ചെന്നൈ: കേന്ദ്ര മന്ത്രി അഴഗിരിക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രംഗത്തെത്തി. രാസവളവകുപ്പില് 1,000കോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെന്നും അതിനാല്‍ അഴഗിരിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് ജയലളിതയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്മോഹന് സിംഗിന് ജയ കത്തും അയച്ചിട്ടുണ്ട്.
2010ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയിലൂടെ അഴഗിരി കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി ജയലളിത ചൂണ്ടിക്കാട്ടി. രാസവളങ്ങള്‍ കുറഞ്ഞ നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രാസവള നിര്‍മ്മാതാക്കള്‍ക്ക് ലാഭം കിട്ടുന്ന രീതിയില്‍ അഴഗിരി ഒത്താശ ചെയ്തു നല്‍കിയെന്നാണ് ജയയുടെ ആരോപണം. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടും ജയലളിത പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അധികാര ദുര്‍വിനിയോഗത്തിലൂടെ രാസവള നിര്‍മ്മാണ കമ്പനികളെ അഴഗിരി സഹായിക്കുകയായിരുന്നു. 4,000 മുതല്‍ 5000 വരെ ടണ്‍ രാസവളമാണ് കമ്പനികള്‍ കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയ്ക്ക് വിരുദ്ധമായാണ് കമ്പനികള്‍ രാസവളം നിര്‍മ്മിച്ചതെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര രാസവളം മന്ത്രി കൂടിയായ അഴഗിരിയ്ക്ക് സംസ്ഥാന രാസവള മന്ത്രി ശ്രീകാന്ത് ജെന കത്തയച്ചിരുന്നു. സര്‍ക്കാര്‍ അനുവദിച്ച സബ്സിഡി ക്ക് വിരുദ്ധമായാണ് രാസവള നിര്‍മ്മാണ കമ്പനികള്‍ ഇത്തരം നടപടി സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും വിരുദ്ധമായി രാസവളം നിര്‍മ്മിക്കുവാനുള്ള അനുമതി നല്‍കിയത് അഴഗിരിയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ അഴഗിരി പാലിച്ചില്ലെന്നും ജയലളിത ആരോപിക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി കര്‍ഷകരെ ബാധിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി 2012 ജൂണില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഒരു പ്രതികരണവും ഇക്കാര്യത്തില്‍ ഉണ്ടായില്ലെന്നും ജയലളിത പറഞ്ഞു.
ഇക്കാര്യത്തെക്കുറിച്ച് അഴഗിരിയോട് ചോദിച്ചപ്പോള്‍ പ്രധാനമന്ത്രിയോട് പോയി ചോദിക്കാനായിരുന്നു മറുപടിയെന്നും ജയലളിത പറഞ്ഞു. അഴിമതി നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ ആവിഷ്കരിക്കുന്നതെന്നും ജയലളിത ആരോപിച്ചു. സര്‍ക്കാരിന്റെ സബ്സിഡിയിലൂടെ ഈ കമ്പനികള്‍ ആയിരം കോടിയാണ് തട്ടിയെടുക്കുന്നത്. സര്‍ക്കാരിനും കര്‍ഷകര്‍ക്കും വന്‍ നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നും ജയ പറഞ്ഞു. അഴിമതിയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഴഗിരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും ജയലളിത കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: