വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയിട്ട് കാലം കുറച്ചായി. നേതാക്കള്‍ക്കും അനുയായികള്‍ക്കും മടുത്ത പാര്‍ട്ടിയെ ജനങ്ങളും വെറുത്തു. അതുകൊണ്ടുതന്നെയാണ് ഓരോ തെരഞ്ഞെടുപ്പുവരുമ്പോഴും കോണ്‍ഗ്രസ് കിതയ്ക്കുന്നത്. ഒറ്റയ്ക്ക് നില്ക്കാന്പോലും കെല്‍പ്പില്ലാത്ത കോണ്‍ഗ്രസ്സ് പൊയ്ക്കാലിനെയാണ് ആശ്രയിക്കുന്നത്. എന്നിട്ടും പിടിച്ചുനില്ക്കാന് കഴിയുന്നില്ല. അതിനൊരു മാറ്റം വരുത്താനെന്തുവഴി എന്നാലോചിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. അതിന്റെ തുടര്‍ച്ചയാണ് രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കുന്ന ‘ചിന്തന്‍ ശിബിരം’. ഇതിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പാര്‍ട്ടിഅധ്യക്ഷ സോണിയാഗാന്ധി ജനത്തെ മറന്നുള്ള കളി നാശത്തിനാണെന്ന് കോണ്‍ഗ്രസ് നേതാക്കളെ ഓര്‍മ്മിപ്പിച്ചത്. അഴിമതി, ക്രമസമാധാനപാലനം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിക്കുനേരെ കടുത്ത ജനരോഷം നിലനില്‍ക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടിയുടെ അടിവേരറുക്കപ്പെടുമെന്നും അവര്‍ പറയുകയുണ്ടായി. ജയ്പ്പൂരിലെ ബിര്‍ളാഹൗസില്‍ നടക്കുന്ന ശിബിരത്തില്‍ 350 ഓളം നേതാക്കളാണ് എത്തിച്ചേര്‍ന്നത്. തലയില്‍ ആള്താമസമുള്ളവര് ഇരുന്നു ചിന്തിച്ചാലേ പുതിയ ആശയങ്ങളും ആവേശവും ഉണ്ടാവുകയുള്ളു. അതില്ലാത്തവരുടെ ചിന്തയില്‍ പഴകിയതും പുളിച്ചതുമായവയാണ് ഉരുത്തിരിയുക. അതാണ് സുശീല്‍കുമാര്‍ ഷിന്‍ഡെ എന്ന കേന്ദ്രആഭ്യന്തരമന്ത്രിയില് നിന്നും ഉണ്ടായിട്ടുള്ളത്.
ചിന്തന്‍ശിബിരത്തില്‍ സംസാരിക്കവെ ആര്‍എസ്എസിനെ പുലഭ്യം പറഞ്ഞ് കയ്യടിനേടാനാണ് ഷിന്‍ഡെ മുതിര്‍ന്നിട്ടുള്ളത്. രാജ്യത്ത് ഭീകരവാദം വളര്‍ത്തുന്നതില്‍ ആര്‍എസ്എസും ബിജെപിയും നടത്തുന്ന ക്യാമ്പുകള്‍ക്കു പങ്കുണ്ടെന്നു റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നാണ് ശിബിരത്തില്‍ സംസാരിക്കവെ ഷിന്‍ഡെ തട്ടിവിട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് രാജീവ് ശുക്ല കേന്ദ്രമന്ത്രിയുടെ ആരോപണം ശരിവച്ചപ്പോള്‍, പരസ്യമായ രഹസ്യമാണ് മന്ത്രി വെളിപ്പെടുത്തിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരും അഭിപ്രായപ്പെട്ടിരിക്കുന്നു. മാധ്യമങ്ങള്‍ പലതവണ വെളിപ്പെടുത്തിയ കാര്യങ്ങള്‍ മാത്രമേ താനും ചൂണ്ടിക്കാട്ടിയിട്ടുള്ളൂവെന്ന് ഷിന്‍ഡെ തന്റെ പ്രസ്താവനയെ ന്യായീകരിച്ചു. വിചാരണയിലിരിക്കുന്ന ഒരുകേസില്‍ കക്ഷിചേര്‍ന്ന് ആഭ്യന്തരമന്ത്രി അഭിപ്രായം പറയുന്നതു തന്നെ നീതികേടാണ്. മര്യാദയില്ലായ്മയാണ്. രാജ്യത്ത് ഭീകരവാദം വളര്‍ത്തുന്നതിന് ആര്‍എസ്എസ്, ബിജെപി സംഘടനകള്‍ ശ്രമിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടോ? ഷിന്‍ഡെ പറഞ്ഞതില്‍ വല്ല കഴമ്പുമുണ്ടെങ്കില്‍ അത്തരം റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താനാണ് ആദ്യം തയ്യാറാകേണ്ടത്. ലോകത്തിലെതന്നെ ഏറ്റവും വലിയ സാംസ്കാരിക, സാമൂഹ്യസംഘടനയാണ് ആര്‍എസ്എസ്. എന്തുതന്നെ കുറ്റം പറഞ്ഞാലും ആര്‍എസ്എസ് ഭീകരവാദ സംഘടനയോ രാജ്യദ്രോഹ സംഘടനയോ ആണെന്ന് ഷിന്‍ഡെയുടെ ഒരു മുന്‍ഗാമിയും ഇതുവരെ പറഞ്ഞിട്ടില്ല.
ആര്‍എസ്എസിന് രാജ്യസ്നേഹം കൂടിപ്പോയി എന്ന ആക്ഷേപമേ ഉയര്‍ത്തിയിട്ടുള്ളു. രാജ്യസ്നേഹത്തിന് ഭീകരവാദമെന്ന പര്യായമില്ല. അങ്ങിനെയെങ്കില്‍ ജവഹര്‍ലാല്‍ നെഹ്റുവും മഹാത്മാഗാന്ധിയും ഉള്‍പ്പെടെയുള്ള ദേശീയനേതാക്കളെ ഭീകരവാദികളുടെ ഗണത്തില്‍ കോണ്‍ഗ്രസ്സിന് ഉള്‍പ്പെടുത്തേണ്ടിവരും. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ സദാ ജാഗരൂകരാണ് ആര്‍എസ്എസ്. അത് പ്രഥമപ്രധാനമന്ത്രി നെഹ്റുവിന് നന്നേ ബോദ്ധ്യപ്പെട്ടതാണ്. ഇന്ത്യാ-ചീനാ ഭായി ഭായി മുദ്രാവാക്യം മുഴങ്ങുന്നതിനിടയില്‍ ചൈന ഇന്ത്യയ്ക്കെതിരെ യുദ്ധത്തിനിറങ്ങിയ 1962 ല്‍ എന്താണ് സംഭവിച്ചതെന്ന് ഷിന്ഡെക്കറിയില്ലെങ്കില് ചരിത്രം പരിശോധിക്കണം. ഓര്‍ക്കാപ്പുറത്തുണ്ടായ യുദ്ധത്തില്‍ പട്ടാളക്കാരെ സഹായിക്കാന്‍ രാജ്യത്ത് സന്നദ്ധ സേവനം നടത്താന്‍ സേവാദള്‍ ഉണ്ടായില്ല. ഷിന്‍ഡെയുടെ പാര്‍ട്ടിക്കാരെയും കണ്ടില്ല. രാജ്യസുരക്ഷയ്ക്ക് പ്രതിജ്ഞാബദ്ധരായ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉണ്ടായുള്ളൂ. ആര്‍എസ്എസിന്റെ സേവനവും ത്യാഗവും പ്രതിബദ്ധതയും ബോദ്ധ്യപ്പെട്ടതിന് പാരിതോഷികമായി നെഹ്റു ചെയ്തത് 1963 ലെ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസിനെ ക്ഷണിക്കുകയാണ്. രണ്ടുദിവസം മുമ്പ് മാത്രം ക്ഷണം ലഭിച്ചിട്ടും നൂറുകണക്കിന് ഗണവേഷധാരികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റിപ്പബ്ലിക് പരേഡില്‍ അണിനിരന്നു. ആ റിപ്പബ്ലിക് ദിനത്തിന്റെ ഏറ്റവും നല്ല ആകര്‍ഷണം ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു.
മഹാത്മാഗാന്ധിവധം ആരോപിച്ച് ആര്‍എസ്എസിനെ നിരോധിച്ച അതേ നെഹ്റുവിന് തന്നെ ആര്‍എസ്എസിനെ ആദരിക്കേണ്ടിവന്നു. അന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ എല്ലാ ദേശസ്നേഹികളേയും പരേഡിന് ക്ഷണിച്ചതായാണ് നെഹ്റു മറുപടി നല്‍കിയത്. ഇതില്‍നിന്ന് ഒരുകാര്യം നെഹ്റു വ്യക്തമാക്കുകയായിരുന്നു; ആര്‍എസ്എസ് ദേശസ്നേഹത്തിന്റെ സംഘടനയാണെന്ന്. നെഹ്റുവിന് ശേഷം അടിയന്തരാവസ്ഥയിലും അയോദ്ധ്യാ സംഭവത്തിന്റെ പേരിലും ആര്‍എസ്എസിനെ നിരോധിച്ചു. നിരോധനം പിന്‍വലിക്കേണ്ടിയും വന്നു. ഇനിയും ഒരു നിരോധനത്തിന്റെ കേളികൊട്ടാണോ ഷിന്‍ഡെയുടെ പ്രസ്താവന. എങ്കില്‍ വിനാശകാലേ വിപരീതബുദ്ധി എന്നേ പറയാനുള്ളു. ബിജെപി ഇന്ത്യയില്‍ ഏറ്റവും കരുത്തുള്ള രാഷ്ട്രീയകക്ഷിയാണ്. മുഖ്യപ്രതിപക്ഷപാര്ട്ടിയാണ്. ഇന്നലെ ഇന്ത്യഭരിച്ച കക്ഷി. ജനങ്ങള്‍ അനുവദിച്ചാല്‍ നാളെ ഭരിക്കാന്‍ പോകുന്ന പാര്‍ട്ടി. ഈ പാര്‍ട്ടിയെയും ഭീകരവാദപാര്ട്ടിയാണെന്നാരോപിച്ച് കോണ്‍ഗ്രസ്സിന് രക്ഷപ്പെടാന്‍ കഴിയുമെന്നാണോ ചിന്തിക്കുന്നത്? ഭാരതത്തിന്റെ ചോര സിരകളിലോടുന്ന, രാജ്യത്തോട് കൂറുള്ള ആരും ഈ ആരോപണം ഉന്നയിക്കില്ല. അതുകൊണ്ടുതന്നെ ഷിന്‍ഡെയുടെ ചിന്തയിലും ബുദ്ധിയിലും ഉദിച്ചതാകില്ല ഇത്. ഇറ്റാലിയന്‍ ബ്രാന്റ് സാധനം ഏത് ലേബലൊട്ടിച്ചിറക്കിയാലും കൈനീട്ടം വില്‍ക്കില്ലെന്ന് മനസ്സിലാക്കുന്നത് നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: