തിരുവനന്തപുരം: ഇടത് അനുകൂല സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരാഴ്ചയായി നടത്തി വന്ന പണിമുടക്ക് പിന്‍വലിച്ചത് സര്‍ക്കാരില്‍ നിന്ന് കാര്യമായ ഉറപ്പൊന്നും ലഭിക്കാതെ. സമരം വിജയിച്ചില്ലെന്ന് സംഘടനാ നേതാക്കള്‍ തന്നെ പറയുമ്പോള്‍ മറ്റു വഴികളില്ലാതെ പിന്‍വലിക്കുകയായിരുന്നു എന്നു വ്യക്തമാകുന്നു. സമരത്തോട് സര്‍ക്കാര്‍ നിഷേധാത്മക സമീപനം സ്വീകരിക്കുകയും ജീവനക്കാര്‍ ജോലിക്ക് കയറാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ എങ്ങിനെയെങ്കിലും സമരം അവസാനിപ്പിച്ചാല്‍ മതിയെന്ന നിലയിലായിരുന്നു ഇടതു സംഘടനാപ്രതിനിധികള്‍. സമരം തുടങ്ങുന്നതിനു മുമ്പ് സമരക്കാരുമായി രണ്ടുവട്ടം മുഖ്യമന്ത്രി ചര്‍ച്ച നടത്തിയപ്പോഴെല്ലാം പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു സംഘടനകള്‍. സര്‍ക്കാരും ഉറച്ച നിലപാട് സ്വീകരിച്ചതോടെ സംഘടനകള്‍ വെട്ടിലായി. സമരത്തിനും വേണ്ടത്ര ജനപിന്തുണയോ ജീവനക്കാരില്‍ നിന്നുള്ള പിന്തുണയോ ഇല്ലാതെ വന്നതും സമരക്കാരെ കുഴക്കി. തുടര്‍ന്ന് ചര്‍ച്ച എന്ന ആവശ്യം മുന്നോട്ടു വയ്ക്കപ്പെട്ടത്. ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും സിപിഎം നേതാക്കളും രംഗത്തു വന്നു.
ചര്‍ച്ചക്ക് മുന്‍കൈയെടുക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നതിനിടെ ധനമന്ത്രി കെ.എം.മാണി നടത്തിയ ഇടപെടലാണ് ഒത്തുതീര്‍പ്പുകള്‍ക്ക് വഴി തുറന്നത്. മാണിയുടെ ഔദ്യോഗിക വസതിയില്‍ ഞായറാഴ്ച രാത്രി 11 മണിയോടെ ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നു. പിന്നീട് ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പണിമുടക്ക് പിന്‍വലിക്കാന്‍ സമരസമിതി തീരുമാനിച്ചത്.
സമരത്തിന് ആധാരമായി സംഘടനകള്‍ ഉന്നയിച്ച പ്രധാന ആവശ്യത്തില്‍നിന്ന് സമരക്കാര്‍ക്ക് തന്നെ പുറകോട്ട് പോകേണ്ടി വന്നു. സര്‍ക്കാര്‍ ഇന്നലെ അംഗീകരിച്ച ആവശ്യങ്ങളെല്ലാം സമരം തുടങ്ങും മുമ്പ് തന്നെ ഉറപ്പ് നല്‍കിയതാണ്. കൂടുതലായി ഒരുറപ്പും നേടാന്‍ ഇടത് അനുകൂല സംഘടനാ നേതാക്കള്‍ക്കായില്ല. ഫലത്തില്‍ സമരംകൊണ്ടെന്തു നേടിയെന്ന ജീവനക്കാരുടെ ചോദ്യത്തിന് ഉത്തരം പറയേണ്ട അവസ്ഥയിലാണ് നേതാക്കള്‍.
സര്‍വീസ് സംഘടനകള്‍ ശക്തമായി എതിര്‍ത്ത പങ്കാളിത്ത പെന്ഷന് ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ചര്‍ച്ചയില്‍ സമരക്കാര്‍ക്ക് അംഗീകരിക്കേണ്ടി വന്നു. പങ്കാളിത്ത പെന്ഷന് നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകസംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് പ്രധാനമായും സര്‍ക്കാര്‍ അംഗീകരിച്ചത്. പെന്ഷന് ഫണ്ടുകള്‍ ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചെങ്കിലും ഇത് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാം എന്ന ഉറപ്പ് മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍, പങ്കാളിത്ത പെന്ഷന് അംഗീകരിക്കുകയാണെങ്കില്‍ മറ്റുകാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാമെന്ന നിലപാട് സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ചിരുന്നതാണ്. ഫലത്തില്‍ പണിമുടക്ക് നടത്തിയത് കൊണ്ട് സമരക്കാര്‍ എന്ത് നേടിയെന്ന ചോദ്യം മാത്രം ബാക്കിയാവുകയാണ്.
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കണമെന്ന ആവശ്യമാണ് സമരക്കാര്‍ തുടക്കം മുതല്‍ ഉന്നയിച്ചിരുന്നത്. പിന്നീട്, ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കാനുള്ള തീരുമാനം നീട്ടിവെക്കണമെന്നായി. ഇതും അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ ഉറച്ച നിലപാടെടുത്തതോടെ മിനിമം പെന്ഷന് ഉറപ്പ് വരുത്തുക, പെന്ഷന് ഫണ്ട് പൂര്‍ണ്ണമായും ട്രഷറിവഴി കൈകാര്യം ചെയ്യുക എന്നീ ആവശ്യങ്ങളുയര്ത്തിയത്. സമരം ചെയ്തതിന്റെ പേരിലെടുത്ത അച്ചടക്ക നടപടികള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നും ഡയസ്നോണ്‍ ഏര്‍പ്പെടുത്തിയത് വഴിയുണ്ടായ നഷ്ടം പരിഹരിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇ.പി.എഫ് നിക്ഷേപത്തില്‍ ലഭിക്കുന്ന തുകയേക്കാള്‍ മിനിമം പെന്ഷന് കുറയില്ലെന്ന ഉറപ്പാണ് സര്‍ക്കാര്‍ നല്‍കിയത്. പെന്ഷന് ഫണ്ട് നിക്ഷേപിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ സര്‍ക്കാര്‍ ട്രഷറികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സമരവുമായി ബന്ധപ്പെട്ട് സ്വീകരിച്ച അച്ചടക്ക നടപടികള്‍ പൂര്‍ണ്ണമായി പിന്‍വലിക്കില്ല. ക്രിമിനല്‍ കേസില്‍പ്പെട്ടവരെയും പൊതുമുതല്‍ നശിപ്പിച്ചവര്ക്കെതിരെയുമുള്ള നടപടി തുടരും. ഡയസ്നോണ്‍ വഴിയുണ്ടായ നഷ്ടം നികത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി സമരക്കാരെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: