കൊച്ചി: ജനങ്ങളും ജനപ്രതിനിധികളും അനുകൂലമായതിനാലാണ് ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യവും യുക്തിക്കു നിരക്കാത്തതുമാണെന്ന് ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു.
ഹിതപരിശോധനയ്ക്കും പരസ്യസംവാദത്തിനും മുഖ്യമന്ത്രി തയ്യാറാകണം. ജനവികാരമെന്താണെന്ന് ഒന്‍പത് എംഎല്‍എമാര്‍ക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ് നിയമസഭാപരിസ്ഥിതി കമ്മറ്റി ആറന്മുളയില് വിമാനത്താവളനിര്‍മ്മാണം പാടില്ലെന്ന് ശുപാര്‍ശ ചെയ്തത്. ഈ എംഎല്എമാരുടേതിനേക്കാള് മാന്യതയും വിശ്വാസ്യതയും ആറന്മുള എംഎല്‍എയുടെ അഭിപ്രായത്തിനാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് നിയമസഭാ പരിസ്ഥിതി കമ്മറ്റിയുടെ ജനപ്രാതിനിധ്യാവകാശത്തെ ചോദ്യം ചെയ്യുന്നതാണ്. സി. പി. മുഹമ്മദ് എന്ന കോണ്‍ഗ്രസ് എം. എല്‍. എയുടെ നേതൃത്വത്തില്‍ ആറന്മുളയില് വന്ന സര്‍വ്വകക്ഷിസംഘം സ്ഥലം എംഎല്‍എ ഉള്‍പ്പെടെ നിരവധി സംഘടനാപ്രതിനിധികളെ കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ജനങ്ങള്‍ നേരിട്ടു ഹാജരായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇതെല്ലാം നിയമസഭാകമ്മറ്റിയുടെ രേഖകളില്‍ ഉണ്ടായിരിക്കെ, ജനാഭിപ്രായം വിമാനത്താവളത്തിന് അനുകൂലമാണെന്ന് എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് വ്യക്തമാക്കണം. വിമാനത്താവളത്തിനുവേണ്ടി ഒരു പ്രകടനമോ സമ്മേളനമോ ആറന്മുളയില് നടത്താന്‍ നാളിതുവരെ കഴിയാത്ത സ്ഥലം എംഎല്‍എയും എംപിയും പറയുന്നത് മാത്രമാണ് ജനാഭിപ്രായമെന്ന മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍ നിര്‍ഭാഗ്യകരമായിപ്പോയി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിമാനത്താവളത്തിനെതിരെ വ്യാപകമായി പ്രചരണം നടത്തിയ സ്ഥലം എം. എല്‍. എ. ഇപ്പോള്‍ നിലപാട് മാറ്റി. എംഎല്‍എ, എന്ന നിലയിലുള്ള മുന്‍ അഭിപ്രായം സ്വീകാര്യമല്ല, ഇപ്പോഴത്തെ അഭിപ്രായം മാത്രമേ സ്വീകരിക്കൂ എന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണ്. അഭിപ്രായങ്ങള്‍ മാറ്റിപ്പറയുന്ന സ്ഥലം എംഎല്‍എയെ മുഖ്യമന്ത്രി വിശ്വസിക്കുമ്പോള്‍ മറ്റ് എംഎല്‍എമാരെ അവിശ്വസിക്കുകയാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: