ജെയിനെവ: മെര്‍ക്കുറി മലിനീകരണം നിയന്ത്രിക്കാന്‍ 140 രാജ്യങ്ങളുടെ നേതൃത്വത്തില്‍ രാജ്യാന്തര ധാരണ. യുഎന്‍ പരിസ്ഥിതി ഏജന്‍സിയുടെ (യുഎന്‍ഇപി) നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് നിയന്ത്രണത്തിനുള്ള തീരുമാനമുണ്ടായത്.
അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന മെര്‍ക്കുറിയുടെ അംശം കുറച്ച് മലിനീകരണം നിയന്ത്രിക്കാനാണ് ധാരണയായത്. ഇതിനായി ഉപഭോഗം പരിമിതപ്പെടുത്തും. മെര്‍ക്കുറിയുടെ വിതരണം, ഉത്പന്നങ്ങളിലെ ഉപയോഗം എന്നിവ നിയന്ത്രിക്കുക, ചെറുകിട സ്വര്‍ണ ഖാനനം, ലോഹനിര്‍മാണം എന്നിവയിലൂടെ ഉണ്ടാകുന്ന മലിനീകരണം കുറയ്ക്കുക, ഊര്‍ജനിലയങ്ങളില്‍ നിന്നുള്ള മെര്‍ക്കുറി വ്യാപനം പരിമിതപ്പെടുത്തുക എന്നിവയെക്കുറിച്ചാണ് യോഗത്തില്‍ ധാരണയായത്.
വികസിത രാജ്യങ്ങളില്‍ മെര്‍ക്കുറിയുടെ വ്യാപനം വര്‍ധിക്കുന്നതായി യുഎന്‍ പുറത്തുവിട്ട പഠനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മെര്‍ക്കുറി മലിനീകരണ നിയന്ത്രണത്തിലൂടെ വലിയൊരു പാരിസ്ഥിതിക-ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് യുഎന്‍ ശ്രമിക്കുന്നത്.
തീരുമാനത്തെ പിന്തുണച്ചെങ്കിലും ചില രാജ്യങ്ങള്‍ ധാരണ സംബന്ധിച്ച അതൃപ്തി രേഖപ്പെടുത്തി. ഇത് ആദ്യപടിയാണെന്നും മെര്‍ക്കുറിയുടെ വര്‍ധിച്ച പുറന്തള്ളലിനെ നിയന്ത്രിക്കാന്‍ ഇത് അപര്യാപ്തമാണെന്നും ഐപിഇഎന് ഉപദേശക സമിതിയിലെ ശാസ്ത്ര ഉപദേശകനായ ജോ ഡിഗാംഗി ചൂണ്ടിക്കാട്ടി. ഓരോ രാജ്യങ്ങളും മെര്‍ക്കുറി പുറന്തള്ളല്‍ നിയന്ത്രണം സംബന്ധിച്ച് തങ്ങളുടെതായ ദേശീയപദ്ധതി തയ്യാറാക്കേണ്ട ആവശ്യമില്ല. എന്നാല്‍ മെര്‍ക്കുറി ഉപയോഗിച്ച് നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെ അര്‍ഥവത്തായ നിയന്ത്രണങ്ങളും കുറവുകളും വ്യവസായങ്ങളില്‍ വരുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആഗോള ലക്ഷ്യം നേടിയെടുക്കുക അത്ര എളുപ്പമല്ലെന്ന് യുഎന്‍ഇപി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അച്ചീം സ്റ്റെയിനര്‍ പറയുന്നു. ഉടമ്പടിയില്‍ ധാരണയാകാതെ ജെയിനെവയില്‍ നിന്ന് പിരിയാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ധാരണ മനുഷ്യന്റെ ആരോഗ്യവും ലോകപരിസ്ഥിതിയും സംരക്ഷിക്കുന്നതായിരിക്കുമെന്ന് സ്വിസ് പരിസ്ഥിതി അംബാസഡര്‍ ഫ്രാന്‍സ് പെരസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: