മുംബൈ: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സോഫ്റ്റ്വെയര് കമ്പനിയായ വിപ്രോയുടെ മൂന്നാം പാദ ലാഭം ഉയര്‍ന്നു. 2012 ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ അറ്റ ലാഭം 18 ശതമാനം വര്‍ധിച്ച് 1,716.4 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,456.4 കോടി രൂപയായിയിരുന്നു ലാഭം. നടപ്പ് സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മൊത്ത വരുമാനം 10 ശതമാനം ഉയര്‍ന്ന് 10,989.1 കോടിയിലെത്തി. 2011-12 ല്‍ ഇതേ കാലയളവില്‍ ഇത് 9965.1 കോടി രൂപയായിരുന്നു. മൂന്നാം പാദത്തില്‍ പ്രകടനം മെച്ചപ്പെടുത്തിയതിനെ തുടര്‍ന്ന് ഓഹരി ഒന്നിന് രണ്ട് രൂപ നിരക്കില്‍ ഇടക്കാല ലാഭ വിഹിതം നല്‍കുന്നതിനും വിപ്രോ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. കമ്പനി വരുമാനത്തിന്റെ 78 ശതമാനവും സംഭാവന ചെയ്യുന്നത് ഐടി സര്‍വീസസ് ആണ്. കഴിഞ്ഞ പാദത്തില്‍ ഐടി സര്‍വീസസില്‍ നിന്നുള്ള വരുമാനം 4.8 ശതമാനം ഉയര്‍ന്ന് 1.577 ബില്യണ്‍ ഡോളറിലെത്തി.
2013 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം വിപ്രോയുടെ ഐടി സര്‍വീസസില്‍ നിന്നള്ള വരുമാനം 1.585 ബില്യണ്‍ ഡോളറിനും 1.625 ബില്യണ്‍ ഡോളറിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ തുടരുമ്പോഴും കമ്പനികള്‍ വരുമാനം ഉയര്‍ത്തുന്നതിനായി ടെക്നോളജിയില്‍ പണം ചെലവാക്കുന്നുണ്ടെന്നും ഇതാണ് വരുമാനം ഉയരാന്‍ കാരണമെന്നും വിപ്രോ ചെയര്മാന് അസിം പ്രേംജി പറഞ്ഞു.
2012 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം വിപ്രോയുടെ ഐടി സര്‍വീസസ് വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം 1,42,905 ആണ്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 2,336 പേരെയാണ് പുതുതായി ചേര്‍ത്തത്. 50 ഓളം പുതിയ ഉപഭോക്താക്കളേയും ലഭിച്ചതായി കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ പാദത്തില്‍ ഐടി ഉത്പന്ന വിഭാഗത്തില്‍ നിന്നുള്ള വരുമാനം 11 ശതമാനം ഉയര്‍ന്ന് 997 കോടി രൂപയിലെത്തി. ഉപഭോക്തൃ സംരക്ഷണ, ലൈറ്റനിംഗ് ബിസിനസില്‍ നിന്നുള്ള വരുമാനം 17 ശതമാനം ഉയര്‍ന്ന് 1,028 കോടി രൂപയായി. കമ്പനിയുടെ മൊത്ത വരുമാനത്തിന്റെ ഒമ്പത് ശതമാനവും ലഭിക്കുന്നത് ഈ രണ്ട് ബിസിനസ് വിഭാഗത്തില്‍ നിന്നുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: