ആലപ്പുഴ: മലബാറില്‍ 33 സ്കൂളുകള്‍ക്ക് അംഗീകാരം നല്കിയ നടപടി കെ ഇ ആറിന് വിധേയമായല്ലെന്നും അതിനാലാണ് സര്‍ക്കാരിന്റെ ഭാഗമായവര്‍ പോലും ഇതിനെ എതിര്ക്കുന്നതെന്നുംകേരള കോണ്‍ഗ്രസ് ബി നേതാവ് ആര് ബാലകൃഷ്ണപിള്ള.ജീവനക്കാരുടെയും അധ്യാപകരുടെയും സമരത്തോടുള്ള സര്‍ക്കാര്‍ നിലപാടിനോട് തനിക്ക് വിയോജിപ്പാണ്് . സമരക്കാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ചര്‍ച്ച നടത്തുന്നതില്‍ യാതൊരു തെറ്റുമില്ല. പങ്കാളിത്ത പെന്ഷന് സംബന്ധിച്ച് തനിക്ക് അഭിപ്രായമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അത് പറയില്ലെന്നും പിള്ള പറഞ്ഞു. രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്ന വിഷയത്തില്‍ എന്‍ എസ് എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍നായര്‍ പറഞ്ഞത് നൂറു ശതമാനം ശരിയാണ്.തുടക്കത്തില്‍ കുതിപ്പിലായിരുന്ന സര്‍ക്കാര്‍ പിന്നീട് കിതപ്പിലായി. ഇപ്പോള്‍ കിടിപ്പിലാണ്.
ചെന്നിത്തല വന്നാല്‍ സര്‍ക്കാരിന് മൃതസഞ്ജീവനിയാകുമെന്നൊന്നും കരുതുന്നില്ലെന്നും പിള്ള പറഞ്ഞു. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്ന വിഷയത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത് പഴയ കാര്യമാണെന്ന് പിള്ള കൂട്ടിച്ചേര്‍ത്തു. രാത്രിയില്‍ സമുദായ നേതാക്കളുടെ വീടുകളില്‍ നിരങ്ങുന്നവര്‍ പകല്‍ സമയങ്ങളില്‍ അവരെ തള്ളിപ്പറയുന്നത് ശരിയല്ലെന്ന് പിള്ള പറഞ്ഞു. മന്ത്രി ഗണേഷ് കുമാറിന് പാര്‍ട്ടി പിന്തുണയില്ല. ഉമ്മന്‍ചാണ്ടിയുടെ പിന്തുണയിലാണ് ഗണേഷ് മന്ത്രിസ്ഥാനത്ത് തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വനംവകുപ്പിനെതിരായ കേസുകളില്‍ സര്‍ക്കാര്‍ നിരന്തരം തോല്‍ക്കുന്ന സ്ഥിതിയുണ്ട്. ചില കേസുകളില്‍ വനംവകുപ്പ് മനപൂര്‍വം തോറ്റുകൊടുക്കുകയാണ്. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: