തൃശൂര്‍ : മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കെസിബിസിയുടെ യൂത്ത് കമ്മീഷന് സെക്രട്ടറി ഫാ.ജെയ്സണ്‍ കൊള്ളന്നൂര്‍ പ്രതിചേര്‍ക്കപ്പെട്ട സംഭവത്തില്‍ കെസിബിസിക്കുള്ളിലും കെസിവൈഎമ്മിലും പൊട്ടിത്തെറി. സാമ്പത്തിക ക്രമക്കേടുകള്‍, അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ ചെറുപ്പക്കാരെ വിദേശരാജ്യങ്ങളിലേക്ക് കടത്തല്‍ തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ക്ക് വിധേയനായ ഫാ.ജെയ്സണ്‍ കൊള്ളന്നൂര്‍ സഭക്ക് നാണക്കേടുണ്ടാക്കിയെന്നാരോപിച്ച് കെസിവൈഎമ്മിന്റെ മുന്‍ ഭാരവാഹികളാണ് രംഗത്തെത്തിയിരിക്കുന്നത്.
സംഭവം പുറത്തുവന്നതോടെ ഏതാനും ദിവസം മുമ്പ് മുന്‍ ഭാരവാഹികളായ നിരവധിപേര്‍ കെസിവൈഎമ്മിന്റെ ഇപ്പോഴത്തെ ഭാരവാഹികളെ കണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. യൂത്ത് കമ്മീഷന് സെക്രട്ടറിയെ നിയമിക്കുമ്പോള്‍ വ്യക്തമായ മാനദണ്ഡം പുലര്‍ത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.രണ്ടു ടേമില്‍ കൂടുതല്‍ തുടരാന്‍ യാതൊരു തരത്തിലും അനുവദിച്ചുകൂടെന്നും ഇവര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. കെസിവൈഎമ്മിന്റെ സഹകരണത്തോടെ സംസ്ഥാനത്ത് പല പരിപാടികളും നടത്തി സമ്പാദിച്ച പണം കെസിവൈഎമ്മിന് ലഭിച്ചിട്ടില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.
സാമൂഹ്യ പ്രതിബദ്ധതയുള്ള നേതൃത്വത്തെയായിരിക്കണം കെസിവൈഎമ്മിലും യൂത്ത് കമ്മീഷനിലും നിയമിക്കേണ്ടതെന്നും ഇവര്‍ ശക്തമായ ഭാഷയില്‍ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. യൂത്ത് കമ്മീഷന്റെ കീഴില്‍ പ്രവര്ത്തിക്കുന്നുവെന്നുപറയുന്ന പലസംഘടനകളും കെസിവൈഎമ്മിന്റെ ഉപരിഘടകങ്ങളായ ഐസിവൈഎം, മിജാര്‍ക്ക്, ഫിംകാപ്പ് എന്നിവയാണ്. ഇവയെ പ്രത്യേക സംഘടനയായി കണക്കാക്കി അതിന്റെ ഭാരവാഹികള്‍ക്ക് പ്രത്യേക പങ്കാളിത്തവും ജോലിയും യൂത്ത് കമ്മീഷനില്‍ കൊടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.
ഇന്നലെ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരായ തൃശൂര്‍ അരിമ്പൂര്‍ സ്വദേശിയായ ഫാ.ജെയ്സണ്‍ കൊള്ളന്നൂര്‍ നേതൃത്വം ഏറ്റെടുത്തതിന് ശേഷമാണ് ഇത്തരത്തില്‍ അവിഹിതമായ ഇടപെടലുകളും മറ്റും ഉണ്ടായതെന്ന് പറയപ്പെടുന്നു. കേസ്സില്‍ മൂന്നാംപ്രതിയായ ഫാ.ജെയ്സനെതിരെ അമേരിക്കയിലേക്ക് ആളുകളെ കൊണ്ടുപോകാന്‍ വ്യാജരേഖകള്‍ തയ്യാറാക്കിയതുള്പ്പെടെയുള്ള ആരോപണങ്ങളാണ് ചേര്‍ത്തിട്ടുള്ളത്. കേസ്സില്‍ പ്രതിയായതിനെ തുടര്‍ന്ന് ഫാ.ജെയ്സണെ കെസിവൈഎം ഡയറക്ടര്‍ സ്ഥാനത്തുനിന്നും കേരള കാത്തലിക് ബിഷപ് കൗണ്‍സിലിംഗ് യൂത്ത് കമ്മീഷന് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കംചെയ്തിരുന്നു.
കെസിബിബി അദ്ധ്യക്ഷനായ തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ജില്ലക്കാരനായ ഫാ.ജെയ്സണ്‍ കൊള്ളന്നൂര്‍ ഇത് ചെയ്തതിനെതിരെ സഭക്കുള്ളില്‍ മറ്റുള്ളവരും പ്രതിഷേധമുയര്ത്തുന്നതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: