ഇസ്ലാമബാദ്: ഷിയാ മുസ്ലീങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ പെരുകി വരുന്ന സാഹചര്യത്തില്‍ ബാലുചിസ്ഥാനിലെ പ്രവിശ്യ സര്‍ക്കാരിനെ പാക്കിസ്ഥാന് പിരിച്ചുവിട്ടു. ഭരണച്ചുമതല പാക്കിസ്ഥാന് ഗവര്‍ണറെ ഏല്പിക്കുകയും ചെയ്തു.പാക്കിസ്ഥാനില്‍ 82 പേരുടെ മരണത്തിനിടെയാക്കിയ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ഷിയാ മുസ്ലിങ്ങള്‍ പ്രതിഷേധം തുടരുന്ന ക്വറ്റ നഗരത്തില്‍ പാക് പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്റഫ് സന്ദര്‍ശനം നടത്തിയതിനു ശേഷമാണ് സര്‍ക്കാരിനെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്.
ബലൂചിസ്ഥാന്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് ക്വറ്റ നഗരത്തിന്റെ സുരക്ഷ സൈന്യത്തെ ഏല്‍പ്പിക്കാതെ എണ്‍പതിലധികം വരുന്ന മൃതദേഹങ്ങള്‍ സംസ്കരിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാടിനെ തുടര്‍ന്നാണ് സര്‍ക്കാരിനെ പിരിച്ചു വിട്ടത് .ബാലൂചിസ്ഥാന്‍ മേഖലയില്‍ പ്രക്ഷോഭകരെ നേരിടാന്‍ അര്‍ദ്ധസൈനികവിഭാഗത്തെയും വിന്യസിച്ചു. തെരുവുകളില്‍ മൃതദേഹങ്ങളുമായി നടത്തുന്ന സമരം ഇന്നലെ മൂന്നാം ദിവസത്തിലേക്കു കടന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ചര്‍ച്ചയ്ക്കു നേരിട്ടെത്തിയത്.
മതകാര്യങ്ങള്‍ക്കുള്ള മന്ത്രി ഖുര്‍ഷിദ് ഷായുടെ നേതൃത്വത്തിലെത്തിയ സംഘവുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഷിയാകള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഭരണഘടനയിലെ 232-ാം വകുപ്പ് പ്രകാരം ക്വറ്റയുടെ നിയന്ത്രണം സൈന്യത്തെ ഏല്പ്പിച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്.വ്യാഴാഴ്ച സുന്നി തീവ്രവാദ സംഘടനയായ ലഷ്കര്‍ ഇ ജാംഗ്വി ക്വറ്റയില്‍ നടത്തിയ സ്ഫോടനത്തില്‍ 92 ഷിയാകളാണു കൊല്ലപ്പെട്ടത്. ഷിയാകള്ക്കുനേര്ക്ക് നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ ഖൈബര്‍ പക്തൂണ്‍ക്വ സിന്ധ്, പഞ്ചാബ് പ്രവിശ്യകളിലും പ്രതിഷേധം ശക്തമാണ്.
ക്വറ്റയിലെത്തിയ പ്രധാനമന്ത്രി രാജ പര്‍വേസ്, ഭരണകക്ഷിയായ പിപിയുടെ ബലൂചിസ്ഥാന്‍ പ്രസിഡന്റ് സാദിഖ് ഇമ്രാനിയുമായി ചര്‍ച്ച നടത്തിയിരുന്നു . പ്രവിശ്യാ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ഇമ്രാനി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. ഷിയാ നേതാക്കളുമായും ബലൂചിസ്ഥാന്‍ ഗവര്‍ണറുമായും രാജ പര്‍വേസ് ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് കറാച്ചിയിലെത്തി പ്രസിഡന്റ് സര്‍ദാരിയെ വിവരങ്ങള്‍ ധരിപ്പിക്കും.അതേസമയം, ബലൂചിസ്ഥാന്‍ പ്രധാനമന്ത്രി അസ്ലം റെയ്സാനി ദുബായിയില്‍ സ്വകാര്യ സന്ദര്‍ശനത്തിലാണ്. ശനിയാഴ്ച തിരിച്ചെത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചെങ്കിലും റെയ്സാനി മടങ്ങിവന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: