മലപ്പുറം: മലപ്പുറത്തിന്റെ മണ്ണില്‍ കലാകേരളം വിരുന്നിനെത്തുന്ന മേളക്ക് ഇനി പത്ത് നാള്. കൗമാര കേരളം ആടിയും പാടിയും നൃത്തചുവടുകളുമായി അരങ്ങുകളില്‍ നിറയുമ്പോള്‍ ഭാഷാപിതാവിന്റെ മണ്ണ് കലാകേരളത്തിന്റെ നേര്പതിപ്പാകും. ജനുവരി 14 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ അവസാന ഒരുക്കങ്ങള്‍ പുരോഗമിച്ചുവരികയാണ്. 216 ഇനങ്ങളിലായി പന്ത്രണ്ടായിരത്തിലേറെ കലാപ്രതിഭകളാണ് കൗമാര കലോത്സവത്തില്‍ മാറ്റുരക്കാനെത്തുന്നത്. കേരള സംസ്കാരത്തിന്റെ കളിത്തൊട്ടിലായ മലപ്പുറത്ത് ഏഴുദിവസങ്ങളിലായി കലയുടെ മാമാങ്കം നടക്കുമ്പോള്‍ അത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു സംഭവമാക്കി മാറ്റാനുള്ള ശ്രമമാണ് സംഘാടകര്‍ നടത്തുന്നത്.
പൂന്താനവും മേല്‍പ്പത്തൂരും മോയീന്‍കുട്ടി വൈദ്യരും ഉള്‍പ്പെടെയുള്ളവര്‍ മഹത്തായ സാഹിതിപാരമ്പര്യം കൊണ്ട് സമ്പുഷ്ടമാക്കിയ മലപ്പുറത്ത് നിളയൊഴുകി പടര്‍ന്ന തീരങ്ങളില്‍ മലയാള സംസ്കാരവും സാഹിത്യവും പിച്ചവച്ചുവളര്ന്ന മണ്ണില്‍ കലയുടെ ഏഴ് ദിനരാത്രങ്ങളാണ് ആസ്വാദകരെ കാത്തിരിക്കുന്നത്.
കൗമാര പ്രതിഭകളുടെ കലാവൈഭവങ്ങള്‍ പ്രകടമാകുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ പുതിയ തലമുറകളിലേക്ക് പകര്‍ന്നുകൊടുത്തും സ്കൂള്‍ കലോത്സവം മലയാള സംസ്കൃതിക്ക് നെടുംതൂണാകുന്നു. അനാരോഗ്യകരമായ മത്സരങ്ങളും രക്ഷിതാക്കളുടെയും പരിശീലകരുടെയും ആവശ്യത്തില്‍ കവിഞ്ഞുള്ള ആവേശവും അപ്പീലുകളും കോടതി ഇടപെടലുകളുമെല്ലാം കലോത്സവത്തിന്റെ മാറ്റുകുറക്കാറുണ്ടെങ്കിലും കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന മേള കേരളത്തിന്റെ അഭിമാനം തന്നെയാണ്. ഐക്യകേരളത്തിനോളം തന്നെ പ്രായമുണ്ട് സ്കൂള്‍ കലോത്സവത്തിനും.
1957 ലെ ആദ്യ കലോത്സവത്തിന് വേദിയായത് എറണാകുളമായിരുന്നു. തുടര്‍ന്ന് അരനൂറ്റാണ്ടിലേറെ നീളുന്ന കലോത്സവ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ആതിഥ്യമരുളിയതും ഏറണാകുളവും തൃശ്ശൂരുമാണ്. ഏഴുതവണ വീതം. ആറുതവണ കലോത്സവത്തിന് അരങ്ങൊരുക്കിയ കോഴിക്കോടാണ് തൊട്ടുപിന്നില്‍. തിരുവനന്തപുരവും കോട്ടയവും അഞ്ചുതവണവീതം കലോത്സവത്തിന് വേദിയൊരുക്കി. ഇതുവരെയും സംസ്ഥാന കലോത്സവത്തിന് വേദിയൊരുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഏക ജില്ല വയനാടാണ്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ കിരീടം ഒരുകാലത്ത് തിരുവനന്തപുരം ജില്ലയുടെ കുത്തകയായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഒരുതവണപോലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്നും ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായതിന്റെ റെക്കോഡ് തിരുവനന്തപുരത്തിന്റെ പേരിലാണ് – പതിനേഴ് തവണ. 1980 മുതല്‍ തുടര്‍ച്ചയായി പത്തുതവണ ചാമ്പ്യന്മാരായതിന്റെ സുവര്‍ണ്ണ നേട്ടവുമുണ്ട് തിരുവനന്തപുരത്തിന് പറയാന്‍.
57 ലെ ആദ്യകലോത്സവത്തില് ചാമ്പ്യന്മാരായത് ഇന്നത്തെ കോഴിക്കോടും മലപ്പുറവും വയനാടും അടങ്ങിയ വടക്കേ മലബാര്‍ ജില്ലയായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി കലോത്സവ വേദിയില്‍ കോഴിക്കോട് ജില്ലയുടെ ആധിപത്യമാണ്. 1990 ന് ശേഷം രണ്ട് ഹാട്രിക് അടക്കം പത്ത് തവണ കോഴിക്കോട് ചാമ്പ്യന്മാരായിട്ടുണ്ട്. കലോത്സവത്തിന്റെ ചരിത്രത്തില്‍ മൂന്ന് തവണയാണ് കിരീടം പങ്കുവെക്കേണ്ടിവന്നത്. 75 ല്‍ കോട്ടയവും തൃശ്ശൂരും 84 ല്‍ തിരുവനന്തപുരവും എറണാകുളവും 2000 ല്‍ കണ്ണൂരും എറണാകുളവും കിരീടം പങ്കിട്ടു. 91, 2004, 2007 എന്നീ വര്‍ഷങ്ങളില്‍ കേവലം ഒരു പോയന്റിന്റെ വ്യത്യാസത്തില്‍ എറണാകുളം, കണ്ണൂര്‍, പാലക്കാട് ജില്ലകളെ പിന്തള്ളി കോഴിക്കോട് കിരീടം നേടി. 2007 ല്‍ ഹാട്രിക് സ്വപ്നവുമായെത്തിയ പാലക്കാടിനെ ഒരു പോയന്റിന് കീഴടക്കിയാണ് കോഴിക്കോട് ചാമ്പ്യന്മാരായത്. അപ്പീലുകള്‍ കൂടുതലായി അനുവദിച്ച് സംഘാടകര്‍ കോഴിക്കോടിനെ സഹായിക്കുകയായിരുന്നുവെന്നാരോപിച്ച് പാലക്കാട് പ്രതിഷേധ സൂചകമായി റണ്ണേഴ്സ് അപ് ട്രോഫി അന്ന് സ്വീകരിക്കാന്‍ വിസമ്മതിച്ചു.
>> ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: