കൊച്ചി: ശാസ്ത്രരംഗത്തെ മികച്ച കണ്ടെത്തലുകള്‍ക്ക് സ്വദേശി ശാസ്ത്ര പ്രസ്ഥാനം ഏര്‍പ്പെടുത്തിയ ‘സ്വദേശി ഇന്നൊവേഷന് പുരസ്കാരം’ ഡോ. എ.അജയഘോഷ്, ഡോ. സി.എ.ജയപ്രകാശ് എന്നിവര്‍ക്ക് ജീവനകലയുടെ ആചാര്യന് ശ്രീശ്രീ രവിശങ്കര്‍ സമ്മാനിച്ചു. തിരുവനന്തപുരം രാജീവ്ഗാന്ധി, സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ നടന്ന സമന്വയം എന്ന പരിപാടിയിലാണ് പുരസ്കാരം നല്‍കിയത്.
തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും വിളസംരക്ഷണ വിഭാഗം തലവനുമാണ് ജയപ്രകാശ്. മരച്ചീനിയില്‍നിന്നും ജൈവ കീടനാശിനി വേര്‍തിരിച്ചെടുത്തത് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തിലാണ്. കേരള, കണ്ണൂര്‍ സര്‍വ്വകലാശാലകളിലെ റിസര്‍ച്ച് ഗൈഡ് ആണ് അദ്ദേഹം. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്നോളജിയിലെ സിഎസ്ഐആര്‍ ഔട്ട്സ്റ്റാന്റിംഗ് സയന്റിസ്റ്റ് ആണ് ഡോ. അജയഘോഷ്. സുപ്പീരിയര്‍ ലൈറ്റ് ഹാര്‍വെസ്റ്റിങ്ങ് ഉപകരണം വികസിപ്പിക്കാന്‍ സഹായിക്കുന്ന നാനോ മെറ്റീരിയലായ ഓര്ഗനൊജെല്സ് നിര്‍മ്മിക്കുന്നതിനുള്ള രീതി വികസിപ്പിച്ചെടുത്തത് ഡോ. എ.അജയഘോഷ് ആണ്.
ശാസ്ത്രസാങ്കേതിക രംഗത്തെ പ്രമുഖര്‍ ശ്രീശ്രീ രവിശങ്കറുമായി സംവദിച്ചു. 400ഓളം ശാസ്ത്രജ്ഞരും അക്കാദമിക് രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിന് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി.മാധവന് നായര്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. വി.എന്‍.രാജശേഖരന് പിള്ള, പരിസ്ഥിതി കൗണ്‍സില്‍ മുന്‍ ചെയര്മാന് ഡോ. സി.ജി.രാമചന്ദ്രന് നായര്‍, ടിബിജിആര്‍ഐ മുന്‍ ഡയറക്ടര്‍ ഡോ. പി.പുഷ്പാംഗദന്, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജി ഡയറക്ടര്‍ ഡോ. കെ.രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: