പുതുവര്‍ഷത്തില്‍ എന്നെ അലട്ടിയ ആദ്യ ചരമവാര്‍ത്തയായിരുന്നു ചൊവ്വാഴ്ച കേട്ടത്. രംഗബോധമില്ലാത്ത കോമാളി എന്ന മരണത്തെപ്പറ്റിയുള്ള വിശേഷണം എത്ര അര്‍ത്ഥവത്താണെന്ന് ഒരിക്കല്‍ കൂടി അനുഭവപ്പെട്ടു ആ വിവരം അറിഞ്ഞപ്പോള്‍. ചരമവാര്‍ത്തകള്‍ ‘ആഘോഷിക്കുക’യെന്നത് അടുത്തകാലത്തായി മാധ്യമങ്ങളുടെ ശൈലിയും ശീലവുമാണ്. മരണപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ പലരെയും അങ്ങനെ ആഘോഷിച്ച് മഹാത്മാക്കളാക്കി മാറ്റാറുണ്ട്. മഹാന്മാരായിരുന്ന പലരെയും അവര്‍ മാധ്യമങ്ങളിലെ വരികളില്‍ ഒരിക്കല്‍പോലും പ്രത്യക്ഷപ്പെടാനാഗ്രഹിക്കാതെ ബോധപൂര്‍വം മറഞ്ഞുനിന്നതിനാലും അതുകൊണ്ട് തന്നെ അത്തരക്കാരെ കുറിച്ചുള്ള അജ്ഞതയാലും വാര്‍ത്താമാധ്യമങ്ങളില്‍ വാഴ്ത്തപ്പെടാതെ വിട പറയുന്നത്. മിക്കപ്പോഴും അവരുടെ വേര്പാടിനെപ്പറ്റിയുള്ള കുറിപ്പുകള്‍ ചരമപ്പേജില്‍ ഒരൊറ്റ കോളത്തില്‍ ഒതുങ്ങും. വെള്ളിവെളിച്ചത്തില്‍നിന്ന് എന്നെന്നും അകന്നു നിന്നിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ ശ്രീകാന്ത് ജോഷി. സാധാരാണക്കാര്‍ക്കിടയില്‍ അസാധാരണമായ പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അതേയവസരത്തില്‍ അസാധാരണ വ്യക്തികള്‍ക്കിടയില്‍ സാധാരണക്കാരനായി അദ്ദേഹം ജീവിച്ചു. ഒരു വലിയ വാര്‍ത്താശൃംഖലയുടെ സംഘാടകനായിരുന്നിട്ടു കൂടി വാര്‍ത്താമാധ്യമങ്ങള്‍ക്ക് അദ്ദേഹത്തിന്റേത് ഒരു സാധാരണക്കാരന്റെ ചരമവാര്‍ത്ത മാത്രമായി.
ആര്‍എസ്എസിന്റെ പ്രചാരകന് ആവാനായി ശ്രീകാന്ത് ജോഷി തന്റെ ചെറുപ്പത്തില്‍ ഉദ്യോഗം വലിച്ചെറിഞ്ഞു. അന്ത്യശ്വാസംവരെ അദ്ദേഹം ആര്‍എസ്എസ് പ്രചാരകനായി തുടര്‍ന്നു. വളരെ വ്യത്യസ്തമായ മേഖലയിലാണ് പ്രവര്‍ത്തനത്തിനായി അന്ത്യദശകത്തില്‍ അദ്ദേഹം നിയോഗിക്കപ്പെട്ടത്. പ്രവര്‍ത്തനം നിലച്ച് കാല് നൂറ്റാണ്ടിലേറെ പിന്നിട്ട ഒരു വാര്‍ത്താ ഏജന്‍സി പുനുരുദ്ധരിക്കുകയെന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒരു ഭഗീരഥ പ്രയത്നമാണ്. വാര്ത്തയെപ്പറ്റിയോ വാര്‍ത്താ മാധ്യമങ്ങളെപ്പറ്റിയോ വലിയ അറിവൊന്നും അദ്ദേഹത്തിന് ആ ദൗത്യം ഏറ്റെടുക്കുമ്പോള്‍ ഉണ്ടായിരുന്നില്ല. ഒരു പക്ഷെ ആര്‍എസ്എസിന്റെ പ്രചാര്‍ പ്രമുഖ് എന്ന നിലയില്‍ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമായി ഇടപഴകുന്ന ചുമതല കുറെക്കാലം വഹിച്ചിരുന്നുവെന്നത് മാത്രമാവാം ശ്രീകാന്ത് ജോഷിയുടെ മാധ്യമ പശ്ചാത്തലം. അക്കാലത്ത് ആര്‍എസ്എസിനുവേണ്ടി വാര്‍ത്താമാധ്യമങ്ങളില്‍ ഇടപെടുകയെന്നതോ മാധ്യമപ്രവര്‍ത്തകരുമായി ഇടപഴകുകയെന്നതോ ഇന്നത്തെപ്പോലെ അത്ര ആവശ്യവുമായിരുന്നിരിക്കില്ല. എങ്കിലും ഒരു വാര്‍ത്ത ഏജന്‍സി പുനരുദ്ധരിക്കുക യെന്ന സങ്കീര്‍ണ ദൗത്യം അദ്ദേഹം ആത്മവിശ്വാസത്തോടെ ഏറ്റെടുത്തു. ആത്മാര്‍ത്ഥമായ ശ്രമത്തിലൂടെ നിശ്ചിത സമയത്ത് ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ‘ഹിന്ദുസ്ഥാന്‍ സമാചാറി’നെ വാര്‍ത്താ സമാഹരണ-വിതരണ രംഗത്ത് ഒരു സജീവ സാന്നിദ്ധ്യമാക്കിയ ശേഷമാണ് ശ്രീകാന്ത് ജോഷി വേര്‍പിരിഞ്ഞത്.
ഒരു ചെറിയ പത്രസ്ഥാപനത്തിന്റെ നടത്തിപ്പുപോലും വലിയ വെല്ലുവിളിയായിത്തീര്‍ന്നിട്ടുണ്ട് വര്‍ത്തമാനകാലത്ത്. അതിലേറെ എത്രയോ വലിയ വെല്ലുവിളിയാണ് ഒരു വാര്‍ത്താ ഏജന്‍സിയുടെ നടത്തിപ്പ്. പാലാഴിയുടെ അഗാധതയിലാണ്ട് പോയ മന്ഥര പര്‍വതത്തെ പൊക്കിയെടുത്ത കൂര്മ്മാവതാരത്തെപ്പോലെ പ്രവര്ത്തനനഷ്ടത്തിലൂടെയും പ്രവര്ത്തനമില്ലായ്മയിലൂടെയും തകര്‍ന്ന് താഴ്ന്നുപോയ വാര്‍ത്താവിതരണ ശൃംഖലയെ പുനരുജ്ജീവിപ്പിച്ച് പൊക്കിയെടുക്കുകയായിരുന്നു ശ്രീകാന്ത് ജോഷി. ബഹുഭൂരിപക്ഷം ഇന്ത്യന്‍ മാധ്യമങ്ങളും ഉപഭോക്താക്കളായുള്ള പിടിഐയും യുഎന്ഐയുംവരെ പിടിച്ചുനില്ക്കാന് പാട് പെടുന്നതിനിടയിലാണ് പ്രാദേശികഭാഷകളില്‍ മാത്രം പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിട്ടുള്ള ‘ഹിന്ദുസ്ഥാന്‍ സമാചാര്‍’ പുനരാരംഭിക്കുന്നത്. അത്യധികം പരിമിതികള്‍ നിറഞ്ഞതും അതിസങ്കീര്‍ണവുമാണ് ആ വാര്‍ത്താ ഏജന്‍സിയുടെ പ്രവര്‍ത്തനം. എന്നിട്ടും പതറാതെ, തെല്ലും തളരാതെ, ശ്രീകാന്ത് ജോഷി അമരത്തിരുന്ന് സമര്‍ത്ഥമായി തുഴഞ്ഞ് ആ മാധ്യമ നൗകയെ കാറും കോളും നിറഞ്ഞ വ്യവസായാന്തരീക്ഷത്തില്‍ മുന്നോട്ട് തന്നെ നയിച്ചു. പക്ഷെ ഇനി അമരത്ത് അദ്ദേഹമില്ല. തുഴയാന്‍ ആ കൈകളില്ല.
അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകരില്‍ വ്യക്തിപരമായി എനിക്ക് നിരന്തര സമ്പര്‍ക്കമുണ്ടായിരുന്ന അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു ശ്രീകാന്ത് ജോഷി. അങ്ങനെ നിരന്തര സമ്പര്‍ക്കം നിലനിര്‍ത്തിക്കൊണ്ടുപോവാന്‍ കാരണം അദ്ദേഹത്തിന്റെ സവിശേഷ വ്യക്തിത്വവും സ്നേഹവാത്സല്യവും ആയിരുന്നു. എപ്പോള്‍ കേരളത്തിലെത്തുമ്പോഴും തമ്മില്‍ കാണണമെന്ന് മുന്‍കൂട്ടി ആവശ്യപ്പെടുകയും കാണുകയുംചെയ്യുകയെന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. പത്രങ്ങളെപ്പറ്റിയും പത്രപ്രവര്ത്തകരെപ്പറ്റിയും മാത്രമാണ് ഞങ്ങള്‍ സംസാരിച്ചിരുന്നത്. അദ്ദേഹം ഹിന്ദിയിലും ഞാന്‍ ഇംഗ്ലീഷിലുമാണ് സംസാരിച്ചിരുന്നതെന്നതാണ് രസകരം. ‘ഹിന്ദുസ്ഥാന്‍ സമാചാറി’ന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും അതില്‍ എന്നെയും ‘ജന്മഭൂമി’യേയും പങ്കാളിയാക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. കേരള വാര്‍ത്തകള്‍ ‘ജന്മഭൂമി’ ഹിന്ദുസ്ഥാന്‍ സമാചാറുമായും ദേശീയവാര്‍ത്തകള്‍ ‘ഹിന്ദുസ്ഥാന്‍ സമാചാര്‍’ ‘ജന്മഭൂമി’യുമായും പങ്ക് വെയ്ക്കുന്ന ഒരു പരസ്പ്പര വിനിമയ സംവിധാനത്തെക്കുറിച്ചും ഒരു ‘ന്യൂസ് പൂളി’നെപ്പറ്റിയും അദ്ദേഹം വിഭാവനം ചെയ്തിരുന്നു. ഇംഗ്ലീഷില്‍ ‘ഹിന്ദുസ്ഥാന്‍ സമാചാറി’ന്റേതായ ഒരു ‘ഫീച്ചര്‍ സര്‍വീസ്’ ആരംഭിക്കുന്നതിന് അദ്ദേഹം എന്റെ സഹായം തേടിയിരുന്നു. അദ്ദേഹത്തിന്റേയും എന്റേയും സമയക്കുറവും സാവകാശമില്ലായ്മയും മൂലം അദ്ദേഹത്തിന്റെ ആ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാതെ പോയി.
ഇന്ന് ‘ഹിന്ദുസ്ഥാന്‍ സമാചാര്‍’ എന്ന് കേള്‍ക്കുമ്പോള്‍ ശ്രീകാന്ത് ജോഷിയെ ഓര്‍ക്കുന്നതുപോലെയാണ്, കാല്‍നൂറ്റാണ്ടിലേറെ മുമ്പ് ആ വാര്‍ത്താ ഏജന്‍സിയെപ്പറ്റി പറയുമ്പോള്‍ തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകര്‍ ശര്‍മ്മാജി എന്ന് ആദരവോടെ, അതിലേറെ സ്നേഹപൂര്‍വം വിളിച്ചിരുന്ന വി.കൃഷ്ണശര്‍മ്മയെ ഓര്‍ത്തിരുന്നത്. അക്കാലത്ത് പത്രക്കാര്‍ക്കിടയിലെ ആര്‍എസ്എസുകാരനും ആര്എസ്എസുകാര്ക്കിടയിലെ പത്രക്കാരനും ശര്‍മ്മാജി മാത്രമായിരുന്നു. ഞാന്‍ മാത്രമല്ല കേരളത്തിലെ പല പത്രപ്രവര്‍ത്തകരും ശര്മ്മാജിയിലൂടെയാണ് ‘ഹിന്ദുസ്ഥാന്‍ സമാചാറി’നെ അറിയുന്നത്. ഒരു ‘വണ്മാന് ബ്യൂറോ’ ആയിരുന്നു കേരളത്തില്‍ ശര്‍മ്മാജിയുടെ കാലത്ത് ‘ഹിന്ദുസ്ഥാന്‍ സമാചാറി’ന് ഉണ്ടായിരുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ‘പ്രസ് മെമ്പര്‍ഷിപ്പ്’ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ അക്കാലത്ത് അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നാല് വാര്‍ത്താ ഏജന്‍സികളെ സമന്വയിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു പുതിയ വാര്‍ത്താ ഏജന്‍സിക്ക് രൂപം നല്കി. അങ്ങനെ പിടിഐയും യുഎന്‍ഐയും ‘ഹിന്ദുസ്ഥാന്‍ സമാചാറും’ ‘സമാചാര്‍ ഭാരതി’യും ഒന്നായി ‘സമാചാര്‍’ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ദിരാഗാന്ധിക്ക് രണ്ടായിരുന്നു ഉദ്ദേശ്യം. സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന വാര്‍ത്താ ഏജന്‍സികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുകയെന്നതും കോണ്‍ഗ്രസുകാര്‍ നയിച്ചിരുന്ന ‘സമാചാര്‍ ഭാരതി’യെ സര്ക്കാരീകരണത്തിലൂടെ സംരക്ഷിക്കുകയെന്നതും. വിവിധ വാര്‍ത്താ ഏജന്‍സികളിലെ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ ‘സമാചാര്‍’ നിലവില്‍ വന്നതോടെ വളരെ മെച്ചപ്പെട്ടു. പക്ഷെ വാര്‍ത്താ ഏജന്‍സി പത്രങ്ങള്‍ക്ക് നല്‍കിവന്ന മിക്ക വാര്‍ത്തകള്‍ക്കും വാര്‍ത്താമൂല്യം ഇല്ലാതെയായി. അടുത്തകാലത്ത് അന്തരിച്ച ‘ഹിന്ദു’ പത്രാധിപര്‍ ജി.കസ്തൂരി ആയിരുന്നു അടിയന്തരാവസ്ഥക്കാലത്ത് ‘സമാചാറി’ന്റെ തലവന്‍. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനതാപാര്‍ട്ടി സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും അടിയന്തരാവസ്ഥ പിന്‍വലിക്കുകയും ചെയ്തതോടെ മൂഷികസ്ത്രീകള് വീണ്ടും മൂഷിക സ്ത്രീകളായി. ‘സമാചാര്‍’ പഴയതുപോലെ വീണ്ടും നാല് സ്വതന്ത്ര വാര്‍ത്താ ഏജന്‍സികളായി വിഭജിക്കപ്പെട്ടു. അപ്പോഴേക്കും ഹിന്ദി വാര്‍ത്താ ഏജന്‍സിയായ ‘സമാചാര്‍ ഭാരതി’യുടേയും ഹിന്ദി, ഉര്‍ദു, ഗുജറാത്തി, ഒറിയ, മലയാളം എന്നീ ഭാഷകളില്‍ വാര്‍ത്തകള്‍ നല്കിവന്നിരുന്ന ‘ഹിന്ദുസ്ഥാന്‍ സമാചാറി’ന്റേയും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവാനാവാതെയായി. ഇംഗ്ലീഷ് വാര്‍ത്ത ഏജന്‍സികളായ പിടിഐയും യുഎന്‍ഐയും പക്ഷെ പിടിച്ചുനിന്നു.
ഇരുപത്തഞ്ചിലേറെ വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘ഹിന്ദുസ്ഥാന്‍ സമാചാറി’ന് ശ്രീകാന്ത് ജോഷി പുനര്ജന്മം നല്‍കിയത്. ഏതാണ്ട് സ്വതന്ത്ര ഇന്ത്യയോളം പഴക്കമുണ്ട് പ്രാദേശിക ഭാഷകളില്‍ വാര്‍ത്തകള്‍ വിതരണം ചെയ്തുവരുന്ന ‘ഹിന്ദുസ്ഥാന്‍ സമാചാര്‍’ എന്ന പരീക്ഷണത്തിന്. ദേവനാഗരി ലിപിയിലെ ലോകത്തെ ആദ്യത്തെ ടെലിപ്രിന്റര്‍ സര്‍വീസ് ‘ഹിന്ദുസ്ഥാന്‍ സമാചാറി’ന്റേതാണ്. പ്രഥമ രാഷ്ട്രപതി രാജേന്ദ്രപ്രസാദാണ് അത് ഉദ്ഘാടനം ചെയ്തത്.
വാര്‍ത്താവിതരണ രംഗത്ത് കുത്തകകള്‍ക്കെതിരെ മത്സരിക്കുന്ന സഹകരണമേഖലയിലെ ആദ്യത്തേതും ഒരുപക്ഷെ അവസാനത്തേതുമായ സംരംഭം കൂടി ആയിരുന്നു എസ്.എസ്.ആപ്തേയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യാനന്തരം പരീക്ഷിക്കപ്പെട്ടത്. ജീവനക്കാരുടെ സഹകരണ സംഘം എന്ന ആശയം പില്ക്കാലത്ത് പലരും പല രംഗങ്ങളിലും പകര്‍ത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകളും വിഭിന്ന പത്രങ്ങളും മാത്രമല്ല നേപ്പാള്‍ റേഡിയോയും ‘ഹിന്ദുസ്ഥാന്‍ സമാചാറി’ന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.
അടിയന്തരാവസ്ഥയെ തുടര്‍ന്ന് ‘ഹിന്ദുസ്ഥാന്‍ സമാചാറി’ ന്റെ പ്രവര്‍ത്തനം നിലച്ചതോടെ പ്രാദേശിക വാര്‍ത്ത ഏജന്‍സികളുടേയും കാലം കഴിഞ്ഞുവെന്ന് പൊതുവെ കരുതി. പിന്നെ ആ രംഗത്ത് രണ്ടര പതിറ്റാണ്ടിലേറെക്കാലം ഒരു ശൂന്യതയായിരുന്നു. ആകെ അവശേഷിച്ചത് പിടിഐയുടെ ‘ഭാഷ’യും യുഎന്‍ഐയുടെ ‘വാര്‍ത്ത’യും മാത്രം. അവ രണ്ടും ഇംഗ്ലീഷിലുള്ള വാര്‍ത്തകളുടെ പരിഭാഷ നല്‍കുക മാത്രമായിരുന്നു ചെയ്തിരുന്നത്. അവയ്ക്ക് തനിമയില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് ‘ഹിന്ദുസ്ഥാന്‍ സമാചാറി’ന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ശ്രീകാന്ത് ജോഷി നിയുക്തനായത്. അതിന് മുമ്പെ ‘വിശ്വ സംവാദ കേന്ദ്രം’ എന്ന പേരില്‍ സംഘപരിവാറിന്റെ വാര്‍ത്താക്കുറിപ്പുകള്‍ നല്‍കാനായി പ്രവര്‍ത്തിച്ചുവന്നിരുന്ന സംവിധാനത്തിന്റെ സംഘാടകന്‍ കൂടി ആയിരുന്നു ശ്രീകാന്ത് ജോഷി. ആര്‍എസ്എസിന്റെ പ്രചാര്‍ പ്രമുഖും പ്രചാരക് പ്രമുഖും ആയിരുന്നു ഈ മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്.
വാര്‍ത്തയെ കുറിച്ചോ പത്രമാധ്യമങ്ങളെ കുറിച്ചോ ഒരു സാധാരണക്കാരന്റെ അറിവ് മാത്രം ഉള്ളപ്പോഴാണ് അദ്ദേഹം പുതിയ പ്രവര്‍ത്തനമേഖലയില്‍ കാല് കുത്തുന്നത്. പക്ഷെ ഏതാനും നാളുകള്‍ക്കുള്ളില്‍ അസാമാന്യമായ വാര്‍ത്താവബോധവും വ്യക്തമായ വീക്ഷണവും സ്വന്തമാക്കിയ അസാധാരണക്കാരനായി അദ്ദേഹം. വാര്‍ത്താ രംഗത്തെ പുതിയ പ്രവണതകളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതില്‍ അതീവ തല്പ്പരനായിരുന്നു അദ്ദേഹം. കേരളത്തില്‍ അദ്ദേഹമെത്തിയാലുടന് എന്റെ സെല്‍ഫോണില്‍ ശ്രീകാന്ത് ജോഷിജി എന്ന അക്ഷരങ്ങള്‍ മണിമുഴക്കത്തോടെ വെട്ടിത്തിളങ്ങുമായിരുന്നു. ഇനി ഒരിക്കലും. അതുണ്ടാവില്ലല്ലൊ എന്നറിയുമ്പോഴാണ് മരണം ക്രൂരനായ ഒരു കോമാളിയാണെന്ന് തോന്നിപ്പോവുന്നത്.
** ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: