കോട്ടയം: മകരവിളക്കു തെളിക്കാനുള്ള അവകാശം മല അരയര്‍ക്കു നിഷേധിക്കുന്ന ദേവസ്വം ബോര്‍ഡ് നടപടി ആചാവിരുദ്ധവും ചരിത്രനിഷേധവുമാണെന്നും ഇത് ഹിന്ദുമത വിശ്വാസത്തിന് തന്നെ എതിരാണെന്നും മല അരയ സംയുക്തസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമുദായത്തിന് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം അംഗീകരിക്കാനാവില്ല. പ്രതീകാത്മക മകരദീപം കെടാവിളക്കായി സൂക്ഷിച്ചിരിക്കുന്ന, പതിനെട്ട് മലകളിലൊന്നായ ഉടുമ്പാറ മലയിലെ മൂഴിക്കല്‍ ശ്രീശങ്കരനാരായണ ക്ഷേത്രത്തില്‍ സമുദായ ആചാരപ്രകാരം 14 ന് വൈകുന്നേരം 6.45 ന് മകരവിളക്ക് തെളിക്കും. തല്‍സമയം മല അരയ സമുദായത്തിലെ മുഴുവന്‍ ഭവനങ്ങളിലും കര്‍പ്പൂര ദീപംതെളിച്ചു പ്രാര്‍ത്ഥന നടത്തും.
മകരവിളക്കു തെളിക്കാന്‍ അവകാശം മല അരയര്‍ക്കു തിരികെ ലഭിക്കണമെന്ന ആവശ്യത്തിന്മേല് കഴിഞ്ഞ ദിവസം സന്നിധാനത്ത് നടന്ന ചര്‍ച്ചയില്‍ മല അരയ സമുദായം ഹൈക്കോടതിയെ സമീപിക്കണമെന്നതാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. വിശ്വാസപരമായ കാര്യങ്ങള്‍ക്ക് കോടതിയെ സമീപിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് ആശ്വാസകരമല്ലെങ്കില് കൂടി സമുദായം ഈ വഴിക്കും നീക്കം നടത്തും. തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ നടത്തിവന്ന നിരാഹാര സത്യഗ്രഹം ദേവസ്വം ബോര്‍ഡ് നല്കിയ ഉറപ്പിനെ തുടര്‍ന്ന് അവസാനിപ്പിച്ചു. 14 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പൊന്നമ്പലമേട്ടിലേക്കുള്ള യാത്രയും ഉപേക്ഷിച്ചു.
14 ന് മൂഴിക്കല്‍ ശ്രീശങ്കരനാരായണ ക്ഷേത്രത്തില്‍ പൈതൃക പുനഃസ്ഥാപന സമ്മേളനം നടത്തും. സമ്മേളനത്തില്‍ കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് ടി.വി ബാബു, ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു തുടങ്ങിയ ഹൈന്ദവ-സമുദായ-സംഘടനാ നേതാക്കളും മറ്റു പ്രമുഖരും പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ഐക്യമലഅരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ സജീവ്, മല അരയ യുവജന സംഘടനാ സംസ്ഥാന പ്രസിഡന്റ് കെ.ഡി വാസുദേവന്‍, രാജന് മേനോത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: