ന്യൂദല്‍ഹി: ഭരണമാറ്റത്തിനായി പാക്കിസ്ഥാനില്‍ വന്ജനകീയപ്രക്ഷോഭത്തിന് നേതൃത്വം നല്കുന്ന മത പണ്ഡിതന് തഹീര്‍ ഉല് ഖദ്രി കഴിഞ്ഞ വര്‍ഷം ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നതായി പ്രമുഖ ദിനപത്രം. കാനഡയില്‍ നിന്നുള്ള മതപണ്ഡിതനായ ഖദ്രി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ അതിഥിയായി കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുജറാത്തിലെത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. സന്ദര്‍ശനത്തിടെ ഭഗവത്ഗീതയെ ആസ്പദമാക്കി ഖദ്രി രണ്ട് മണിക്കൂര്‍ പ്രഭാഷണം നടത്തിയിരുന്നു. ലോകവ്യാപകമായി വിദ്യാഭ്യാസ മതസ്ഥാപനങ്ങള്‍ നടത്തുന്ന ഖദ്രി ഹിന്ദുമതഗ്രന്ഥങ്ങളില്‍ അഗാധജ്ഞാനമുള്ള വ്യക്തിയാണ്. ഗുജറാത്തിലെ മുസ്ലീങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരകളാണെന്ന ബോധം ഉപേക്ഷിക്കണമെന്നായിരുന്നു ഖദ്രി നല്കിയ ഉപദേശം. ഖദ്രിയുടെ പരാമര്‍ശങ്ങള്‍ ജമാഅത്തെ ഉലേമ ഉള്‍പ്പെടെയുള്ള മുസ്ലീംസംഘടാനനേതാക്കളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ കലാപങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അതിന് പിന്നിലുള്ളവര്‍ നിയമനടപടികള്‍ നേരിടണമെന്നും പിന്നീട് ഖദ്രി വ്യക്തമാക്കി.
ഖദ്രി പങ്കെടുത്ത ചടങ്ങില്‍ ബിജെപി നേതാവും മന്ത്രിയുമായ ഭുപേന്ദ്രസിംഗ് ചുഡാസാമ ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു. മൃദുഭാഷണം നടത്തുന്ന വ്യക്തിയെന്നാണ് ഭുപേന്ദ്രസിംഗ് ഖദ്രിയെ വിശേഷിപ്പിച്ചത്. ജിഹാദികളെ എതിര്‍ക്കുകയും ഒപ്പം സാമൂഹികവും മതപരവുമായ ഐക്യത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് ഖദ്രിയെന്നും ഭുപേന്ദ്രസിംഗ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നതായും ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അഴിമതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന ഖദ്രിക്ക് പാക്കിസ്ഥാനില്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്. തീപ്പൊരി പ്രസംഗങ്ങളിലൂടെയും ജനകീയമാര്‍ച്ച് നടത്തിയുമാണ് ഖദ്രി പാക് സര്‍ക്കാരിന് ഭീഷണിയാകുന്നത്. രാഷ്ട്രീയത്തില്‍ നിന്ന് കുറ്റവാളികളെ തൂത്തെറിയണമെന്നാണ് ഖദ്രി ജനങ്ങള്‍ക്ക് നല്കുന്ന ആഹ്വാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: