ന്യൂദല്‍ഹി: ടുജി സ്പെക്ട്രം രണ്ടാംവട്ട ലേലം മാര്‍ച്ചില്‍ ആരംഭിക്കും. ടെലികോം മന്ത്രി കപില്‍ സിബലാണ് ഇക്കാര്യം അറിയിച്ചത്. സിഡിഎംഎ അടിസ്ഥാന വിലയില്‍ കുറവ് വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. സിഡിഎംഎ എയര്‍വേവ് അടിസ്ഥാന വിലയില്‍ 50 ശതമാനം വരെ കുറവ് വരുത്തണമെന്ന് മന്ത്രിസഭാ സമിതി ശുപാര്‍ശ ചെയ്തിരുന്നു. നവംബറിലാണ് സിഡിഎംഎ ലേലം നടന്നത്. സ്പെക്ട്രം അഴിമതിയെ തുടര്‍ന്ന് നിരവധി മൊബെയില്‍ ഫോണ്‍ സേവന ദാതാക്കളുടെ പെര്‍മിറ്റ് സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് വീണ്ടും ലേലം നടത്തിയത്. എന്നാല്‍ സിഡിഎംഎ ലേലത്തില്‍ ആരും പങ്കെടുത്തിരുന്നില്ല.
800 മെഗാഹെഡ്സ് ബാന്‍ഡിനായുള്ള ലേലം എല്ലാ ടെലികോം സര്‍ക്കിളുകളിലും നടത്തുമെന്നും കബില്‍ സിബല്‍ പറഞ്ഞു. മാര്‍ച്ച് 11 നാണ് ലേലം ആരംഭിക്കുക. ടുജി സ്പെക്ട്രം അഴിമതി ആരോപണത്തെ തുടര്‍ന്ന് 122 ലൈസന്‍സുകളാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ സുപ്രീം കോടതി റദ്ദാക്കിയത്. സിസൈറ്റ്മ ശ്യാമ ടെലിസര്‍വീസസിന്റെ 21 ടെലികോം സര്‍ക്കിളുകളിലേയും ടാറ്റ ടെലിസര്‍വീസസിന്റെ മൂന്ന് സര്‍ക്കിളുകളിലേയും സിഡിഎംഎ ലൈസന്‍സുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ഈ മാസം 18 നാണ് ഈ കമ്പനികളുടെ ലൈസന്‍സ് കാലാവധി അവസാനിക്കുക. ഈ സര്‍ക്കിളുകളില്‍ പ്രവര്‍ത്തനം തുടരുന്നതിന് കമ്പനികള്‍ക്ക് അടുത്ത ലേലത്തില്‍ വിജയിക്കേണ്ടതുണ്ട്. എന്നാല്‍ ഉയര്‍ന്ന കരുതല്‍ വില കാരണം ഈ രണ്ട് കമ്പനികളും ലേലത്തില്‍ പങ്കെടുക്കുന്നില്ല.
ജമ്മു-കാശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, അസം എന്നിവിടങ്ങളിലെ സിഡിഎംഎ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ടാറ്റ ടെലിസര്‍വീസസ് അധികൃതര്‍ വ്യക്തമാക്കി. നവംബറില്‍ നടത്തിയ സ്പെക്ട്രം ലേലത്തിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് 9,407 കോടി രൂപയാണ് ലഭിച്ചത്. 28,000 കോടി രൂപ ലേലത്തിലൂടെ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഉയര്‍ന്ന കരുതല്‍ വില കാരണം ഇത് സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: