തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സമരം അവസാനിച്ചപ്പോള്‍ സമരം നയിച്ച ഇടതുപക്ഷ യൂണിയന് നേതാക്കള്‍ക്കെതിരേ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ഒന്നും പുതിയതായി നേടാത്ത സമരം എന്ന വിശേഷണമാണ് പണിമുടക്കിന് ജീവനക്കാര്‍ നല്‍കുന്നത്. സമര നേതാക്കളുടെ പതിവു വിശദകീരണങ്ങള് ഇക്കുറി അണികളെ തൃപ്തിപ്പെടുത്തുന്നില്ല.
പങ്കാളിത്ത പെന്ഷന് സംബന്ധിച്ച ഉത്തരവ് സര്‍ക്കാരിനെ കൊണ്ടു പിന്‍വലിപ്പിക്കാന്‍ ലക്ഷ്യമിട്ടു തുടങ്ങിയ സമരം പിന്നീട് ലക്ഷ്യം മാറ്റി, ഭാവിയില്‍ ജോലിക്കു കയറുന്നവര്‍ക്ക് പെന്ഷന് ഉറപ്പാക്കുക എന്നിടത്തേക്കു താഴ്ന്നു. അടുത്ത പടിയിറങ്ങി ഒരാഴ്ച പിന്നിട്ട് സര്‍ക്കാരുമായി ഒത്തു തീര്‍ന്നപ്പോള്‍ സര്‍ക്കാരിന്റെ ചില ഉഴപ്പന് ഉറപ്പുകള്‍ മാത്രം നേടിയാണു അവസാനിച്ചതെന്നാണ് ജീവനക്കാരുടെ ആക്ഷേപം.
സമരം അനാവശ്യമാണെന്ന് അഭിപ്രായപ്പെടുന്നവരും അനവസരത്തിലാണെന്നു പറയുന്നവരും തുടക്കം മുതലേ ഉണ്ടായിരുന്നു. എന്നാല്‍ സംഘടനാ തീരുമാനം എന്ന നിലയില്‍ അംഗീകരിച്ചുവെങ്കിലും സാധാരണ സമരം ഒത്തു തീരുമ്പോള്‍ ഉണ്ടാക്കാറുള്ള ധാരണകള്‍ ഇത്തവണ ഉണ്ടായില്ല. ശമ്പള നഷ്ടം, സമരക്കാര്‍ക്കെതിരേയുള്ള കേസു പിന്‍വലിക്കല്‍ തുടങ്ങിയവ ഇക്കുറി ഉണ്ടായില്ല എന്നതും ജീവനക്കാര്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
സര്‍ക്കാരിന് വലിയ വിജയ നേട്ടം ഉണ്ടാക്കാനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കു കോട്ടം വരുത്താനുമേ സമരം ഉപകരിച്ചുള്ളുവെന്ന ആക്ഷേപവും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. പാതിരാവില്‍ മുഖ്യമന്ത്രിയെ കണ്ടു ചര്‍ച്ച നടത്തേണ്ടിവന്നുവെന്നു മാത്രമല്ല, സര്‍ക്കാരിന്റെ പിടിവാശി വിജയിച്ചുവെന്ന പ്രതീതി ഉണ്ടാവുകയും ചെയ്തു. ഇപ്പോള്‍ സര്‍ക്കാര്‍ സമ്മതിച്ച കാര്യങ്ങള്‍ക്ക് ഇത്രയും ജന വിയോജിപ്പു നേടിയ ഒരു സമരം വേണ്ടിയിരുന്നോ എന്നാണ് പലരുടെയും സംശയം. ജനങ്ങള്‍ നല്ലൊരു പങ്കും സമരം അന്യായമാണെന്നു വിശ്വസിക്കുന്ന സ്ഥിതിയെത്തിയതിലും ജീവനക്കാര്‍ക്ക് ആക്ഷേപമുണ്ട്. ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ മാത്രമല്ല, ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ ആകെക്കൂടി സമര രംഗത്തിറങ്ങേണ്ട അവസ്ഥയുണ്ടായിട്ടും കാര്യമായ നേട്ടം ഉണ്ടായില്ലെന്നത് പ്രതിപക്ഷത്തിനും കനത്ത ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: