മാഡ്രിഡ്: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മിന്നുന്ന ഹാട്രിക്കിന്റെ കരുത്തില്‍ കരുത്തരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. സാന്റിയാഗോ ബര്‍ണാബുവില്‍ നടന്ന സ്പാനിഷ് കപ്പ് മത്സരത്തിന്റെ പ്രീ-ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിലാണ് റയലിന്റെ മിന്നുന്ന വിജയം. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സെല്‍റ്റ വീഗോയെയാണ് റയല്‍ തകര്‍ത്തുവിട്ടത്. ഡിസംബര്‍ 13ന് നടന്ന ആദ്യപാദത്തില്‍ റയല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെല്‍റ്റയോട് പരാജയപ്പെട്ടിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 5-2ന്റെ വിജയത്തോടെ റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു.
വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് തുടക്കം മുതല്‍ റയലിന്റെ സൂപ്പര്‍താരം പുറത്തെടുത്തത്. തുടക്കം മുതല്‍ എതിര് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയ റയല്‍ രണ്ടാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. സമി ഖദീര നല്കിയ പാസില്‍ നിന്നാണ് റയലിന്റെ ആദ്യ ഗോള്‍ പിറന്നത്. സമീര നല്കിയ പാസ് നെഞ്ചുകൊണ്ട് തടുത്തിട്ട് ഒന്ന് വട്ടം കറങ്ങിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലംകാലുകൊണ്ടുള്ള ഷോട്ട് സെല്‍റ്റ വലയില്‍ തറച്ചുകയറി. പിന്നീട് 24-ാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ച് ബോക്സിനുള്ളിലേക്ക് നല്കിയ പാസ് പോസ്റ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന റൊണാള്‍ഡോക്ക് ഒന്ന് തട്ടിക്കൊടുക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷവും റയല്‍ മെസ്യൂട്ട് ഓസിലിന്റെയും കരിം ബെന്‍സേമയുടെയും റൊണാള്‍ഡോയുടെയും നേതൃത്വത്തില്‍ എതിര് ബോക്സിലേക്ക് ഇരമ്പിയാര്‍ത്തെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇടയ്ക്ക് സെല്‍റ്റയുടെ താരങ്ങള്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം റയലിന്റെ കരുത്തുറ്റ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. ആദ്യ പകുതിയില്‍ റയല്‍ 2-0ന് മുന്നിലായിരുന്നു.
രണ്ടാം പകുതിയിലും റയലിന്റെ മുന്നേറ്റമായിരുന്നെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. ഒടുവില്‍ 88-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ തന്റെ ഹാട്രിക്ക് തികച്ചു. ഗൊണ്‍സാലോ ഹിഗ്വയിന്റെ പാസില്‍ നിന്നാണ് ഇത്തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലക്ഷ്യം കണ്ടത്. ഇതിനിടെ 77-ാം മിനിറ്റില്‍ റയലിന്റെ പ്രതിരോധനിരയിലെ കരുത്തന് സെര്‍ജിയോ റാമോസിന് മാച്ചിംഗ് ഓര്‍ഡറും ലഭിച്ചു. തൊട്ടടുത്ത മിനിറ്റില്‍ സമി ഖദീരയുടെ സുന്ദരമായ ഒരു ഗോളിലൂടെ റയല്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ വിജയിച്ച് വലന്‍സിയ, സെവിയ, സരഗോസ, മലാഗ എന്നീ ടീമുകളും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
ഒസാസുനക്കെതിരെ ആദ്യ പാദത്തില്‍ 2-0ന് വിജയിച്ച വലന്‍സിയ രണ്ടാം പാദത്തില്‍ 2-1ന്റെ വിജയം സ്വന്തമാക്കി. ഇതോടെ ഇരുപാദങ്ങളിലുമായി 4-1ന്റെ വിജയമാണ് വലന്‍സിയ സ്വന്തമാക്കിയത്. മൂന്നാം ഡിവിഷന് ടീമായ എയ്ബറിനെതിരെയായിരുന്നു മലാഗയുടെ വിജയം. ആദ്യ പാദത്തില്‍ 1-1 സമനില വഴങ്ങിയ മലാഗ രണ്ടാം പാദത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് വിജയിച്ചത്.
മയോര്‍ക്കയെ ഇരുപാദങ്ങളിലുമായി 6-2ന് പരാജയപ്പെടുത്തിയാണ് സെവിയ ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ പാദത്തില്‍ നേടിയ 5-0ന്റെ വിജയമാണ് സെവിയക്ക് തുണയായത്. രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെവിയ മയോര്‍ക്കയോട് കീഴടങ്ങി. ലവന്റെക്കെതിരെ ഇരുപാദങ്ങളിലുമായി നേടിയ 3-0ന്റെ വിജയത്തോടെയാണ് റയല്‍ സരഗോസ അവസാന എട്ടില്‍ ഇടംപിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: