ശബരിമല : തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയേയും മകരവിളക്കും മകരജ്യോതിയും ദര്‍ശിച്ച് ആത്മസായൂജ്യം നേടി ഭക്തസഹസ്രങ്ങള്‍ മലയിറങ്ങി. ശരണമന്ത്രങ്ങള്‍ ഉയര്‍ന്ന മകരസംക്രമ സന്ധ്യയില്‍ പൊന്നമ്പലമേട്ടില്‍ ദിവ്യജ്യോതി തെളിഞ്ഞപ്പോള്‍ ഭക്തലക്ഷങ്ങള്‍ ആനന്ദലഹരിയില്‍ ആറാടി. ഇന്നലെ വൈകുന്നേരം 6.35 ഓടെ ഭഗവാന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തി. ഈ സമയം കിഴക്കേ ചക്രവാളത്തില്‍ മകര നക്ഷത്രവും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിഞ്ഞു. അയ്യപ്പഭക്തര്‍ ശരണം വിളികളോടെ മകരജ്യോതിസ്സിനെ വണങ്ങി. ഭക്തര്‍ കര്‍പ്പൂരാഴിയും നെയ്ത്തിരികളും തെളിച്ചാണ് മകരജ്യോതിയെ വരവേറ്റത്.
പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി കൊണ്ടുവന്ന തിരുവാഭരണങ്ങള്‍ 5.45 ഓടെ ശരംകുത്തിയിലെത്തി. ഇവിടെ നിന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ശങ്കരനാരായണപിള്ളയുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വാദ്യമേളങ്ങളുടേയും ശരണഘോഷത്തിന്റേയും അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിച്ചു. കലശക്കുടപേടകവും, കൊടിപ്പെട്ടിയും മാളികപ്പുറത്തേക്കും തിരുവാഭരണ പേടകം പതിനെട്ടാംപടി കടന്ന് തിരുമുറ്റത്തേക്കും എത്തിച്ചു. കൊടിമരച്ചുവട്ടിലെത്തിച്ച പ്രധാന പേടകത്തെ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന് നായര്‍, മെമ്പര്‍ സുഭാഷ് വാസു, ഗവ.ചീഫ് കോര്‍ഡിനേറ്റര്‍ കെ.ജയകുമാര്‍, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്.ജ്യോതിലാല്‍, സ്പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബു, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, പത്തനംതിട്ട ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്, എഡിജിപി ആര്.ചന്ദ്രശേഖരന് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തേക്ക് ആനയിച്ചു.
തിരുവാഭരണം തന്ത്രി കണ്ഠരര് രാജീവര് മേല്‍ശാന്തി എന്‍.ദാമോദരന്‍പോറ്റി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് നടയടച്ച് തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി നടതുറന്ന് ദീപാരാധന നടത്തി.
ഇന്നലെ പുലര്‍ച്ചെ 6.56 നായിരുന്നു മകര സംക്രമപൂജ. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും എത്തിച്ച നെയ്ത്തേങ്ങയിലെ നെയ്യ് ഉപയോഗിച്ചാണ് മകരസംക്രമവേളയില്‍ ഭഗവാന് അഭിഷേകം നടത്തിയത്.
ഇന്നലെ രാത്രി 9ന് പതിനെട്ടാംപടിയ്ക്കലേക്കുള്ള മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത് ആരംഭിച്ചു. 18ന് ശരംകുത്തിയില്‍ പള്ളിവേട്ടയും 19ന് മാളികപ്പുറത്ത് ഗുരുതിയും നടക്കും. 20ന് രാവിലെ 7ന് പന്തളം രാജപ്രതിനിധിയുടെ ദര്‍ശനത്തോടെ ശബരിമല നട അടയ്ക്കും. ഇതോടെ ഈവര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തിയാകും.
സുഭാഷ് വാഴൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: