മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ ചരിത്രത്തിലെ ഐതിഹാസികമായ പോരാട്ടങ്ങളില്‍ ഒന്നില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്റിങ്കയെ അതിജീവിച്ച നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക്ക് ഡോകോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കഷ്ടിച്ചു കടന്നുകൂടി. അഞ്ചു മണിക്കൂറിലേറെ നീണ്ട മാരത്തോണ്‍ അങ്കത്തില്‍ 1-6, 7-5, 6-4, 6-7,12-10നായിരുന്നു ലോക ഒന്നാം നമ്പറിന്റെ ജയം. പുരുഷന്മാരില് സ്പെയിനിന്റെ ഡേവിഡ് ഫെറര്‍, നിക്കോളസ് അല്‍മാഗ്രൊ, ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച് എന്നിവരും അവസാന എട്ടില്‍ കടന്നു.
വനിതാ വിഭാഗത്തില്‍ റഷ്യയുടെ മരിയ ഷറപ്പോവ, എകാതറീന മക്കറോവ, പോളണ്ടിന്റെ ആഗ്നിയേസ്ക റഡ്വാന്‍സ്ക, ചൈനയുടെ നാ ലി എന്നിവരും വിജയ പ്രയാണം തുടര്‍ന്നു.
ഐതിഹാസികമായിരുന്നു ഡോകോവിച്ച്-വാവ്റിങ്ക റാക്കറ്റ് യുദ്ധം. പോയിന്റിനു പോയിന്റും ഗെയിമിനു ഗെയിമും സെറ്റിനു സെറ്റും പകരംവച്ച് ഇരൂവരും ഇഞ്ചോടിഞ്ച് മല്ലിട്ടപ്പോള്‍ റോഡ് ലേവര്‍ അരീനയിലെ ഗ്യാലറി തരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഡോകോവിച്ചും സ്പാനിഷ് താരം റാഫേല്‍ നദാലും തമ്മിലുള്ള കലാശപ്പോരാട്ടത്തിന്റെ ഓര്‍മകള്‍ അവരുടെ മനസില്‍ ഇരമ്പിയെത്തി. അവേശപ്പോരിന്റെ ഭൂരിഭാഗ സമയവും വാവ്റിങ്ക ആധിപത്യം പുലര്‍ത്തിയപ്പോള്‍ സമകാലിക ടെന്നീസിലെ ഏറ്റവും വലിയ അട്ടിമറി മണത്തു. എന്നാല്‍ ബിഗ് മാച്ചുകളില്‍ ഡോകോവിച്ചിനുള്ള പരിചയ സമ്പത്ത് മത്സരഫലത്തിന്റെ ഗതി നിര്‍ണയിച്ചു.
ഒന്നാം സെറ്റില്‍ വാവ്റിങ്ക മാത്രമേ ചിത്രത്തിലൂണ്ടായിരുന്നുള്ളു. രണ്ടാം ഗെയിമില്‍ ഡോകോവിച്ചിന്റെ ഫോര്‍ഹാന്‍ഡ് പുറത്തേക്കു പോകുമ്പോള്‍ 2-1നു വാവ്റിങ്ക മുന്നില്‍. എതിരാളിയുടെ അടുത്ത ഗെയിമും തട്ടിയെടുത്ത സ്വിസ് താരം 6-1ന് അനായാസം സെറ്റ് പോക്കറ്റിലാക്കി. രണ്ടാം സെറ്റിലും വാവ്റിങ്ക ഉശിരന്‍ കളി പുറത്തെടുത്തു. മികച്ച ബാക്ഖാന്ഡ് ഷോട്ടുകളുമായി കളം നിറഞ്ഞ വാവ്റിങ്ക ഡോക്കോയുടെ സര്‍വ് ഭേദിച്ചു 3-1ന്റെ മുന്‍തൂക്കം നേടി. എന്നാല്‍ 5-3നു സെറ്റിലേക്കു സര്‍വ് ചെയ്ത വാവ്റിങ്കയെ ഞെട്ടിച്ച ഡോകോവിച്ച് മത്സരത്തിലെ തന്റെ ആദ്യബ്രേക്ക് കണ്ടെത്തി (5-4). പി ന്നെ 7-5നും സെറ്റും കൈക്കലാക്കി.
എതിരാളിയുടെ നാലാം ഗെയിം കവര്‍ന്നാണ് മൂന്നാം സെറ്റില്‍ ഡോക്കോ വിജയം ഉറപ്പിച്ചത്. നിലനില്‍പ്പിനുള്ള പോരാട്ടം നടത്തിയ വാവ്റിങ്ക അടുത്ത സെറ്റില്‍ ഡോകോവിച്ചിന്റെ ഒന്നാം ഗെയിമിലും നാലാം ഗെയിമിലും ബ്രേക്കിനടുത്തെത്തി. എന്നാല്‍ അവസരത്തിനൊത്തുയര്‍ന്ന ഡോകോവിച്ച് മത്സരം ടൈബ്രേക്കറിലേക്കു നീട്ടി. എങ്കിലും ടൈ ബ്രേക്കില്‍ മികച്ച കളികെട്ടഴിച്ച വാവ്റിങ്ക സെറ്റുകളില്‍ ബലാബലം പിടിച്ചു. നിര്‍ണായക അവസാന സെറ്റില്‍ ഇരുതാരങ്ങളും ടോപ് ഗിയറിലെത്തി. തകര്‍പ്പന്‍ പാസിങ് ഷോട്ടുകളും വോളികളും കണ്ണിനു വിരുന്നൊരുക്കി. സര്‍വിലും രണ്ടു പേരും മികച്ചു നിന്നപ്പോള്‍ കളി അനന്തമായി നീണ്ടു. ഒടുവില്‍ വാവ്റിങ്കയുടെ 11-ാം സര്‍വീസ് ഗെയിം തകര്‍ത്ത ഡോകോവിച്ച് മഹത്തായ ആ അങ്കത്തിനു തിരശീലയിട്ടു. ക്വാര്‍ട്ടറില്‍ ഡോകോ ബെര്‍ഡിച്ചിനെ നേരിടും.
ബെര്‍ഡിച്ച് ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്ഡേഴ്സന് നേരത്തേ മടക്കടിക്കറ്റ് നല്‍കിയിരുന്നു. (6-3, 6-2, 7-6). തുടര്‍ച്ചയായ മൂന്നാം തവണയാണ് ബെര്‍ഡിച്ച് മെല്‍ബണ്‍ പാര്‍ക്കില്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കുന്നത്. നദാലിന്റെ അഭാവത്തില്‍ സ്പാനിഷ് പ്രതീക്ഷകളുടെ പ്രധാന പതാക വാഹകനായ ഡേവിഡ് ഫെറര്‍ ജപ്പാന്റെ കീ നിഷികോരിയെ കെട്ടുകെട്ടിച്ചു(6-2, 6-1, 6-4). സ്വന്തം നാട്ടുകാരന് നിക്കോളസ് അല്‍മാഗ്രൊ ഫെററുടെ അടുത്ത കടമ്പ. സെര്‍ബിയയുടെ ജാന്‍കോ ടി പ്സറവിക്ക് പരുക്കേറ്റ് പിന്മാറിയത് അല്മാഗ്രോയുടെ മുന്നേറ്റം എളുപ്പമാക്കി. സ്പാനിഷ് താരം 6-2, 5-1നു മുന്നിട്ടു നില്‍ക്കവെയാണു ടിപ്സറവിക്കിന്റെ പിന്മാറ്റം.
കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പും രണ്ടാം സീഡുമായ ഷറപ്പോവ ബെല്‍ജിയത്തിന്റെ സീഡില്ലാ താരം കിര്സ്റ്റന് ഫ്ലിപ്കെന്‍സിനെ 6-1, 6-0ത്തിനു തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ റഷ്യയുടെ എകാതറീന മകറോവയെ ഷറപ്പോവ നേരിടും. മകറോവ ജര്‍മനിയുടെ എയ്ഞ്ചലിക് കെ ര്ബറിനെ കീഴടക്കി (7-5, 6-4). പ്രീ- ക്വാര്‍ട്ടറിലെ ഹായ് വോള്‍ട്ടെജ് അങ്കത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയുടെ അന്ന ഇവാനോവിച്ചിനെ റഡവാന്സ്ക മറികടന്നു (6-2, 6-4). ആറാം സീഡ് ന ലിയാണു റഡവാന്സ്കയുടെ അടുത്ത എതിരാളി. ജര്‍മന്‍ പ്രാതിനിധ്യം ജൂലിയ ജോര്‍ജസിനെ വീഴ്ത്തി നാ ലിയുടെ വരവ് (7-6,6-1). മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി- റഷ്യയുടെ നാദിയ പെട്രോവ സഖ്യം ആദ്യ റൗണ്ടില്‍ ജയം നേടി. അനസ്താസ്യ റൊഡിനോവയും ജീന്‍ ജൂലിയന്‍ റോജറും അടങ്ങിയ ഓസ്ട്രേലിയന്‍ -ഹോളണ്ട് ജോഡിയെ അവര്‍ പരാജയപ്പെടുത്തി (6-4,6-2).
പ്രതികരിക്കാൻ ഇവിടെ എഴുതുക: