ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. ഈ മാസം 24 മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓഫീസുകള്‍ക്കു മുമ്പില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താനാണ് തീരുമാനം. ഡീസല്‍ വില വര്‍ധന, റെയില്‍വെ നിരക്ക് വര്‍ധനവ് എന്നിവയില്‍ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിക്കുന്നത്. കാവേരി ജല അതോറിറ്റിയുടെ അന്തിമ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിഷേധ ധര്‍ണയും സംഘടിപ്പിക്കും. സംസ്ഥാന വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് കേന്ദ്ര പൂളില്‍ നിന്നും കൂടുതല്‍ വൈദ്യുതി നല്‍കുന്നില്ലെന്നും ജയലളിത ആരോപിച്ചു.
സംസ്ഥാനത്തിന് ഫണ്ടുകള്‍ അനുവദിക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും ജയലളിത കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം വരും ദിവസങ്ങളില്‍ ആരംഭിക്കും, തൊഴിലാളി സംഘടനകളുടെ നിയന്ത്രണത്തിലായിരിക്കും പ്രതിഷേധം ആരംഭിക്കുന്നതെന്നും ജയലളിത കൂട്ടിച്ചേര്‍ത്തു. ഡീസല്‍ വില തുടര്‍ച്ചയായി വര്‍ധിപ്പിച്ചതും, റെയില്‍വെ നിരക്ക് വര്‍ധിപ്പിച്ചതും ജനങ്ങളെ കാര്യമായി ബാധിക്കുമെന്നും ചെന്നൈയില്‍ പ്രസ്താവനയില്‍ ജയലളിത പറഞ്ഞു.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള യുപിഎ സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ തകര്‍ത്തെറിയുകയാണ്. കോണ്‍ഗ്രസ് ഭരിക്കാത്ത സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും ജയലളിത കുറ്റപ്പെടുത്തി. കാവേരി വിഷയത്തില്‍ കേന്ദ്രം മൗനം പാലിക്കുകയാണ്. യുപിഎ സഖ്യ കക്ഷിയായ ഡിഎംകെയ്ക്ക് സ്വാര്‍ത്ഥ താല്‍പ്പര്യമാണ് ഉള്ളതെന്നും ജയലളിത ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: