രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്തതോടെ ജനാധിപത്യ സംവിധാനം അട്ടിമറിച്ച്, സോണിയാഗാന്ധി കുടുംബവാഴ്ച ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിലെ ഏക അധികാരകേന്ദ്രമായി രാഹുലിനെ ഉയര്‍ത്തിയതിനെ ചോദ്യംചെയ്യാത്ത കോണ്‍ഗ്രസ് പാര്‍ട്ടി ഗാന്ധി എന്ന രണ്ടക്ഷരത്തോടുള്ള വിധേയത്വമാണ് പ്രകടമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധുക്കളെ അധികാരസ്ഥാനങ്ങളിലേക്കുയര്ത്തുന്നതിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച സോണിയാഗാന്ധിയാണ് തന്റെ മകന്റെ കാര്യം വന്നപ്പോള്‍ ജനാധിപത്യ സംസ്കാരം തള്ളി കുടുംബവാഴ്ച ഉറപ്പുവരുത്തിയത്. സോണിയാഗാന്ധി മാത്രമല്ല നെഹ്റു പൈതൃകത്തിന്റെ ഈ അനന്തരാവകാശിയെ അവരോധിച്ചതിന്റെകുറ്റം- മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുമാണ്. ഗാന്ധി എന്ന ഇരട്ടപ്പേര് തെരഞ്ഞെടുപ്പ് വിജയമന്ത്രമായാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഫ്യൂഡലിസത്തിലേക്ക് തിരിച്ചുകൊണ്ടുപോകുകയാണ്. രാഹുല്‍ഗാന്ധിയുടെ രണ്ടാംസ്ഥാനം ഇതാണ് കാണിക്കുന്നത്. വിലക്കയറ്റം, ഭരണപരാജയം, അഴിമതി മുതലായ കത്തുന്ന പ്രശ്നങ്ങള്‍ ജയ്പൂരിലെ ചിന്തന്‍ ശിബിരത്തില്‍ ഉയര്‍ന്നില്ലെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ അരുണ്‍ ജെറ്റ്ലി കുറ്റപ്പെടുത്തി. കുടുംബവാഴ്ചയല്ല, കഴിവിലൂടെ തെളിയിക്കുന്ന നേതൃപാടവമാണ് അധികാരം കയ്യാളുന്നതിന് അടിസ്ഥാന ഘടകമാകേണ്ടത്. ഇതിനെതിരെ ബിജെപി ശക്തമായ നിലപാടെടുക്കുമെന്നും ജെറ്റ്ലി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായ കോണ്‍ഗ്രസ് കുടുംബവാഴ്ചയിലേക്ക് മടങ്ങുമ്പോള്‍ ഈ ശാപത്തെ തിരിച്ചറിയാന്‍ ഇന്ത്യക്കാര്ക്കാകുന്നില്ല എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. ഭരണഘടന സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യാവകാശമാണ് നല്കിയിരിക്കുന്നതെങ്കിലും സ്ത്രീകള്‍ ഇന്നും അദൃശ്യമാണ്. രാഷ്ട്രീയത്തില്‍ 33 ശതമാനം സംവരണം രാജ്യസഭാ പാസാക്കിയിട്ടും ലോക്സഭയില്‍ സ്ത്രീസംവരണബില്‍ അവതരിപ്പിക്കപ്പെടുക പോലും ചെയ്തില്ല. രാഹുലിന്റെ കിരീടധാരണ വേളയില്‍ സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം നല്‍കുമെന്നാണ് സോണിയ പറഞ്ഞത്. സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നല്‍കുമെന്നും സ്ത്രീപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടിയില്‍ പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും സര്‍ക്കാര്‍തലത്തിലും സംവരണം വഴി സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കുമെന്നും ജയ്പൂര്‍ പ്രഖ്യാപനം ഉറപ്പുനല്‍കുന്നു. ഒപ്പം പോലീസിലും ഓഫീസര്‍ തലം മുതല്‍ കോണ്‍സ്റ്റബിള്‍ തലംവരെ നിശ്ചിത ശതമാനം സ്ത്രീകള്‍ക്കായിരിക്കുമെന്നും പറയുന്നു. കോണ്‍ഗ്രസിന്റെ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങളെ അടിച്ചമര്‍ത്തുകയാണല്ലോ. പാചകവാതക-ഡീസല്‍ വില വര്‍ധിപ്പിക്കുകയും എല്‍പിജി സിലിണ്ടറുകളുടെ സബ്സിഡിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കടുത്ത സാമ്പത്തിക നടപടികള്‍ വേണ്ടിവന്നത് നിവൃത്തികേടുകൊണ്ടാണ് എന്നാണ് ഇപ്പോള്‍ സോണിയാ ഭാഷ്യം. അരുണ്‍ ജെറ്റ്ലി പ്രസ്താവിക്കുന്നത് സിബിഐ നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും ഏതൊക്കെ കേസില്‍ മൃദുസമീപനം സ്വീകരിക്കണമെന്നത് പാര്‍ട്ടിയുടെ തീരുമാനമാണെന്നുമാണ്.
ഇന്ത്യക്കാവശ്യം മാറ്റമാണെന്നാണ് രാഹുലിന്റെ പ്രസ്താവന. യുവാക്കള്‍ക്ക് അന്യതാബോധമാണെന്നും സ്ത്രീകളും ദരിദ്രരും രാഷ്ട്രീയത്തിന്റെ വെളിമ്പുറത്താണെന്നുമാണ് രാഹുലിന്റെ വെളിപാട്. നേതൃപദവിയില്‍ അവരോധിതനായിരുന്ന രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പുകളിലും രാഹുല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിച്ചിരുന്നു. രാഹുല്‍ നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയായിരുന്നല്ലോ ജയലക്ഷ്മി. കേരളത്തിലും രാഹുലിന്റെ സ്ഥാനാരോഹണത്തില്‍ സന്തോഷിക്കുന്നവരുണ്ടാവും. കേന്ദ്രമന്ത്രിസഭയില്‍ രണ്ടാംസ്ഥാനക്കാരനായ പ്രതിരോധമന്ത്രി ആന്റണി സോണിയക്ക് പ്രിയങ്കരനാണല്ലോ.പക്ഷെ കോണ്‍ഗ്രസ് ഭരണത്തില്‍ ചിരപ്രതിഷ്ഠ നേടിയ അഴിമതി തുടരുമെന്നുതന്നെ വേണം കരുതാന്‍. മന്മോഹന് സിംഗിന്റെ ഭരണത്തിലാണ് അഴിമതിക്കാര്‍ പരമാവധി പണം സ്വരൂപിച്ചത്. കള്ളപ്പണം വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത് തിരിച്ചുകൊണ്ടുവരും എന്ന പ്രഖ്യാപനം വീണ്‍വാക്കായത് സോണിയഗാന്ധിക്കുപോലും വിദേശനിക്ഷേപമുണ്ടെന്നതിനാലാണ് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. രാഹുല്‍ യുഗം ഇന്ത്യയ്ക്ക് പുതുയുഗം സമ്മാനിക്കും എന്ന പ്രതീക്ഷ അസ്ഥാനത്താണ്. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുകയും സാധാരണക്കാര്‍ വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുകയും ചെയ്യുന്ന സമയമാണിതെന്ന് വിസ്മരിക്കരുത്.
അശ്രദ്ധയുടെ ദുരന്തം
പത്തനാപുരം മാലൂരില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ച് മൂന്നുപേരാണ് മരണപ്പെട്ടത്. പ്രശസ്ത കമ്പക്കാരനായ പ്രസന്നന്റെ പടക്കനിര്‍മാണശാലയിലുണ്ടായ ദുരന്തത്തില്‍ പ്രസന്നന്റെ മകന് ആദര്‍ശിനും ജീവന് നഷ്ടമായി. പടക്കശാല ദുരന്തങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാണ്. 20 വര്‍ഷം മുന്‍പ് കൊല്ലം മലനടയില്‍ ഉണ്ടായ വെടിമരുന്നു ദുരന്തം നിരവധി പേരുടെ ജീവന് ആണ് അപഹരിച്ചത്. കേരളം ഉത്സവങ്ങളുടെ നാടാണ്. ഉത്സവങ്ങളില്‍ വെടിമരുന്നുപയോഗവും പടക്കങ്ങളും വാണങ്ങളും അനിവാര്യ സാന്നിധ്യമാണ്. ദുരന്തങ്ങള്‍ ആവര്‍ത്തിയ്ക്കുമ്പോഴും മലയാളികളുടെ വെടിക്കെട്ട് ഭ്രാന്ത് നിര്‍ബാധം തുടരുന്നു. പത്തനാപുരം ദുരന്തത്തില്‍ മൂന്നുപേരാണ് മരിച്ചത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്തവിധം ചിന്നിച്ചിതറിയിരുന്നു. ഉഗ്രസ്ഫോടനത്തെ തുടര്‍ന്നുണ്ടായ ഭൂമികുലുക്കം 20കിലോ മീറ്ററോളം അനുഭവപ്പെട്ടത്രെ. പത്തുപേര്‍ പണി എടുക്കുന്ന സ്ഥാപനത്തില്‍ ഞായറാഴ്ചയായതിനാല്‍ രണ്ടുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തകര്‍ന്ന കമ്പപ്പുരകളില്‍ പരിശോധന നടത്തി. ശാസ്ത്രീയ പരിശോധനയില്‍ മാത്രമേ യഥാര്‍ത്ഥ കാരണം കണ്ടത്താന്‍ കഴിയുകയുള്ളൂ. നിയമപരമായി അനുവദനീയമായതിലും കൂടുതല്‍ വെടിമരുന്ന് ശേഖരിച്ചിരുന്നുവോ എന്ന് പരിശോധിക്കുന്നുണ്ട്. പടക്കശാലയ്ക്ക് മണ്ണിനടിയിലും വെടിമരുന്ന് ശേഖരണത്തിന് സംവിധാനമുണ്ടായിരുന്നത്രെ. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിക്കാന്‍ നടപടി അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: