മെല്‍ബണ്‍: ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് ഉജ്ജ്വല വിജയം. 107 റണ്‍സിനാണ് ഓസീസ് ലങ്കയെ കീഴടക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി. അരങ്ങേറ്റ മത്സരം കളിച്ച ഫിലിപ്പ് ഹ്യൂഗ്സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും ക്ലിന്റ് മകായിയുടെ മികച്ച ബൗളിംഗുമാണ് ഓസീസ് വിജയം വേഗത്തിലാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്തു. 112 റണ്‍സെടുത്ത ഫിലിപ്പ് ഹ്യൂഗ്സും 89 റണ്‍സെടുത്ത ബെയ്ലിയും 60 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബ്രാഡ് ഹാഡിനും ഓസീസ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക 40 ഒാവറില്‍ 198 റണ്‍സിന് ഓള് ഔട്ടായി. 51 റണ്‍സെടുത്ത തിലകരത്നെ ദില്‍ഷനും 73 റണ്‍സെടുത്ത ചണ്ഡിമലും മാത്രമാണ് ലങ്കന്‍നിരയില്‍ മികച്ച പ്രകടനം നടത്തിയത്. എന്നാല്‍ ഓസ്ട്രേലിയക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ആരോണ്‍ ഫിന്ച്ചിനും ഉസ്മാന് കവാജയ്ക്കും തിളങ്ങാന്‍ കഴിഞ്ഞില്ല. ഹ്യൂഗ്സാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ബെയ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 15.4 ഓവറില്‍ 72 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അരങ്ങേറ്റക്കാരന്‍ ഹ്യൂഗ്സും ബെയ്ലിയും ഒത്തുചേര്‍ന്നതോടെ ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരിച്ചെത്തി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 140 റണ്‍സ് അടിച്ചുകൂട്ടി. ഒടുവില്‍ സ്കോര്‍ 212-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഇതിനിടെ ഹ്യൂഗ്സ് തകര്‍പ്പന്‍ സെഞ്ച്വറിയും സ്വന്തമാക്കി.
123 പന്തില്‍ നിന്ന് 12 ബൗണ്ടറികളോടെയാണ് ഹ്യൂഗ്സ് അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. വ്യക്തിഗത സ്കോര്‍ 112-ല്‍ എത്തിയപ്പോള്‍ മലിംഗയുടെ പന്തില്‍ ചണ്ഡിമലിന് ക്യാച്ച് നല്‍കിയാണ് ഹ്യൂഗ്സ് മടങ്ങിയത്. തുടര്‍ന്ന് ക്രീസിലെത്തിയ ഡേവിഡ് ഹസ്സിയും മികച്ച ഫോമിലായിരുന്നു. എന്നാല്‍ സ്കോര്‍ 241-ല്‍ എത്തിയപ്പോള്‍ ബെയ്ലിയും മടങ്ങി. 79 പന്തുകളില്‍ നിന്ന് 8 ബൗണ്ടറിയും ഒരു സിക്സറുമടക്കം 89 റണ്‍സെടുത്ത ബെയ്ലിയെ മാത്യൂസിന്റെ ബൗളിംഗില്‍ അജാന്ത മെന്‍ഡിസ് പിടികൂടി. 7 റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അഞ്ചാം വിക്കറ്റും ഓസ്ട്രേലിയക്ക് നഷ്ടമായി. 5 റണ്‍സെടുത്ത മാക്സ്വെല്ലിനെ കുലശേഖരയുടെ പന്തില്‍ മെന്‍ഡിസ് പിടികൂടുകയായിരുന്നു. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ വെറും 34 പന്തില്‍ നിന്ന് 6 ബൗണ്ടറിയും ഒരു സിക്സറുമടക്കം 60 റണ്‍സുമായി ഡേവിഡ് ഹസ്സിയും 10 റണ്‍സുമായി ബ്രാഡ് ഹാഡിനുമായിരുന്നു ക്രീസില്‍.
306 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ശ്രീലങ്കക്ക് ഒരുഘട്ടത്തിലും വിജയപ്രതീക്ഷ ഉയര്‍ത്താനായില്ല. 17 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ലങ്കക്ക് വേണ്ടി ദില്‍ഷനും ചണ്ഡിമലും മാത്രമാണ് അര്‍ദ്ധസെഞ്ച്വറി നേടിയത്. ഇരുവര്‍ക്കും പുറമെ 20 റണ്‍സ് നേടിയ അജാന്ത മെന്‍ഡിസും 18 റണ്‍സ് നേടിയ കുലശേഖരയുമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം പിന്നിട്ടത്. ഓസ്ട്രേലിയയുടെ കരുത്തുറ്റ പേസ് ബൗളിംഗിനെതിരെ ലങ്കന്‍ ബാറ്റിംഗ് നിര പൂര്‍ണ്ണമായും പരാജയപ്പെട്ടതാണ് അവര്‍ക്ക് കനത്ത തിരിച്ചടിയായത്. നാല് വിക്കറ്റ് വീഴ്ത്തിയ മക്കായിക്ക് പുറമെ ജോണ്സണ് രണ്ട് വിക്കറ്റും സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തി. മൂന്നുപേര്‍ ഓസീസ് താരങ്ങളുടെ ഫീല്‍ഡിംഗ് മികവിന് മുന്നില്‍ റണ്ണൗട്ടാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: