കാലടി: ദേവീസ്തുതികളുമായി അനുഗ്രഹപുണ്യം തേടി സോപാനസംഗീത ഗായകര്‍ തിരുവൈരാണിക്കുളം ശ്രീ പാര്‍വ്വതീ ദേവിയുടെ നടയിലെത്തി. പതിവ് തെറ്റിക്കാതെ ഇക്കുറിയും സോപാന ഗായകന് ഏലൂര്‍ ബിജുവെത്തി. നടതുറപ്പ് വേളയില്‍ എല്ലാ വര്‍ഷവും അമ്മയുടെ നടയിലെത്തി ദേവീസ്തുതികള്‍ ആലപിക്കാനാവുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും പുണ്യനിമിഷങ്ങളാണെന്ന് ഏലൂര്‍ ബിജു പറഞ്ഞു.
പ്രശസ്ത സോപാന സംഗീത ഗായകനായ അമ്പലപ്പുഴ വിജയകുമാര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി മുടങ്ങാതെ ദേവീനടയിലെത്തി ദേവീസ്തുതികള്‍ ആലപിക്കുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണഭഗവാന്റെ ഭക്തനാണെങ്കിലും തിരുവൈരാണിക്കുളത്തെ സുഹൃത്തായ കുട്ടന്മാരാരുടെ നിര്‍ബന്ധപൂര്‍വ്വമുള്ള ക്ഷണം മൂലമാണ് 2006ല്‍ ശ്രീ പാര്‍വ്വതീ ദേവിയെ തൊഴാന്‍ എത്തുന്നത്. 2008 മുതല്‍ വിവാഹ ആലോചനകള്‍ പലതും വന്നെങ്കിലും ഒന്നും ശരിയായില്ല. എന്നാല്‍ ഇവിടെ വന്ന് ദേവീസ്തുതികള്‍ ആലപിച്ചശേഷം നാലാംദിവസം പാറമേക്കാവില്‍ സോപാന സംഗീതാലാപനത്തിനായി പോയി. അവിടെ വെച്ച് ഒരു വിവാഹാലോചന വന്നു. കുറച്ചുദിവസം കഴിഞ്ഞ് പോയി കണ്ടു. ഉടനെ തന്നെ ദേവീ കടാക്ഷത്താല്‍ വിവാഹവും നടന്നു. ഇപ്പോള്‍ രണ്ട് കുട്ടികളുമുണ്ട്. അതിനുശേഷം മുടങ്ങാതെ ദര്‍ശനത്തിനെത്തുകയും ചെയ്യുന്നു.
സോപാന കലാകാരന്മാരായ കലാനിലയം മധുസൂദനന്, ഞരളത്ത് രാംദാസ്, തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാര്‍ തുടങ്ങി നിരവധി കലാകാരന്മാര് സ്ഥിരമായി ഇവിടെ ദര്‍ശനത്തിനെത്തി ദേവീസ്തുതികള്‍ ആലപിക്കുന്നുണ്ട്. ഈ വര്‍ഷം ഏഴാം തീയതി ദേവീ നടയില്‍ സ്തുതികളാലപിക്കുവാനായി എത്തുമെന്നും വിജയകുമാര്‍ പറഞ്ഞു. സിനിമാനടന് ഹരിശ്രീ അശോകന് ഇന്നലെ ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: