കൊച്ചി: ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാറാടിക്കാനായി നാളെ ഏകദിന ക്രിക്കറ്റ് മാമാങ്കം. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് കൊമ്പുകോര്‍ക്കുക. പരമ്പരയിലെ രണ്ടാം മത്സരമാണ് നടക്കുന്നത്. രാജ്കോട്ടില്‍ നടന്ന ആദ്യ മത്സരം വിജയിച്ച് ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിട്ടുനില്‍ക്കുകയാണ്. അതിനാല്‍ തന്നെ തിരിച്ചുവരവിനായി ഇന്ത്യക്ക് ഇന്നത്തെ പോരാട്ടത്തില്‍ വിജയം അനിവാര്യമാണ്.
ഇന്നലെ ഇരുടീമുകളും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. ആദ്യം ഇന്ത്യന്‍ ടീമും പിന്നീട് ഇംഗ്ലണ്ട് ടീമുമാണ് പരിശീലനം നടത്തിയത്. പരിശീലനത്തിനായി സ്റ്റേഡിയത്തിലേക്കെത്തിയ ഇന്ത്യന്‍ ടീമിനെ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ വരവേറ്റത്. ധോണിയുടെ നേതൃത്വത്തില്‍ സ്റ്റേഡിയത്തിലെത്തിയ ഇന്ത്യന്‍ ടീം ഫീല്‍ഡിംഗ് മെച്ചപ്പെടുത്തുന്നതിനും ക്യാച്ച് എടുക്കുന്നതിനുമായിരുന്നു പരിശീലനത്തിന്റെ ഏറിയ സമയവും ചെലവഴിച്ചത്. കുറച്ചുനേരം ഫുട്ബോളും കളിച്ചു. പരിശീലനം ഒരുമണിവരെ നീണ്ടു.
തുടര്‍ന്ന് ഉച്ചകഴിഞ്ഞ് സ്റ്റേഡിയത്തിലെത്തിയ ഇംഗ്ലണ്ട് ടീം നെറ്റ് പ്രാക്ടീസിനാണ് ഏറിയ സമയവും ചെലവഴിച്ചത്. കുക്കും പീറ്റേഴ്സണും ബെല്ലും മോര്‍ഗനും ഉള്‍പ്പെട്ടെ ഇംഗ്ലീഷ് ബാറ്റിംഗ്നിര ഏറെനേരം ബാറ്റിംഗില്‍ പരിശീലനം നടത്തിയപ്പോള്‍ ഫിന് ഉള്‍പ്പെട്ട ബൗളിംഗ്നിര ഒരു വിക്കറ്റ് മാത്രം നിര്‍ത്തിയാണ് പരിശീലനം നടത്തിയത്.
ഇന്ന് ഇരു ടീമുകളും ബാറ്റിംഗ്, ബൗളിംഗ് പരിശീലനം നടത്തും. നെറ്റ്സില്‍ പന്തെറിയാന്‍ എസ്.ശ്രീശാന്തിനെയും രഞ്ജി താരം സന്ദീപ് വാര്യരെയും ഇന്ത്യന്‍ ടീം വിളിച്ചിട്ടുണ്ട്. കൊച്ചിയിലെ പിച്ച് മികച്ചതാണെന്ന് നായകന് എം.എസ്. ധോണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: