ന്യൂദല്‍ഹി: ബസില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ നടന്ന പ്രതിഷേധ1ത്തിനിടെ പോലീസുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മാസം പീഡനത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് പോലീസ് കോണ്‍സ്റ്റബിള്‍ സുബാഷ് തോമര്‍ മരിച്ചത്. എട്ടോളം യുവ പ്രക്ഷോഭകര്‍ സുബാഷ് തോമറിനെ ആക്രമിച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ജസ്റ്റിസ് ജി.പി മിത്തലാണ് ഇന്നലെ കേസിന്റെ പുരോഗതി യെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ദല്‍ഹി സര്‍ക്കാരിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തില്‍ മറുപടി നല്കുവാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കുള്ളില്‍ സമര്‍പ്പിക്കുവാനാണ് കോടതി നിര്‍ദ്ദേശം. കേസ് രജിസ്റ്റര്‍ ചെയ്തതിനെതിരെ യുവാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പിന്നീട് ആശുപത്രിയില്‍ വെച്ച് തോമര്‍ മരിച്ചതിനുശേഷം കൊലക്കുറ്റവും ഇവര്‍ക്കെതിരെ ചുമത്തുകയായിരുന്നു. ഇതില്‍ വിശദീകരണം നല്കുവാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസ് കമ്മീഷണര്‍ നടത്തിയ പ്രസ്താവനകളേയും കോടതി വിമര്‍ശിച്ചു. പ്രസ്താവനകളില്‍ വൈരുദ്ധ്യമുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. തോമര്‍ മരിച്ചത് യുവാക്കളുടെ ആക്രമണത്തെത്തുടര്ന്നല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ തോമറിനെ പ്രതിഷേധക്കാര്‍ വളഞ്ഞിട്ട് തല്ലുന്നത് കണ്ടതിന് സാക്ഷികളുണ്ടെന്ന് കമ്മീഷണര്‍ നീരജ് കുമാര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: