇപ്പോഴും കേരളമെന്ന ഈ അന്യനാട്ടില്‍ കഴിയുന്നു. ദല്‍ഹിയിലെ പെണ്‍കുട്ടി ഒരര്‍ഥത്തില്‍ ഇവളെക്കാള്‍ ഭാഗ്യവതിയാണ്. നമ്മുടെയൊക്കെ ഓര്‍മകളില്‍ ചോരയൊലിപ്പിച്ച് മറ്റേതോ ലോകത്ത് സ്വാസ്ഥ്യം തേടുന്നു. ഇവളോ? കണ്ണീരിന്റെ ഒറ്റയടിപ്പാതയിലൂടെ വേച്ചുവേച്ചു പോവുന്നു. ഇവിടെ കൂടുതല്‍ ക്രൂരന്മാര് ആരാണ്? അവളെ പീഡിപ്പിച്ച നരാധമരോ? അതോ ആ അധമരെ സ്വൈരവിഹാരത്തിന് ആവോളം സഹായിക്കുന്ന നിയമമോ? അന്യനാട്ടുകാരിയല്ലേ, പ്രതികള്‍ സ്വന്തം നാട്ടുകാരല്ലേ? അപ്പോള്‍ സ്വാഭാവികമായും പ്രാദേശികവികാരം ഉണരേണ്ടതല്ലേ എന്നൊക്കെയാവും ചിന്തിക്കുന്നത്. ഇന്ത്യ എന്റെ രാജ്യമാണെന്നും എല്ലാ ഇന്ത്യാക്കാരും സഹോദരീസഹോദരന്മാരാണെന്നുമുള്ള വാക്യങ്ങള്‍ കുട്ടികളുടെ പുസ്തകത്തില്‍ അങ്ങനെ ചത്തുകിടക്കട്ടെ. നമുക്ക് ന്യായവാദത്തിന്റെ കരിമ്പടപ്പുതപ്പിനുള്ളില്‍ സുഖസുഷുപ്തിയില്‍ ആണ്ടു കിടക്കാം. എന്നിട്ട് ലോകസംഭവങ്ങളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കാം; പ്രബന്ധം രചിക്കാം, കവിത ചൊല്ലാം, ഇന്സ്റ്റലേഷന് ചെയ്യാം.
പിടിച്ചുപറിയും തട്ടിപ്പും വഞ്ചനയും ചതിയും അരങ്ങത്ത് ആടിത്തിമിര്ക്കുമ്പോള് തീര്‍ത്ഥജലത്തിന്റെ പരിശുദ്ധിയോടെയുള്ള സംഭവങ്ങള്‍ക്കും നാം സാക്ഷ്യം വഹിക്കുന്നു. കമിഴ്ന്നുവീണാല്‍ കാല്‍പ്പണം എന്ന രീതിയില്‍ സമൂഹം മാറിമറിഞ്ഞിരിക്കുന്ന ഇന്നത്തെ അന്തരീക്ഷത്തിലേക്കിതാ തൃശൂരില്‍നിന്ന് മനംകുളിര്‍പ്പിക്കുന്ന ഒരു വാര്‍ത്ത. സര്‍ക്കാരിന് ദാനമായി 35 കോടിയുടെ ആശുപത്രി, ലക്ഷ്യം പാവപ്പെട്ടവര്‍ക്കു ചികിത്സ എന്ന തലക്കെട്ടില്‍ മലയാള മനോരമ (ജനു. 18)യിലാണിത്. ഏഴുവര്‍ഷം രോഗികള്‍ക്ക് സൗജന്യചികിത്സ നല്കി കോടികള്‍ ചെലവഴിച്ച ഒരു കുടുംബം തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ആശുപത്രിയും അനുബന്ധസംവിധാനവും സര്‍ക്കാറിന് വിട്ടുകൊടുക്കുകയായിരുന്നു. റിപ്പോര്‍ട്ടില്‍നിന്ന്: നന്മയുടെയും കാരുണ്യത്തിന്റെയും പുതിയ പാഠമെഴുതി എന്‍.കെ. മാത്യു ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി എന്‍.കെ. ജോര്‍ജ് സര്‍ക്കാരിനു കൈമാറിയത് 35 കോടി രൂപ വിലമതിക്കുന്ന ആശുപത്രിയും സ്ഥലവും. ഇരിങ്ങാലക്കുട കല്ലേറ്റുങ്കരയിലെ ത്രേസ്യാമ്മ മെമ്മോറിയല്‍ ആശുപത്രി സമുച്ചയവും സ്ഥലവുമാണ് ട്രസ്റ്റില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഭൗതികമായി സ്ഥലവും മറ്റും ഏറ്റെടുത്ത സര്‍ക്കാര്‍ ഇവരുടെ വില കൊടുത്തുവാങ്ങാന്‍ കഴിയാത്ത കാരുണ്യവും അനുതാപവും മാനവികതയും മാനസികമായി ഏറ്റെടുത്താലേ ദൗത്യം അര്‍ത്ഥപൂര്‍ണമാവൂ. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന കര്‍ത്താവിന്റെ കാരുണ്യം ഒട്ടേറെ അയല്‍ക്കാരിലേക്ക് പകര്‍ന്നുകൊടുക്കാന്‍ കാണിച്ച ആ വലിയ മനസ്സുള്ളവരെ ദൈവദൂതന്മാരായി നമ്മുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കേണ്ടേ? നന്മയുടെ വെളിച്ചം കെടുത്താന്‍ നാലുപാടും കിരാതപ്രവര്ത്തനം നടക്കുമ്പോള്‍ ത്യാഗസന്നദ്ധരായി, വെളിച്ചത്തിന്റെ കൈപിടിച്ചു പോവുന്ന ഇവരല്ലെങ്കില്‍ മറ്റാരാണ് ദൈവദൂതന്മാര്? പത്രപ്രവര്‍ത്തനത്തിന്റെ വിശുദ്ധി ആ റിപ്പോര്‍ട്ടില്‍ തുടിച്ചുനില്ക്കുന്നു; ലേഖകന്റെ പേരില്ലെങ്കില്‍ പോലും.
എം. കൃഷ്ണന് നായര്‍ക്കുശേഷം, അദ്ദേഹത്തിന്റേതിനു സമാനമായ പന്ഥാവിലൂടെ കരളുറപ്പോടെ മുന്നേറിയ വ്യക്തിയാണ് എം.കെ. ഹരികുമാര്‍. സാഹിത്യത്തിലും അല്ലാതെയും കാര്യങ്ങളെ അപഗ്രഥനം ചെയ്തെടുത്ത് നെഞ്ചുറപ്പോടെ പറയാന്‍ അദ്ദേഹം കാണിക്കുന്ന ഔത്സുക്യത്തെ നമുക്ക് ആരാധനയോടെ നോക്കിനില്‍ക്കാനേ കഴിയൂ. കലാകൗമുദിയില്‍ ആഴ്ചതോറുമുള്ള അദ്ദേഹത്തിന്റെ അക്ഷരജാലകം വിശ്വസാഹിത്യ ചക്രവാളത്തിലേക്കു ശരിക്കുമൊരു ജാലകംതന്നെ. തന്റെ നിലപാടും നിരീക്ഷണങ്ങളും അദ്ദേഹം ഹിന്ദുവിശ്വ മാസികയോടു വ്യക്തമാക്കുന്നു. അവരുടെ ജനുവരി ലക്കത്തില്‍ പത്രാധിപര്‍ കെ. സുനീഷ് തന്നെയാണ് അഭിമുഖം നടത്തുന്നത്. തലക്കെട്ട്:
ദാര്‍ശനികതയുടെ ആത്മായനങ്ങള്‍. കാര്യമാത്രപ്രസക്തമായ ചോദ്യങ്ങള്‍ കൊണ്ട് സമ്പന്നമായ അഭിമുഖം ഉദാത്തമായ ഉത്തരങ്ങളാല്‍ സമൃദ്ധമാണ്. ഇന്നത്തെ നോവലുകളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ഹരികുമാറിന്റെ മറുപടി ഇങ്ങനെ: ലക്ഷക്കണക്കിന് നോവലുകളാണ് ഇന്നിറങ്ങിക്കൊണ്ടിരിക്കുന്നത്. ഇതെല്ലാം വെറുതെ വായിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നു പറയാം. അല്ലാതെ അതിനകത്തു പുതിയ ദര്‍ശനമോ കണ്ടെത്തലോ ഇല്ല. ഇന്ന് മലയാളത്തില്‍ പുതുതായി വരുന്ന നോവലുകള്‍ അച്ചടിക്കാന്‍ പോലും യോഗ്യതയില്ലാത്തവയാണ്. ഹരികുമാര്‍ എന്താണെന്ന് ഏഴു പേജിലെ അഭിമുഖത്തിലൂടെ നമുക്കറിയാന്‍ കഴിയുന്നു എന്നിടത്താണ് ഒരഭിമുഖക്കാരന്റെ വിജയം; പത്രാധിപരുടേയും.
തൊട്ടുകൂട്ടാന്‍
ഇവനെയും
ഇവന്റെ അത്ഭുത പ്രവൃത്തികളെയും
ഞങ്ങളെയും- നീ
ഇനിയും കാത്തുകൊള്ളണമേ!
ആമേന്‍!
-കരുണാകരന്
കവിത: പ്രാര്‍ത്ഥന
മാതൃകാന്വേഷി മാസിക, ചെന്നൈ (ജനു.)
** കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: