മൊഹാലി: മൊഹാലിയില്‍ വീണ്ടും ഇന്ത്യന്‍ വസന്തം. ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ 7 വിക്കറ്റിന് 257 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 47.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. ഇംഗ്ലണ്ടിന് വേണ്ടി കുക്കും പീറ്റേഴ്സണും 76 റണ്‍സ് വീതം നേടിയപ്പോള്‍ റൂട്ട് 57 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി സുരേഷ് റെയ്നയും രോഹിത് ശര്‍മ്മയും ഗംഭീര പ്രകടനം നടത്തി. സുരേഷ് റെയ്ന 79 പന്തുകളില്‍ നിന്ന് 9 ബൗണ്ടറികളും ഒരു സിക്സറുമടക്കം 89 റണ്‍സെടുത്തപ്പോള്‍ രോഹിത്ശര്‍മ്മ 93 പന്തുകളില്‍ നിന്ന് 11 ബൗണ്ടറിയും ഒരു സിക്സറുമടക്കം 83 റണ്‍സെടുത്തു. 27 പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറികളടക്കം പുറത്താകാതെ 21 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും റെയ്നയും ചേര്‍ന്നാണ് ഇന്ത്യയെ ഗംഭീര വിജയത്തിലേക്ക് നയിച്ചത്. നേരത്തെ ഫോമിലല്ലാത്ത രഹാനെക്ക് പകരം ടീമിലെത്തിയ രോഹിത് ശര്‍മ്മയാണ് ഗംഭീറിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഗംഭീര്‍ പരാജയപ്പെട്ടുവെങ്കിലും രോഹിത് തന്റെ സ്ഥാനത്തെ ന്യായീകരിക്കുന്ന പ്രകടനം നടത്തി ഇന്ത്യക്ക് മികച്ച അടിത്തറ നല്കി. റെയ്നയാണ് മാന്‍ ഓഫ് ദി മാച്ച്. അവസാന മത്സരം 27ന് ധര്‍മ്മശാലയില്‍ നടക്കും.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന് മഹേന്ദ്രസിംഗ് ധോണി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെപ്പോലെ ഓപ്പണറായ ഇയാന്‍ ബെല്‍ ഇത്തവണയും പരാജയപ്പെട്ടു. 10-ാം ഓവറിലെ നാലാം പന്തില്‍ 10 റണ്‍സെടുത്ത ബെല്ലിനെ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ പിടികൂടുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 37 റണ്‍സാണുണ്ടായിരുന്നത്. തുടര്‍ന്നെത്തിയ കെവിന് പീറ്റേഴ്സണ് കുക്കിനൊപ്പം ഒത്തുചേര്‍ന്നതോടെ ഇംഗ്ലണ്ട് നിലയുറപ്പിച്ചെങ്കിലും സ്കോറിംഗിന് വേഗതയുണ്ടായിരുന്നില്ല. ഒച്ചിഴയും വേഗത്തിലാണ് ഇംഗ്ലണ്ട് സ്കോര്‍ മുന്നോട്ട് നീങ്ങിയത്. 13.4 ഓവറിലാണ് ഇംഗ്ലണ്ട് സ്കോര്‍ 50-ല്‍ എത്തിയത്. പിന്നീട് 26-ാം ഓവറിലെ രണ്ടാം പന്തിലാണ് ഇംഗ്ലണ്ട് സ്കോര്‍ 100 കടന്നത്. ഇതിനിടെ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. 74 പന്തില്‍ നിന്ന് 9 ബൗണ്ടറികളോടെയാണ് കുക്ക് 50 കടന്നത്. എന്നാല്‍ 31.5 ഓവറില്‍ ഇംഗ്ലണ്ട് സ്കോര്‍ 132-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റ് നഷ്ടമായി. 106 പന്തില്‍ നിന്ന് 13 ബൗണ്ടറികളോടെ 76 റണ്‍സെടുത്ത അലിസ്റ്റര്‍ കുക്കാണ് മടങ്ങിയത്. അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് കുക്ക് പുറത്തായത്. പിന്നീടെത്തിയ മോര്‍ഗനും സമിത് പട്ടേലിനും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സ്കോര്‍ 138-ല്‍ എത്തിയപ്പോള്‍ മൂന്ന് റണ്‍സെടുത്ത മോര്‍ഗനെ അശ്വിന്റെ പന്തില്‍ യുവി പിടികൂടി. സ്കോര്‍ 142-ല്‍ എത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത സമിത് പട്ടേലിനെ രവീന്ദ്ര ജഡേജ സ്വന്തം പന്തില്‍ പിടികൂടി. തുടര്‍ന്ന് ക്രീസിലെത്തിയ ജോ റൂട്ടില്‍ മികച്ച പങ്കാളിയെ കണ്ടെത്തിയ കെവിന് പീറ്റേഴ്സണ് ഇംഗ്ലണ്ട് സ്കോര്‍ 200 കടത്തി. ഇതിനിടെ പീറ്റേഴ്സണ് 84 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളോടെ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി.45.5 ഓവറില്‍ സ്കോര്‍ 220-ല്‍ എത്തിച്ചശേഷമാണ് പീറ്റേഴ്സണ് മടങ്ങിയത്. ഇതിനിടെ മികച്ച രീതിയില്‍ ബാറ്റേന്തിയ റൂട്ട് 43 പന്തുകളില്‍ നിന്ന് 7 ബൗണ്ടറികളും ഒരു സിക്സറുമടക്കം 50 തികച്ചു. 93 പന്തുകളില്‍ നിന്ന് 7 ബൗണ്ടറിയും ഒരു സിക്സറുമടക്കം 76 റണ്‍സെടുത്ത പീറ്റേഴ്സണ് ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് മടങ്ങിയത്. തുടര്‍ന്നെത്തിയ ബട്ട്ലര്ക്കും ബ്രസ്നനും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 14 റണ്‍സെടുത്ത ബട്ട്ലറെയും റണ്ണൊന്നുമെടുക്കാത്ത ബ്രസ്നനെയും രവീന്ദ്ര ജഡേജയുടെ പന്തില്‍ യുവരാജ് സിംഗ് പിടികൂടുകയായിരുന്നു. അവസാന പത്ത് ഓവറില്‍ അടിച്ചുകൂട്ടിയ 100 റണ്‍സാണ് ഇംഗ്ലണ്ടിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. റൂട്ടിനെ രണ്ട് തവണ വിട്ടുകളഞ്ഞതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. മികച്ച ഫീല്‍ഡര്‍മാരെന്ന് പേരുള്ള വിരാട് കോഹ്ലിയും സുരേഷ് റെയ്നയുമാണ് റൂട്ടിന്റെ ഇന്നിംഗ്സിന് നീട്ടിക്കൊടുത്തത്. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ 39 റണ്‍സ് വഴങ്ങി മൂന്നും അശ്വിനും ഇഷാന്ത് ശര്‍മ്മയും രണ്ട് വിതം വിക്കറ്റുകളും വീഴ്ത്തി.
258 റണ്‍സ് എന്ന വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം നല്കുന്നതില് ഗംഭീര്‍ പരാജയപ്പെട്ടു. കഴിഞ്ഞ മത്സരങ്ങളില്‍ കളിച്ച രഹാനെക്ക് പകരം ടീമിലെത്തിയ രോഹിത് ശര്‍മ്മയാണ് ഗംഭീറിനൊപ്പം ഓപ്പണിംഗിനിറങ്ങിയത്. എന്നാല്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 20 റണ്‍സ് മാത്രമുള്ളപ്പോള്‍ ഗംഭീറിനെ ഇന്ത്യക്ക് നഷ്ടമായി. 10 റണ്‍സെടുത്ത ഗംഭീറിനെ ബ്രസ്നന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബട്ട്ലര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ വിരാട് കോഹ്ലിയില് മികച്ച പങ്കാളിയെ കണ്ടെത്തിയ രോഹിത് ശര്‍മ്മ ഇന്ത്യയെ മുന്നോട്ടുനയിച്ചു. സ്കോര്‍ 16.5 ഓവറില്‍ 72-ല്‍ എത്തിയപ്പോള്‍ കോഹ്ലിയെയും ഇന്ത്യക്ക് നഷ്ടമായി. 33 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത കോഹ്ലിയെ ട്രെഡ്വെല് സ്വന്തം ബൗളിംഗില്‍ പിടികൂടി. തുടര്‍ന്നെത്തിയ യുവരാജിന് കാര്യമായൊന്നുംചെയ്യാന് കഴിഞ്ഞില്ല. 16 പന്തുകള്‍ നേരിട്ട് വെറും മൂന്ന് റണ്‍സെടുത്ത യുവിയെ ട്രെഡ്വെല് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ മൂന്നിന് 90 എന്ന നിലയിലായി. പിന്നീട് രോഹിത് ശര്‍മ്മയും സുരേഷ് റെയ്നയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 24.2 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 100-ല്‍ എത്തിച്ചു. ഇതിനിടെ രോഹിത് ശര്‍മ്മ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 73 പന്തുകളില്‍ നിന്ന് 7 ബൗണ്ടറികളോടെയാണ് രോഹിത് ശര്‍മ്മ 50-ല്‍ എത്തിയത്. അര്‍ദ്ധശതകം പിന്നിട്ടതോടെ രോഹിത് ശര്‍മ്മ കൂടുതല്‍ ആക്രമണകാരിയായിമാറി. ഒടുവില്‍ 31.1 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 158-ല്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ നാലാം വിക്കറ്റ് വീണു. 93 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും ഒരു സിക്സറുമടക്കം 83 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ ഫിന് വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്ന് റെയ്നയും ധോണിയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 38 ഓവറില്‍ 200 കടത്തി. എന്നാല്‍ സ്കോര്‍ 213-ല്‍ എത്തിയപ്പോള്‍ ധോണിയെയും നഷ്ടമായി. 19 റണ്‍സെടുത്ത ധോണിയെ ധന്ബാഷിന്റെ പന്തില്‍ മോര്ഗന് പിടികൂടുകയായിരുന്നു. പിന്നീട് റെയ്നയും ജഡേജയും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടാതെ 15 പന്തുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: