ഒടയംചാല്‍: കോടോം-ബേളൂറ്‍ ഗ്രാമപഞ്ചായത്തില്‍ ആശ്രയ പദ്ധതിയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയ കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറി സുരേഷ് ബാബു, സിഡിഎസ് പ്രസിഡണ്ട് സുശീല എന്നിവര്‍ക്കുമെതിരെ കേസെടുക്കാന്‍ കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി വിജിലന്‍സ് ഡയറക്ടറോട് ശുപാര്‍ശ ചെയ്തു. പഞ്ചായത്തിലെ ആശ്രയ ഫണ്ടില്‍ നിന്നും പതിനഞ്ച് ലക്ഷത്തി എണ്‍പതിനായിരം രൂപ സുരേഷ് ബാബു സിഡിഎസ് പ്രസിഡണ്ടിണ്റ്റെ സഹായത്തോടെ തട്ടിയെടുത്തതായി ഓഡിറ്റില്‍ പുറത്തുവന്നിരുന്നു. ഫണ്ടില്‍ നിന്നും ഓരോവര്‍ഷവും തുക ചിലവഴിക്കാതെ വ്യാജ രേഖയുണ്ടാക്കി പണം പിന്‍വലിച്ചതായാണ് ഓഡിറ്റില്‍ പറയുന്നത്. അഞ്ച് വര്‍ഷമായി നടന്നുവരുന്ന തിരിമറിയാണ് ഇപ്പോള്‍ ഓഡിറ്റിങ്ങില്‍ പുറത്തുവന്നത്. എണ്ണപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് സുരേഷ് ബാബു, ഇയാള്‍ ദീര്‍ഘകാല അവധിയില്‍ ആണ്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിണ്റ്റെ ഒടയംചാല്‍ ബ്രാഞ്ചില്‍ സുരേഷ് ബാബുവിണ്റ്റെയും സിഡിഎസ് പ്രസിഡണ്ട് സുശീലയുടെയും ജോയിണ്റ്റ് അക്കൗണ്ടില്‍ കിടന്ന പണമാണ് പിന്‍വലിച്ചത്. സംഭവം വിവാദമാവുകയും വിജിലന്‍സ് അന്വേഷണവുമായതോടെ എട്ട് ലക്ഷം രൂപ ഡിസംബര്‍ ൩൧ന് അക്കൗണ്ടില്‍ അടച്ചു. എസ്ബിടിയുടെ നീലേശ്വരം ബ്രാഞ്ചില്‍ നിന്നും എടുത്ത ഡിമാണ്റ്റ് ഡ്രാഫ്റ്റ് ഒടയംചാല്‍ ഐഒബിയില്‍ അടക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സുരേഷ് ബാബുവിനെ കാസര്‍കോട് ഭാഗത്തേക്ക് സ്ഥലം മാറ്റിയെങ്കിലും ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയും കുടുംബശ്രീ പ്രവര്‍ത്തകരായ വനിതകളെ കൊണ്ട് എണ്ണപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന് മുമ്പില്‍ സമരം ചെയ്യിച്ചും സ്ഥലം മാറ്റം റദ്ദ് ചെയ്യിച്ചത് ഈ വെട്ടിപ്പ് പുറത്ത് വരാതിരിക്കാനാണെന്ന് വൈകിയാണ് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. സുശീല സിപിഎം കാലിച്ചാനടുക്കം ലോക്കല്‍ കമ്മിറ്റി മെമ്പറും സുരേഷ് ബാബു സിപിഎം കൊടക്കാട് മേഖലയിലെ സജീവ പ്രവര്‍ത്തകനും തെരുവ് നാടക സംഘത്തിലെ നടനുമാണ്. അഞ്ച് വര്‍ഷമായി പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന വെട്ടിപ്പില്‍ പഞ്ചായത്തിലെ മറ്റു ചിലര്‍ക്കും പങ്കുള്ളതായി സംശയിക്കുന്നു. വര്‍ഷങ്ങളായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഒറ്റക്ക് ഭരിക്കുന്ന പഞ്ചായത്താണ് കോടോം – ബേളൂറ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: