ക്വാലാലംപൂര്‍: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍ താരങ്ങളായ സൈന നെഹ്വാളും പി. കശ്യപും മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. കഴിഞ്ഞയാഴ്ച കൊറിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ട ലോക മൂന്നാം നമ്പര്‍ താരവും ടൂര്‍ണമെന്റിലെ ഒന്നാം സീഡുമായ സൈന ഇന്നലെ നടന്ന ആദ്യ റൗണ്ടില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. സിംഗപ്പൂരിന്റെ ജുവാന്‍ ഗുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ എയ്സ് സൈന രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. വെറും 29 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-12, 21-15 എന്ന സ്കോറിനായിരുന്നു സൈനയുടെ വിജയം. വനിതകളുടെ മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ പി.വി. സിന്ധു ആദ്യറൗണ്ടില്‍ മൂന്നാം സീഡ് ഡെന്മാര്ക്കിന്റെ ടിനെ ബോണിനോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെട്ട് പുറത്തായി. സ്കോര്‍: 21-16, 18-21, 21-17.
പുരുഷ വിഭാഗത്തില്‍ പാരുപ്പിള്ളി കശ്യപ് വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് തകുമ ഉദേയക്കെതിരെ വിജയം സ്വന്തമാക്കിയത്. 55 മിനിറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 21-14, 16-21, 21-5 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ വിജയം. ആദ്യ സെറ്റ് 14 പോയിന്റ് മാത്രം വിട്ടുകൊടുത്ത് സ്വന്തമാക്കിയ കശ്യപിനെ രണ്ടാം സെറ്റില്‍ എതിരാളി ഞെട്ടിച്ചു. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ തന്റെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത കശ്യപ് മികച്ച ഫോമിലേക്കുയര്‍ന്നതോടെ ജപ്പാന്‍താരം മുട്ടുമടക്കി. ഇന്ത്യക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയ മറ്റൊരു പോരാട്ടത്തില്‍ ഗുരുസായിദത്ത് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. 21-11, 21-14 എന്ന സ്കോറിന് സൗരഭ് വര്‍മ്മയെ പരാജയപ്പെടുത്തിയാണ് ഗുരുസായിദത്ത് അടുത്തറൗണ്ടിലേക്ക് യോഗ്യത നേടിയത്. മറ്റൊരു മത്സരത്തില്‍ ഇന്ത്യന്‍ താരം അജയ് ജയറാം മലേഷ്യയുടെ ഡാരന്‍ ല്യൂവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ട് പുറത്തായി. സ്കോര്‍: 21-15, 21-11.
വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ പ്രദന്യ-അശ്വിനി പൊന്നപ്പ സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. സിംഗപ്പൂരിന്റെ യു യാന്‍ വനേസ-ഡെല്ലിസ് യുലിന സഖ്യത്തെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. സ്കോര്‍: 20-22, 21-16, 21-15.
അതേസമയം മറ്റ് ഡബിള്‍സ് മത്സരങ്ങളില്‍ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. പുരുഷവിഭാഗത്തില്‍ പ്രണബ് ജെറ്റി ചോപ്ര-അക്ഷയ് ദെവാല്ക്കര് സഖ്യം ഏഴാം സീഡ് ഇന്തോനേഷ്യയുടെ അന്ഗ പ്രഥമ-റയാന് സപുത്ര സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടു. സ്കോര്‍: 21-12, 21-16. മിക്സഡ് ഡബിള്‍സില്‍ തരുണ്‍ കോനെ-അശ്വിനി പൊന്നപ്പ സഖ്യവും ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി. ഇന്തോനേഷ്യന്‍ ജോഡികളായ പ്രവീണ്‍ ജോര്‍ദാന്‍-വിറ്റ മരിസ്സ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം കീഴടങ്ങിയത്. സ്കോര്‍: 22-20, 21-17. വനിതാ ഡബിള്‍സില്‍ അപര്ണബാലന്-ശിഖി റെഡ്ഡി സഖ്യവും പുറത്തായി. ഇംഗ്ലണ്ടിന്റെ ഹീത്തര്‍ ഒലേവര്-കറ്റേ റോബര്ട്ട്ഷോ സഖ്യത്തോട് പരാജയപ്പെട്ടാണ് അപര്‍ണ-ശിഖി സഖ്യം മടങ്ങിയത്. ആദ്യ സെറ്റ് 21-11ന് സ്വന്തമാക്കിയ ഇന്ത്യന്‍ ജോഡി രണ്ടാം സെറ്റില്‍ 4-3ന് പിന്നിട്ടുനില്‍ക്കുമ്പോള്‍ പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: