ന്യൂദല്‍ഹി: ഫ്ലൈയിംഗ് ലൈസന്‍സ് നഷ്ടപ്പെട്ട കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ് ഡിജിസിഎ മുമ്പാകെ വീണ്ടും പുനരുദ്ധാരണ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആവശ്യപ്പെട്ട പ്രകാരം ഫണ്ടിംഗ് സംബന്ധിച്ച വിശദ വിവരങ്ങള്‍ നല്കുന്നതില് കിങ്ങ്ഫിഷര്‍ വീണ്ടും പരാജയപ്പെട്ടു.
കിങ്ങ്ഫിഷര്‍ സിഇഒ സഞ്ജയ് അഗര്‍വാള്‍ , വ്യോമയാന ഡയറക്ടര്‍ ജനറല്‍ അരുണ്‍ മിശ്രയുമായി കൂടിക്കാഴ്ച നടത്തുകയും എയര്‍ലൈന്‍സ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ വ്യക്തമാക്കുകയും ചെയ്തതായാണ് അറിയുന്നത്.
എന്നാല്‍ എയര്‍ലൈനിന്റെ മാതൃ കമ്പനിയായ യുബി ഗ്രൂപ്പ് ധനസഹായം നല്‍കുന്നതിന് സന്നദ്ധമാണോയെന്ന കാര്യം അഗര്‍വാള്‍ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് അറിയുന്നത്.
ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുവാന്‍ തയ്യാറാണെന്ന് അഗര്‍വാള്‍ ഡിജിസിഎ മുമ്പാകെ അറിയിച്ചിട്ടുണ്ട്. കൂടാതെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരില്‍ നിന്നും നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്(എന്‍ഒസി) സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ചില എണ്ണ കമ്പനികളും വിമാന പാട്ടക്കമ്പനികളും പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് എതിര്‍പ്പില്ലെന്ന് കാട്ടി എല്‍ഒസി നല്‍കിയതായും അഗര്‍വാള്‍ പറഞ്ഞു.
എയര്‍ലൈന്‍സിന്റെ പ്രമോട്ടര്‍മാര്‍ കൂടുതല്‍ ഫണ്ട് സമാഹരിക്കുന്നത് വരെ വായ്പകള്‍ നല്‍കേണ്ടതില്ലെന്നാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11 മുതല്‍ സര്‍വീസ് നിര്‍ത്തിവച്ചിരുന്ന കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് നഷ്ടമായത് ഡിസംബര്‍ 31 നാണ്.
പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് 650 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിനാണ് പദ്ധതിയെന്ന് കിങ്ങ്ഫിഷര്‍ അറിയിച്ചെങ്കിലും വ്യോമയാന മന്ത്രാലയം അധികൃതര്‍ ആ തുക പര്യാപ്തമല്ലെന്ന് അറിയിക്കുകയായിരുന്നു.
ശമ്പളവും മറ്റ് അലവന്‍സുകളും ജീവനക്കാര്‍ക്ക് നല്‍കുന്നതിനും കഴിഞ്ഞ എട്ട് മാസമായി കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന് സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: