എല്ലാവരും കൊണ്ടുപിടിച്ച ചര്‍ച്ചയിലാണ്. എത്ര കടുത്ത ശിക്ഷ നല്‍കണം, പുതിയ നിയമങ്ങള്‍ ഏതൊക്കെ നിര്‍മിക്കണം, മറ്റു രാജ്യങ്ങളുടെ നിയമങ്ങള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ തലങ്ങും വിലങ്ങും ചര്‍ച്ച ചെയ്യുന്നു.
ഭാരതത്തില്‍ നിയമങ്ങളുടെ കുറവുകൊണ്ടാണോ അന്യായങ്ങളും അഴിമതിയും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നത്? അഴിമതി ഒരു കുറ്റകൃത്യമെന്ന നിലയ്ക്ക് നേരിടാന്‍ പോലീസും പിന്നീട് വിജിലന്‍സും അതിനപ്പുറം അഴിമതി വിരുദ്ധ വിഭാഗവും (ആന്റി കറപ്ഷന്‍ ബ്യൂറോാംക്കെ വന്നിട്ടും എന്തേ അഴിമതി അവസാനിക്കുന്നില്ല? എല്ലാ നിയമങ്ങളും വ്യവസ്ഥകളും ഉണ്ടായിട്ടും ഭാരതത്തിന്റെ പ്രഥമ പൗരനായി തെരഞ്ഞെടുക്കപ്പെടുന്നു, ഇന്ത്യന്‍ പ്രസിഡന്റു പദം അലങ്കരിക്കുന്നവര്‍ വരെ അഴിമതിക്കാരിയായി മാറി? മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ കുറ്റവാളിയായിരുന്നു എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? അവരെ നിയമിച്ചവര്‍ക്കും നിര്‍ദ്ദേശിച്ചവര്‍ക്കും ജനങ്ങള്‍ക്കും അതറിയാമായിരുന്നു. എന്നിട്ടും ഒരു അഴിമതിക്കാരി ഇന്ത്യന്‍ പ്രസിഡന്റായി.
പാര്‍ലമെന്റില്‍ എത്രയോ കുറ്റവാളികള്‍, പോലീസിലും സിവില്‍ സര്‍വീസിലും കുറ്റവാളികളും ഗുണ്ടകളും വരെ. രാജ്യത്തെ വഞ്ചിച്ചവരും അധോലോകബന്ധമുള്ളവരും ഒക്കെ അധികാരത്തിന്റെയും സമ്പത്തിന്റെയും ഹുങ്കില്‍ നിയമനിര്‍മാണ സഭകളില്‍ അംഗങ്ങളാകുന്നു. അത്തരമൊരു സാഹചര്യത്തില്‍ എത്ര കടുത്ത നിയമം ഉണ്ടാക്കിയാലും കേമന്മാര് രക്ഷപ്പെടും.
അധികാരം കയ്യിലുള്ളവര്‍ക്ക് മൂല്യബോധവും സാമൂഹ്യ പ്രതിബദ്ധതയും ഇല്ലെങ്കില്‍ ഒരു നിയമവും ഫലപ്രദമായി നടപ്പാക്കില്ല.
ആരും അടിസ്ഥാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന പരാതിയാണ് ചാനലുകളില്‍. അടിസ്ഥാനപ്രശ്നങ്ങള്‍ എന്താണ്? നിയമനിര്‍മാണം മാത്രമാണോ? അതുണ്ടായാല്‍ എല്ലാം ഭദ്രമായോ? ഉള്ള നിയമം തന്നെ ഫലപ്രദമായി നടപ്പാക്കാന്‍ തയ്യാറല്ലാത്തവര്‍ അധികാരം കയ്യാളുമ്പോള്‍ നിയമനിര്മാണത്തിനെന്തു പ്രസക്തി? എത്രയോ ഉദാഹരണങ്ങള്‍-അഭയ-ഐസ്ക്രീം പാര്‍ലര്‍ കേസുകള്‍ എവിടെ? എത്രയോ വര്‍ഷങ്ങളായി. വന്‍സ്രാവുകള്‍ ഉള്ള ഒരു കേസും ഇന്നെവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഭരണാധികാരികള്‍ തന്നെ പീഡനക്കാരും അഴിമതിക്കാരും സാമൂഹ്യദ്രോഹികളും പലപ്പോഴും രാജ്യദ്രോഹികളുമായി മാറുമ്പോള്‍ നിയമം അപ്രസക്തമാണ്.
മാത്രമല്ല, ഇത്രയും ഭീഷണമായ ഒരു സാഹചര്യം നിലനില്‍ക്കുമ്പോഴും അതൊന്നും കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് മുഖ്യ വിഷയമല്ല. ജയിലില്‍ കിടക്കുന്ന തീവ്രവാദക്കേസ് പ്രതിമകളെ പുറത്തിറക്കാനുള്ള യത്നത്തിലാണവര്‍. രാജ്യദ്രോഹികളെയും സ്ത്രീപീഡനക്കാരെയും സംരക്ഷിക്കുന്നതിനാണ് അവര്‍ യോജിക്കുക. എങ്ങനെയെങ്കിലും അധികാരം നിലനിന്നാല്‍ മതി. ഈ സാഹചര്യത്തില്‍ സ്ത്രീ സുരക്ഷ ഒരു ഗൗരവതരമായ വിഷയമല്ല കേരളത്തില്‍.
മറ്റൊന്ന്, സ്ത്രീ സ്വാതന്ത്ര്യത്തിന്റേയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന അരാജകത്വത്തോളം പോരുന്ന അവകാശവാദവും സ്ത്രീ സുരക്ഷയെ തകരാറിലാക്കുന്നില്ലെ. സ്ത്രീ സ്വാതന്ത്ര്യമെന്നാല്‍ കുടുംബ സങ്കല്‍പ്പത്തിന്റെ ചട്ടക്കൂട് തകര്‍ക്കലാണെന്നും വിവാഹം കഴിക്കാതിരിക്കലാണെന്നും പ്രസവിക്കാതിരിക്കലാണെന്നും പഠിപ്പിക്കുന്നു. ഫ്രീ സെക്സും പ്രീമാറിറ്റല് സെക്സും നിയമ സംരക്ഷണം തേടുന്നു. വ്യഭിചാരം ലൈസന്‍സുള്ള വ്യാപാരമാക്കുന്നതിനെക്കുറിച്ച് വന്‍ ചര്‍ച്ചകള്‍ക്കുള്ള വിഷയമാകുന്നു. മദ്യവും മറ്റു ലഹരി വസ്തുക്കളും കഴിച്ച് പാതിരാവില്‍ ഹോട്ടലിലും പെരുവഴിയിലും ആണും പെണ്ണും കുത്താടുന്നതും പൗരസ്വാതന്ത്ര്യമായി വ്യാഖ്യാനിക്കപ്പെടുന്നു. കുടുംബമെന്നത് സ്ത്രീസ്വാതന്ത്ര്യത്തെ തകര്‍ക്കാനുള്ള പദ്ധതിയാണെന്ന് പഠിപ്പിക്കുന്നു. സ്ത്രീയെന്നാല്‍ ലൈംഗിക ഉപകരണം മാത്രമെന്ന് ‘വിശ്വാസം’ കൊണ്ടു നടക്കുന്ന വേറൊരു കൂട്ടര് സ്ത്രീശരീരം കണ്ടാല്‍ത്തന്നെ മേറ്റ്ല്ലാ ബന്ധങ്ങളും മറക്കുമെന്നും പറഞ്ഞ് നിയമം നിര്‍മിക്കുന്ന ചില മതവിശ്വാസികള്‍.
ഇതെല്ലാം ചേരുമ്പോള്‍ സ്ത്രീ സ്വതന്ത്രയായോ? സുരക്ഷ ഉറപ്പായോ?
ഏതാനും മാസംമുമ്പ് തീവണ്ടിയില്‍ കോംഗ്കണ്‍ വഴി വടക്കോട്ട് യാത്ര ചെയ്യുമ്പോള്‍ കണ്ടത് ഇത്തരം ചിന്താഗതികള്‍ നമ്മുടെ പുത്തന്‍തലമുറയെ എവിടെ കൊണ്ടെത്തിച്ചു എന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു. രാത്രി പതിനൊന്നുമണിക്കുശേഷം നിര്‍ത്തിയ ഏതോ സ്റ്റേഷനില്‍നിന്ന് ഒരുപറ്റം കൗമാര ശബ്ദകോലാഹലത്തോടെ വണ്ടിയില്‍ കയറി. ഒച്ചയും വിളിയുമായി, മറ്റു യാത്രക്കാര്‍ ഉറങ്ങുന്നുണ്ടെന്ന കാര്യം പോലും പരിഗണിക്കാതെ, ഭക്ഷണം കഴിച്ച് ഒരുമണിയോടെ കിടക്കാന്‍ തയ്യാറായി. ഒഴിവുണ്ടായിരുന്ന ഓരോ ബര്‍ത്തിലും ഓരോ ആണ്‍കുട്ടിയും പെണ്‍കുട്ടിയും വീതം ശയിച്ചു. ഏകദേശം ഇരുപതോളം കുട്ടികള്‍! പതിനാറിനും ഇരുപതിനും ഇടയില്‍ പ്രായംതോന്നിച്ചവര്. ഏതെങ്കിലും അച്ഛനും അമ്മയും ‘വളര്‍ത്തി’യവര്‍. എന്തു വിലയാണ് ഈ കുട്ടികള്‍ ജീവിതത്തിന് കല്‍പ്പിക്കുന്നത്? ആരാണ് ഇവരെ ഇങ്ങനെ ചിന്തിപ്പിച്ചത്? ഒറ്റപ്പെട്ട ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കാര്യമല്ല. തീവണ്ടിയിലെ ഉദ്യോഗസ്ഥന്മാരും ഇതിന് കൂട്ടുനില്ക്കാറുണ്ടായിരിക്കണം. കാരണം ടിക്കറ്റു പരിശോധകനെയോ പോലീസുകാരെയോ ആ ഭാഗത്തേക്ക് കണ്ടതേയില്ല. മാതാപിതാക്കള്‍ക്കില്ലാത്ത താല്‍പ്പര്യം തങ്ങള്‍ എന്തിന് കാണിക്കണമെന്നായിരിക്കും അവര്‍ ചിന്തിച്ചിട്ടുണ്ടാവുക. കൂട്ടുനിന്നാല്‍ പണവും സമ്പാദിക്കാം. മിക്ക വന്‍നഗരങ്ങളിലും ഈ കാഴ്ച ആര്‍ക്കും കാണാം.
സാംസ്ക്കാരിക മൂല്യങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ക്കും മേലെ വ്യക്തിസ്വാതന്ത്ര്യത്തിനും പ്രാധാന്യം കല്‍പ്പിക്കുന്ന ഒരു സമൂഹം ഈ വഴിയേതന്നെ പോകും. മൂല്യങ്ങളും ബന്ധങ്ങളും വേലിക്കെട്ടുകളാണെന്നും അത് പൊളിക്കലാണ് വിമോചനമെന്നും പരിഷ്ക്കാരമെന്നും വിശ്വസിക്കുന്ന ഒരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു. ഈ ചിന്താഗതിയെക്കൊഴുപ്പിക്കാന് മദ്യവും.
ജനങ്ങളെ മദ്യം കുടിപ്പിച്ച് ബോധംകെടുത്തുന്ന സര്‍ക്കാര്‍ തന്നെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു എന്നു വിലപിക്കുന്നതിലെ വിഡ്ഢിത്തം ആര്‍ക്കെങ്കിലും മനസ്സിലാകുന്നുണ്ടോ? ആഘോഷമെന്നാല്‍ ആര്‍ഭാടമെന്നും മദ്യസല്ക്കാരമെന്നും വിശ്വസിക്കുന്ന മാതാപിതാക്കള്‍ ഏതുലോകത്താണ് ജീവിക്കുന്നത്?
വ്യക്തിസ്വാതന്ത്ര്യത്തിന് അമിതപ്രാധാന്യം കല്‍പ്പിക്കുന്ന രാജ്യങ്ങളാണ് ഇംഗ്ലണ്ടും അമേരിക്കയും മറ്റും. ഏറ്റവും കര്‍ക്കശമായ നിയമങ്ങളും അവിടെയുണ്ട്. എന്നിട്ടും ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുറ്റവാളികളുണ്ടാകുന്നു അവിടെ. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പതിനായിരക്കണക്കിന് പ്രസവിക്കുന്നു വര്‍ഷംതോറും. അങ്ങനെ പലതും ‘പരിഷ്ക്കാര’ത്തിന്റെ പാഠമതാണ്.
ഭാരതത്തില്‍ ഇത്രയും സുസ്ഥിരമായ ഒരു സമൂഹം നിലനിന്നത് വ്യക്തിസ്വാതന്ത്ര്യത്തിനും മേലെ സമൂഹത്തിന്റെ നിലനില്പ്പിനായിരുന്നു പ്രാധാന്യം എന്നതുകൊണ്ടാണ്. അതിനാവശ്യമായ നിയന്ത്രണങ്ങളും നിബന്ധനകളും കല്പ്പിച്ചു. ഓരോരുത്തരും അതിലുള്ള ബന്ധത്തിന് പ്രത്യേക പേരും ധര്‍മവും ഏര്‍പ്പെടുത്തി. ധര്‍മ്മത്തെ കണക്കാക്കിയുള്ള നിയമമാണ് നിര്‍മിച്ചത്. വ്യക്തിക്കുവേണ്ടിയല്ല നിയമം, സമൂഹത്തിന് വേണ്ടിയാണ്.
നിയമം വ്യക്തിക്കുവേണ്ടിയാവുമ്പോള് സമൂഹം ശിഥിലമാവുകയും രാജ്യം നശിക്കുകയും ചെയ്യും. ധര്‍മ്മം എന്ന സങ്കല്‍പ്പം വ്യക്തിക്കുവേണ്ടിയല്ല, സമൂഹത്തിന്റെ നിലനില്‍പ്പിനാണ്. ധര്‍മ്മം അപ്രസക്തമാവുകയും നിയമം മുന്നിട്ടു നില്‍ക്കുകയും ചെയ്യുമ്പോള്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കും; സ്ത്രീകള്‍ പീഡിപ്പിക്കപ്പെടും; കാരുണ്യം മറ്റും; സഹാനുഭൂതി ഇല്ലാതാക്കും; ഭരണാധികാരികള്‍ അഴിമതിക്കാരാവും; കയ്യൂക്കുള്ളവന് കൊള്ളയടിക്കും.
ധര്‍മ്മത്തെ ഉയര്ത്തിനിര്ത്തണമെങ്കില് വ്യക്തികളില്‍ സാമൂഹ്യബോധം വളര്‍ത്തണം. അതിന് സാംസ്ക്കാരികമൂല്യങ്ങളോട് ആഭിമുഖ്യമുള്ള തലമുറ ഉണ്ടാകണം. അത് സാധിക്കണമെങ്കില്‍ ഔപചാരിക വിദ്യാഭ്യാസത്തിലും ഭരണയന്ത്രത്തിലും കുടുംബബന്ധത്തിലും ധര്‍മ്മത്തെ അടിസ്ഥാനമാക്കണം. അപ്പോള്‍ ധര്‍മ്മം മുന്നിട്ടുനില്ക്കും. ബന്ധങ്ങള്‍ പവിത്രമാകും. സമൂഹം സംശുദ്ധമാകും. രാജ്യം കെട്ടുറപ്പുള്ളതായി പരിണമിക്കും.
സ്ത്രീ സംരക്ഷണത്തിന് നിയമനിര്‍മാണത്തെപ്പറ്റി ആലോചിക്കുമ്പോള്‍ത്തന്നെ നമ്മുടെ സംസ്ക്കാരത്തിലും പാരമ്പര്യത്തിലും അറിവും അഭിമാനവുമുള്ള തലമുറയെ വളര്‍ത്തുകയാണ് ശാശ്വതപരിഹാരം.
>> കാ.ഭാ.സുരേന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: