പാക്കിസ്ഥാന്: പാക്കിസ്ഥാനിലുണ്ടായ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍, ഖൈബര്‍, പക്തുന്‍ഖാവ പ്രവിശ്യകളിലായി ആറു സ്ഫോടനങ്ങളാണുണ്ടായത്. 260 ലേറെ പേര്‍ക്ക് പരിക്കേറ്റു. പാക്കിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭീകരാക്രമണമുണ്ടായത്.
ബലൂചിസ്ഥാന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റ നഗരത്തിലുണ്ടായ സ്ഫോടനത്തില്‍ മാത്രം 69 പേര്‍ക്ക് ജീവഹാനി നേരിടുകയും 160 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെയും സുരക്ഷാസേനയും ലക്ഷ്യംവച്ചാണ് ആക്രമണം നടന്നത്. മരിച്ചവരില്‍ സമാ ടിവി ചാനലിന്റെ റിപ്പോര്‍ട്ടറും ക്യാമറാമാനും ഉള്‍പ്പെടും. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ക്വറ്റ നഗരത്തില്‍ ജനത്തിരക്കേറിയ കമ്പോളത്തിലാണ് സ്ഫോടനമുണ്ടായത്. കാറില്‍ വച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. പത്തുകാറുകളും നിരവധി മോട്ടോര്‍ബൈക്കുകളും തകര്‍ന്നു. കമ്പോളത്തിലെ കെട്ടിടങ്ങള്‍ക്കു കനത്തനാശമുണ്ടായി. ബലൂച് ദേശീയ സംഘടനകള്‍ക്കും താലിബാനും സ്വാധീനമുള്ള മേഖലയാണ് ക്വറ്റ.
സ്വാത്തിലെ മിംഗോറ പട്ടണത്തില്‍നിന്നു പത്തുകിലോമീറ്റര്‍ അകലെ തക്താബന്ഡ് റോഡിലെ ഒരു മതസ്ഥാപനത്തിന്റെ ഓഫീസിനു സമീപമുണ്ടായ സ്ഫോടനത്തിലാണ് 22 പേര് കൊല്ലപ്പെട്ടത്. 70 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ മതപ്രസംഗം നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു സ്ഫോടനമെന്നു പറയപ്പെടുന്നു. ഭീകരവാദികളുമായി ബന്ധമില്ലാത്ത തബ്്ലീഗി ജമാഅത്തിന്റെ ഓഫീസിനു സമീപമായിരുന്നു സ്ഫോടനമെന്ന് ഡോണ്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായിരുന്നുവെന്നാണ് ആദ്യം പോലീസ് പറഞ്ഞത്. എന്നാല്‍ ബോംബ് സ്ഫോടനമായിരുന്നുവെന്നു പിന്നീട് ടിവി ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതുവരെ 22 മൃതദേഹങ്ങള്‍ കിട്ടി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നു പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: