ന്യൂദല്‍ഹി: കാശ്മീരിലെ പൂഞ്ചില്‍ രണ്ട്് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ യുഎന്‍ അന്വേഷണം നടത്തണമെന്ന പാക്കിസ്ഥാന്റെ നിര്‍ദേശം ഇന്ത്യ തള്ളി. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയാണ് പാക്കിസ്ഥാന്റെ നിര്‍ദേശം തള്ളിയത്.
പ്രതിരോധമന്ത്രി എ.കെ ആന്റണിയാണ് യോഗത്തില്‍ വിഷയം ഉന്നയിച്ചത്. സംഭവത്തെ അന്താരാഷ്ട്ര വല്ക്കരിക്കാന് താല്പര്യമില്ലെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച കേന്ദ്രമന്ത്രി പി. ചിദംബരം പറഞ്ഞു. യുഎന്‍ അന്വേഷണം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാശ്മീരിലെ പൂഞ്ച് ജില്ലയിലാണ് കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യന്‍ സൈനികരെ മഞ്ഞിന്റെ മറവിലെത്തിയ പാക് സൈന്യം കൊലപ്പെടുത്തിയത്. ഇതില്‍ ഒരാളുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ പങ്കില്ലെന്ന് പാക്കിസ്ഥാന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖാര് യുഎന്‍ അന്വേഷണത്തിന് വിടാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. സംഭവം അതീവ ഗൗരവമായിട്ടാണ് ഇന്ത്യ കാണുന്നതെന്നും ചിദംബരം പറഞ്ഞു. ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സൈനികരെ പാക് സൈന്യം വധിച്ചത് അന്താരാഷ്ട്രവല്ക്കരിക്കേണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ അന്വേഷണം ആവശ്യമില്ലെന്നും ചിദംബരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: