മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡിന് ഉജ്ജ്വല വിജയം. ഇന്നലെ പുലര്‍ച്ചെ അവസാനിച്ച പോരാട്ടത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് അവര്‍ വലന്‍സിയയെ തകര്‍ത്തു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആഞ്ചല്‍ ഡി മരിയയും രണ്ടുഗോളുകള്‍ വീതം നേടിയപ്പോള്‍ ഒരെണ്ണം ഹിഗ്വയിനും സ്വന്തമാക്കി.വലന്‍സിയക്കെതിരായ എവേ മത്സരത്തില്‍ റയല്‍ അക്ഷരാര്‍ത്ഥത്തില്‍ മൈതാനം അടക്കിവാഴുകയായിരുന്നു. വലന്‍സിയ പ്രതിരോധത്തിന്റെ പാളിച്ച മുഴുവന്‍ തുറന്നുകാട്ടുന്നതായി റയലിന്റെ ഗോള്‍മഴ. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിലാണ് റയല്‍ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. മെസ്യൂട്ട് ഓസില്‍ തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് ഡി മരിയയക്ക്. പന്തുമായി ഇടതുവിംഗിലൂടെ കുതിച്ചുകയറിയ ഡി മരിയ ബോക്സിനുള്ളില്‍ ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഹിഗ്വയിനെ ലക്ഷ്യംവച്ച് തകര്‍പ്പന്‍ ക്രോസ് നല്കി. ക്രോസ് പിടിച്ചെടുത്ത ഹിഗ്വയിന് വലന്‍സിയ ഗോളിയെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചു. പിന്നീട് 25 മിനിറ്റോളം ഗോളുകള്‍ക്ക് ഇടവേള. 34-ാം മിനിറ്റില്‍ റയല്‍ ലീഡ് ഉയര്‍ത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാസില്‍ നിന്ന് ഇത്തവണ ലക്ഷ്യം കണ്ടത് ആഞ്ചല്‍ ഡി മരിയ. രണ്ട് മിനിറ്റിനുശേഷം ക്രിസ്റ്റ്യനോയുടെ തകര്‍പ്പന്‍ ഗോള്‍. മൈതാന മധ്യത്തുനിന്ന് ലഭിച്ച പാസുമായി നൃത്തച്ചുവടുകളോടെ ഒറ്റക്ക് മുന്നേറിയ ക്രിസ്റ്റ്യാനോ ഒപ്പം ഓടിക്കയറിയ എതിര് പ്രതിരോധത്തെ കബളിപ്പിച്ച് ബോക്സില്‍ കടന്നശേഷം ഇടംകാലുകൊണ്ട് തൊടുത്ത ഷോട്ട് വലന്‍സിയ ഗോളി ഡീഗോ ആല്‍വസിനെ കീഴടക്കി വലയില്‍ പതിച്ചു. 41-ാം മിനിറ്റില്‍ വീണ്ടും ക്രിസ്റ്റ്യാനോ നിറയൊഴിച്ചു. മെസ്യൂട്ട് തുടങ്ങിവച്ച നീക്കത്തിനൊടുവിലാണ് ഗോള്‍ പിറന്ന്. മെസ്യൂട്ട് ഓസില്‍ നിന്ന് പന്ത് ഡി മരിയക്ക്. ഇടതുവിംഗിലൂടെ കുതിച്ച ഡി മരിയ ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ഹിഗ്വയിന് പന്ത് മറിച്ചുകൊടുത്തു. ഹിഗ്വയിന് റൊണാള്‍ഡോയെ ലക്ഷ്യമാക്കി തട്ടിക്കൊടുത്ത പന്ത് മികച്ചൊരു ഷോട്ടിലൂടെ സൂപ്പര്‍ താരം വലയിലെത്തിച്ചു. പിന്നീട് 45-ാം മിനിറ്റില്‍ റയല്‍ അഞ്ചാം ഗോളും സ്വന്തമാക്കി. ഇത്തവണയും മെസ്യൂട്ട് ഓസിലാണ് ഗോളിന് വഴിതെളിച്ചത്. ഓസില്‍ നല്കിയ പാസ് ബോക്സിനുള്ളില്‍ വച്ച് സ്വീകരിച്ച ഡി മരിയ തകര്‍പ്പന്‍ ഷോട്ടിലൂടെ വലന്‍സിയ വല കുലുക്കി. രണ്ടാം പകുതിയിലും റയല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല.
മറ്റൊരു മത്സരത്തില്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുനില്കുന്ന അത്ലറ്റികോ മാഡ്രിഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലവന്റെയെ കീഴടക്കി. മത്സരത്തിന്റെ 32-ാം മിനിറ്റില്‍ അഡ്രിയാനും 61-ാം മിനിറ്റില്‍ കോക്കുമാണ് അത്ലറ്റികോയുടെ ഗോളുകള്‍ നേടിയത്. മറ്റ് മത്സരങ്ങളില്‍ വല്ലഡോളിഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ സരഗോസയെയും ഒസാസുന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡിപോര്‍ട്ടീവോയെയും കീഴടക്കി.
ലീഗില്‍ 20 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാ.ഴ്സ 55 പോയിന്റുമായി മുന്നിട്ടുനില്‍ക്കുകയാണ്. 47 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തും 40 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തും തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: