തിരുവനന്തപുരം: പ്രതിപക്ഷ സമരങ്ങളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം നാളെ ചേരുന്നു. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരവും മലബാറിലെ 33 വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കലുമാണ് യോഗത്തിന്റെ മുഖ്യഅജണ്ട. നാളെ രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലാണ് യോഗം. ജില്ലാസഹകരണ ബാങ്ക് തെരഞ്ഞെടുപ്പും, കാര്‍ഷിക സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പും മലബാര്‍, കൊച്ചിന്‍ദേവസ്വം ബോര്‍ഡുകളുടെ പുനസംഘടനയും യോഗം ചര്‍ച്ച ചെയ്യും.
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നേരത്തെ തന്നെ സമരത്തിന് നോട്ടീസ് നല്‍കിയതാണെങ്കിലും വിഷയം യുഡിഎഫ് ഇതുവരെ ചര്‍ച്ച ചെയ്തിരുന്നില്ല. പണിമുടക്ക് തുടരുന്ന പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ എങ്ങനെ വേണമെന്ന ആലോചന യോഗത്തിലുണ്ടാകും. പങ്കാളിത്ത പെന്‍ഷനുമായി ബന്ധപ്പെട്ട് നേരത്തെയെടുത്ത തീരുമാനത്തില്‍ ഒരു മാറ്റവും വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പെന്ഷന് ബാധ്യത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മറ്റുപോംവഴികളില്ലെന്ന് ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. പങ്കാളിത്ത പെന്ഷന് നടപ്പാക്കാന്‍ മുന്നണി യോഗം നേരത്തെ അനുമതി നല്‍കിയതുമാണ്. അതിനാല്‍, നാളത്തെ യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗത്തിലും സമരക്കാര്‍ക്ക് അനുകൂലമായ എന്തെങ്കിലും തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.
മലബാറിലെ 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ യുഡിഎഫില്‍ ചര്‍ച്ച ചെയ്തതാണെങ്കിലും അന്ന് ധനവകുപ്പിന്റെ നിലപാടനുസരിച്ച് തീരുമാനമെടുക്കാനായിരുന്നു നിര്‍ദേശം. എയ്ഡഡ് പദവി നല്‍കുന്നത് വന്ബാധ്യതയുണ്ടാക്കുമെന്ന നിലപാടിലാണ് ധനവകുപ്പെങ്കിലും മുസ്ലിംലീഗ് വിട്ടുവീഴ്ച്ചക്ക് തയാറായിട്ടില്ല. എയ്ഡഡ് പദവി നല്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനം നീട്ടി കൊണ്ടുപോകരുതെന്ന് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ലീഗ് നിലപാടെടുത്തെങ്കിലും കെ.എം.മാണിയും ആര്യാടന്മുഹമ്മദും എതിര്‍ത്തതിനെ തുടര്‍ന്ന് വീണ്ടും യുഡിഎഫിന്റെ പരിഗണനക്ക് വിടുകയായിരുന്നു. നാളത്തെ കക്ഷിനേതാക്കളുടെ യോഗത്തിലും ലീഗ് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകില്ലെന്നുറപ്പാണ്.
സിപിഎം നടത്തുന്ന ഭൂസമരവും യോഗത്തിന്റെ പരിഗണനക്ക് വരും. മിച്ചഭൂമിയില്‍ കുടില്‍കെട്ടി നടത്തുന്ന സമരം പോലീസിനെ ഉപയോഗിച്ച് നേരിടേണ്ടതില്ലെന്ന തന്ത്രപരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സമരം തുടങ്ങി പത്ത് ദിവസമായിട്ടും കാര്യമായ ഒരു ചലനവും സൃഷ്ടിക്കാനായിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എല്ലാവര്ക്കും ഭൂമി നല്കാന് തീരുമാനിച്ച് സര്‍ക്കാര്‍ ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ ഇങ്ങിനെയൊരു സമരം അനാവശ്യമാണെന്നാണ് യുഡിഎഫ് നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്. അതേസമയം, സമരക്കാരുമായി 16ന് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഭരണസമിതികളുടെ കാലാവധി പൂര്‍ത്തിയായ കൊച്ചിന്, മലബാര്‍ ദേവസ്വം ബോര്‍ഡുകളുടെ പുനസംഘടനയാണ് മറ്റൊരു വിഷയം. ഏതെല്ലാം പദവികള്‍ ആര്‍ക്കെല്ലാം നല്‍കണമെന്നത് സംബന്ധിച്ച് നാളെ തീരുമാനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: