കൊല്‍ക്കത്ത: പാക്കിസ്ഥാനെതിരെ ഈഡനിലെ പരാജയ പരമ്പര അവസാനിപ്പിക്കാന്‍ ടീം ഇന്ത്യക്ക് കഴിഞ്ഞില്ല. ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനത്തിലും പാക്കിസ്ഥാന് ഉജ്ജ്വല വിജയം. 85 റണ്‍സിനാണ് ടീം ഇന്ത്യ പാക് പടയുടെ ഓള്‍ റൗണ്ട് മികവില്‍ തകര്‍ന്നടിഞ്ഞത്. ഇതോടെ പരമ്പരയും പാക്കിസ്ഥാന് സ്വന്തമായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെയാണ് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര നഷ്ടവും. മൂന്ന് മത്സരങ്ങളുടെ പരമ്പര പാക്കിസ്ഥാന്‍ 2-0ന് സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ദല്‍ഹിയില്‍ നടക്കും. ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 6 വിക്കറ്റിന് പാക്കിസ്ഥാനോട് കീഴടങ്ങിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നസിര്‍ ജംഷാദിന്റെ സെഞ്ച്വറിയുടെയും (106), മുഹമ്മദ് ഹഫീസിന്റെയും (76) തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ നിശ്ചിത 50 ഓവറില്‍ 250 റണ്‍സെടുത്തു. തുടര്‍ന്ന് മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യന്‍ ഇന്നിംഗ്സ് 48 ഓവറില്‍ 165 റണ്‍സിന് അവസാനിച്ചതോടെയാണ് 85 റണ്‍സിന്റെ ഉജ്ജ്വല വിജയം പാക്കിസ്ഥാന് സ്വന്തമായത്. പാക് താരങ്ങള്‍ ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ടപ്പോള്‍ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുട്ടിടിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. 54 റണ്‍സെടുത്ത് പുറത്താകാതെനിന്ന ധോണിയാണ് ഇന്ത്യന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. സെവാഗ് തട്ടിയും മുട്ടിയും 31 റണ്‍സെടുത്തു. ബാറ്റിങ്ങിന്റെ ബാലപാഠങ്ങള്‍ പോലും മറന്നതുപോലെയാണ് ഇന്ത്യന്‍ താരങ്ങള്‍ കളിച്ചത്. സെഞ്ച്വറി നേടിയ പാക്കിസ്ഥാന്റെ നസിര്‍ ജംഷാദാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി പാക്കിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ ധോണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഉജ്ജ്വലമായ തുടക്കമാണ് ഓപ്പണര്‍മാരായ നസിര്‍ ജംഷാദും മുഹമ്മദ് ഹഫീസും ചേര്‍ന്ന് പാക്കിസ്ഥാന് നല്‍കിയത്. 23.5 ഓവറില്‍ 141 റണ്‍സാണ് പാക്കിസ്ഥാന്‍ ആദ്യ വിക്കറ്റില്‍ നേടിയത്. 74 പന്തില്‍ നിന്ന് 10 ബൗണ്ടറികളോടെ 76 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിനെ ക്ലീന്‍ ബൗള്‍ഡാക്കി രവീന്ദ്ര ജഡേജയാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. 1ന് 141 എന്ന ശക്തമായ നിലയില്‍ നിന്നാണ് പാക് ടീം 250ന് ഓള്‍ ഔട്ടായത്.
സ്കോര്‍ 145-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും പാക്കിസ്ഥാന് നഷ്ടമായി. രണ്ട് റണ്‍സെടുത്ത അസര്‍ അലിയെ സെവാഗ് റണ്ണൗട്ടാക്കുകയായിരുന്നു. പിന്നീട് യൂനസ് ഖാനും നസിര്‍ ജംഷാദും ചേര്‍ന്ന് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചെങ്കിലും സ്കോര്‍ 177-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും സന്ദര്‍ശകര്‍ക്ക് നഷ്ടമായി. 10 റണ്‍സെടുത്ത യൂനസ് ഖാനെ റെയ്ന വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. സ്കോര്‍ 182-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും നഷ്ടമായി. രണ്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ച്ചയായ വിക്കറ്റ് വീഴ്ചകള്‍ക്കിടയിലും ഒരറ്റത്ത് നിലയുറപ്പിച്ച നസിര്‍ ജംഷാദും ഷൊഐബ് മാലിക്കും ചേര്‍ന്ന് സ്കോര്‍ 210-ല്‍ എത്തിച്ചു. ഇതിനിടെ ജംഷാദ് തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി പിന്നിട്ടു. 120 പന്തുകളില്‍ നിന്ന് 12 ബൗണ്ടറിയും രണ്ട് സിക്സറുമടക്കമാണ് ജംഷാദ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. എന്നാല്‍ സ്കോര്‍ 210-ല്‍ എത്തിയപ്പോള്‍ 106 റണ്‍സെടുത്ത ജംഷാദിനെയും പാക്കിസ്ഥാന് നഷ്ടമായി. രവീന്ദ്ര ജഡേജയുടെ പന്തില്‍ ക്യാപ്റ്റന്‍ ധോണി സ്റ്റാമ്പ് ചെയ്താണ് ജംഷാദ് മടങ്ങിയത്. ഇതേ സ്കോറില്‍ തന്നെ കമ്രാന്‍ അക്മലും മടങ്ങി. കമ്രാനെ (0) ജഡേജയുടെ പന്തില്‍ സെവാഗ് പിടികൂടി. സ്കോര്‍ 226-ല്‍ എത്തിയപ്പോള്‍ ഷൊഐബ് മാലിക്കിന്റെ രൂപത്തില്‍ ഏഴാം വിക്കറ്റും പാക്കിസ്ഥാന് നഷ്ടമായി.
30 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത മാലിക്കിനെ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ യുവരാജ് പിടികൂടി. സ്കോര്‍ 249-ല്‍ നില്‍ക്കേ 7 റണ്‍സെടുത്ത സയീദ് അജ്മലിനെ ഭുവനേശ്വര്‍കുമാര്‍ സെവാഗിന്റെ കൈകളിലെത്തിച്ചു. പിന്നീട് 49-ാം ഓവറിലെ ആദ്യ പന്തില്‍ 17 റണ്‍സെടുത്ത ഉമര്‍ ഗുല്ലിനെയും ഒരു പന്തിന് ശേഷം മുഹമ്മദ് ഇര്‍ഫാനെയും ഇഷാന്ത് ശര്‍മ്മ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ പാക് ഇന്നിംഗ്സ് 250-ല്‍ അവസാനിച്ചു. മധ്യനിരയുടെ പൂര്‍ണ്ണ തകര്‍ച്ചയാണ് ഒരു ഘട്ടത്തില്‍ 300 കടക്കുമെന്ന് തോന്നിച്ച പാക്കിസ്ഥാന് തിരിച്ചടിയായത്. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശര്‍മ്മയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.
251 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കുന്നതില്‍ ഇത്തവണയും ഓപ്പണര്‍മാരായ സെവാഗും ഗംഭീറും പരാജയപ്പെട്ടു. പാക് പേസ് ബൗളിംഗ് പടക്കെതിരെ തപ്പിത്തടഞ്ഞ ഇരുവരും 9.5 ഓവറില്‍ വെറും 42 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. കൃത്യമായ ലൈനും ലെംഗ്ത്തും കാത്തുസൂക്ഷിച്ച പാക് ബൗളര്‍മാരായ മുഹമ്മദ് ഇര്‍ഫാനും ജുനൈദ് ഖാനും ചേര്‍ന്ന് ഇന്ത്യന്‍ ഓപ്പണര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിച്ചു.
25 പന്തില്‍ നിന്ന് തട്ടിയും മുട്ടിയും ഒരു ബൗണ്ടറിയോടെ 11 റണ്‍സെടുത്ത ഗംഭീറിനെ ക്ലീന്‍ ബൗള്‍ഡാക്കി ആദ്യ മത്സരത്തിലെ ഹീറോ ജുനൈദ് ഖാനാണ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയത്. പിന്നീടെത്തിയ കോഹ്ലിക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഒമ്പത് പന്ത് നേരിട്ട് ആറ് റണ്‍സ് മാത്രമെടുത്ത കോഹ്ലിയെ ജുനൈദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ പിടികൂടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 55 റണ്‍സ് മാത്രമായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഇഴഞ്ഞുനീങ്ങിയ സെവാഗും മടങ്ങി. 43 പന്തുകളില്‍ നിന്ന് 31 റണ്‍സ് മാത്രമെടുത്ത സെവാഗിനെ ഉമര്‍ഗുല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. യുവരാജിനും കാര്യമായ സംഭാവന നല്‍കാനായില്ല. 9 റണ്‍സെടുത്ത യുവിയെ ഉമര്‍ ഗുലിന്റെ പന്തില്‍ കമ്രാന്‍ അക്മല്‍ പിടികൂടി. സ്കോര്‍: 4ന് 70. പിന്നീട് സുരേഷ് റെയ്നയും ക്യാപ്റ്റന്‍ ധോണിയും ചേര്‍ന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 95-ല്‍ എത്തിയപ്പോള്‍ സുരേഷ് റെയ്നയും മടങ്ങി. 42 പന്തുകള്‍ നേരിട്ട് വെറും 18 റണ്‍സ് മാത്രമെടുത്ത റെയ്നയെ മുഹമ്മദ് ഹഫീസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ സ്റ്റാമ്പ് ചെയ്താണ് പുറത്താക്കിയത്. പിന്നീട് വന്ന അശ്വിന്‍ 22 പന്തുകള്‍ നേരിട്ട ശേഷം മൂന്ന് റണ്‍സുമായി മടങ്ങി. ഷൊഐബ് മാലിക്കിന്റെ പന്തില്‍ കമ്രാന്‍ അക്മല്‍ സ്റ്റാമ്പ് ചെയ്താണ് അശ്വിനെ മടക്കിയത്. സ്കോര്‍ 7ന് 103. പിന്നീട് ജഡേജയും ധോണിയും ചേര്‍ന്ന് സ്കോര്‍ 131-ല്‍ എത്തിച്ചു.
എന്നാല്‍ 40-ാം ഓവര്‍ എറിഞ്ഞ സയീദ് അജ്മല്‍ മൂന്ന് വിക്കറ്റുകള്‍ പിഴുതതോടെ ഇന്ത്യയുടെ തകര്‍ച്ച പൂര്‍ണ്ണമായി. 40-ാം ഓവറിലെ രണ്ടാം പന്തില്‍ 13 റണ്‍സെടുത്ത ജഡേജയായിരുന്നു അജ്മലിന്റെ ആദ്യ ഇര. നാലാം പന്തില്‍ ഭുവനേശ്വര്‍ കുമാറിനെയും (0), അവസാന പന്തില്‍ ദിന്‍ഡയെയും (0) അജ്മല്‍ മടക്കി. സ്കോര്‍ 40 ഓവറില്‍ 9ന് 132. പിന്നീട് മുഴുവന്‍ ഓവറുകളും ക്രീസില്‍ പിടിച്ചുനില്‍ക്കാനായിരുന്നു ധോണിയുടെ ശ്രമം. പിന്നീട് കളിച്ച എട്ട് ഓവറില്‍ വെറും 35 റണ്‍സാണ് ഇന്ത്യ നേടിയത്. ഒച്ചിഴയുന്ന വേഗത്തില്‍ ബാറ്റ് ചെയ്ത ധോണി 89 പന്തുകളില്‍ നിന്ന് 54 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പാക് ബൗളര്‍മാരില്‍ സയീദ് അജ്മലും ജുനൈദ് ഖാനും മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: